സൗദിയിലെ മലയാളി വ്യവസായിക്ക് ഏഴുപത് കോടി രൂപ നഷ്ടപരിഹാരം

Posted on: March 13, 2014 6:11 pm | Last updated: March 14, 2014 at 8:29 am
SHARE

rabiullah

ജിദ്ദ: സൗദിയിലെ പ്രമുഖ മലയാളി വ്യവസായിക്ക് 4.3 കോടി റിയാല്‍ നല്‍കാന്‍ സൗദി കോടതി വിധി. ജിദ്ദയിലെ പ്രശസ്ത ആശുപത്രിയുടെ നിക്ഷേപകനായ വ്യവസായി കെ ടി റബീഉള്ളയ്ക്കാണ് 4.3 കോടി റിയാല്‍ ഏകദേശം ഏഴുപത് കോടി രൂപ നല്‍കാന്‍ ഉത്തരവായിരിക്കുന്നത്. ഈ തുക അഞ്ചുദിവസത്തിനുള്ളില്‍ നിക്ഷേപകന് കൈമാറിയെന്ന് ഉറപ്പുവരുത്തണമെന്ന് നീതിനിര്‍വഹണത്തിലെ ആറാംബഞ്ച് പോലീസിന് നിര്‍ദ്ദേശം നല്‍കി. നിര്‍ദിഷ്ട സമയത്തിനുള്ളില്‍ തുക കൈമാറിയില്ലെങ്കില്‍ ആശുപത്രിക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് ജഡ്ജി സാമി സഅദ് ആലുഅതീഖ് വ്യക്തമാക്കിയിട്ടുണ്ട്.

സൗദിയിലെ വ്യവസായ പ്രമുഖനും ജീവകാരുണ്യ രംഗത്തെ സജീവസാന്നിധ്യവുമാണ് റബീഉള്ള. ജിദ്ദയില്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളോട് കൂടിയ ആശുപത്രിയുടെ നിക്ഷേപകനായിരുന്നു ഇദ്ദേഹം. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉയരുകയും കേസ് കോടതിയിലെത്തുകയുമായിരുന്നു. കോടതി വിധി പാലിച്ചില്ലെങ്കില്‍ ആശുപത്രി ഉടമയായ സൗദി പൗരന് ശക്തമായ നിയമനടപടികളായിരിക്കും നേരിടേണ്ടിവരികയെന്ന് ഇന്ത്യന്‍ നിക്ഷേപകന്റെ അഭിഭാഷകന്‍ സുലൈമാന്‍ സാലിം അല്‍ ഹുനൈനി പറയുന്നു.