ഇത്തവണയും വാഴിക്കുന്നത് ക്രിമിനലുകളെ

  Posted on: March 15, 2014 12:37 am | Last updated: March 15, 2014 at 12:37 am
  SHARE

  criminal1ന്യൂഡല്‍ഹി: ഇത്തവണയും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനാധിപത്യത്തിന്റെ സിരാകേന്ദ്രത്തിലേക്ക് വാഴിക്കാന്‍ ശ്രമിക്കുന്നത് ക്രിമിനലുകളെ. പതിനാറാമത് ലോക്‌സഭയിലേക്ക് മത്സരിക്കുന്നവരില്‍ മുപ്പത് ശതമാനം പേര്‍ക്കാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളത്. കോണ്‍ഗ്രസ്, ബി ജെ പി തുടങ്ങിയ മുഖ്യധാരാ രാഷട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളതെന്ന് ദേശീയ ഇലക്ഷന്‍ വാച്ച് കണ്ടെത്തി. സുപ്രീം കോടതിയും തിരഞ്ഞെടുപ്പ് കമ്മീഷനും പലപ്പോഴായി നിര്‍ദേശം നല്‍കിയിട്ടും ക്രിമിനലുകള്‍ക്ക് മത്സരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ടിക്കറ്റ് നല്‍കുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
  ഇതുവരെ പാര്‍ട്ടികള്‍ പ്രഖ്യാപിച്ച 301 സ്ഥാനാര്‍ഥികളുടെ ലിസ്റ്റില്‍ നിന്ന് 188 പേരുടെ ക്രിമിനല്‍ പശ്ചാത്തലമാണ് പരിശോധിച്ചത്. മാര്‍ച്ച് എട്ട് വരെയുള്ള കണക്കാണിത്. കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, തിരഞ്ഞെടുപ്പ് അട്ടിമറിക്കല്‍ തുടങ്ങിയ കേസുകളിലെ പ്രതികളാണിവര്‍. 188 പേരില്‍ 56 സ്ഥാനാര്‍ഥികള്‍ തങ്ങള്‍ ക്രിമിനലുകളാണെന്ന് തിരഞ്ഞെടുപ്പ് രേഖയില്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നുണ്ട്. 62 ബി ജെ പി സ്ഥാനാര്‍ഥികളില്‍ 23 പേര്‍ ക്രിമനലുകളാണ്. പട്ടികയിലെ 37 ശതമാനമാണ് ക്രിമിനല്‍ അംഗബലം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ 25 ശതമാനം ക്രിമിനലുകളാണ്. 126 പേരുടെ പട്ടികയില്‍ 33 പേരാണ് ക്രിമിനലുകള്‍.
  ബി ജെ പിയുടെ ബരാംപൂര്‍ സിറ്റിംഗ് എം പി ആധിര്‍ രഞ്ജന്‍ ചൗധരി, ലാഖിപൂര്‍ എം പി സോനോവാള്‍ എന്നിവര്‍ വധക്കേസ് പ്രതികളാണ്. കോണ്‍ഗ്രസിലെ മൂന്ന് സ്ഥാനാര്‍ഥികള്‍ വധശ്രമക്കേസിലെ പ്രതികളാണ്. മുര്‍ഷിദാബാദ് മണ്ഡലത്തിലെ അബ്ദുല്‍ മന്നാന്‍ ഹുസൈന്‍, പ്രതാപ്ഗഢ് മണ്ഡലത്തിലെ രത്‌ന സിംഗ്, ശരവസ്ഥി മണ്ഡലത്തിലെ വിനയ്കുമാര്‍ പാണ്ഡെ എന്നീ സിറ്റിംഗ് എം പിമാരാണിവര്‍.
  ബി ജെ പിയുടെ ബീദ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി ഗോപിനാഥ് മുണ്ടെയും കോണ്‍ഗ്രസ് എം പി മന്നാന്‍ ഹുസൈനും തട്ടിക്കൊണ്ടുപോകല്‍ കേസിലും പ്രതികളാണ്. നാല് പേരാണ് തിരഞ്ഞെടുപ്പ് അതിക്രമക്കേസുകളിലെ പ്രതികള്‍.
  ബി ജെ പിയിലെ നാനാ പട്ടേല്‍, രമേശ് വി കാട്ടി, കോണ്‍ഗ്രസിലെ ബിജേന്ദ്ര സിംഗ്, ഫുര്‍കാന്‍ അന്‍സാരി എന്നിവരാണ് തിരഞ്ഞെടുപ്പ് കേസില്‍ ഐ പി സി 171 എച്ച് വകുപ്പ് പ്രകാരം കേസുള്ളവര്‍.
  മുപ്പത് ശതമാനം പ്രതികളില്‍ പന്ത്രണ്ട് ശതമാനമാണ് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍. ഇവര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും നാമനിര്‍ദേശ പത്രികയില്‍ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കിയവരാണ്.