Connect with us

International

ഉക്രൈന്‍: യു എസിന് റഷ്യയുടെ മുന്നറിയിപ്പ്‌

Published

|

Last Updated

മോസ്‌കോ/കീവ്: ഉക്രൈനില്‍ റഷ്യ നടത്തുന്ന സൈനിക ഇടപെടലുമായി ബന്ധപ്പെട്ട വിഷയത്തിലെ വാഗ്വാദങ്ങള്‍ കത്തുന്നതിനിടെ അമേരിക്കക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് രംഗത്ത്. ഉക്രൈന്‍ വിഷയത്തില്‍ പ്രതിഷേധിച്ച് റഷ്യക്കെതിരെ ഉപരോധമടക്കമുള്ള നിലപാടുകള്‍ സ്വീകരിച്ചാല്‍ അത് അമേരിക്കക്ക് തന്നെ കനത്ത തിരിച്ചടിയാകുമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ലാവ്‌റോവ് വ്യക്തമാക്കി. ഉക്രൈനിലെ റഷ്യന്‍ അനുഭാവികള്‍ക്ക് ഭൂരിപക്ഷമുള്ള ക്രിമിയന്‍ പ്രവിശ്യയില്‍ റഷ്യന്‍ സൈന്യം നടത്തുന്ന ഇടപെടലില്‍ പ്രതിഷേധിച്ച് ഉപരോധമടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കാനുള്ള യു എസ് തീരുമാനിച്ചതിനെ തുടര്‍ന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. ഉക്രൈന്‍ വിഷയത്തില്‍ അമേരിക്ക സ്വീകരിക്കുന്ന വീണ്ടുവിചാരമില്ലാത്ത തീരുമാനങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്നും ലാവ്‌റോവ് കൂട്ടിച്ചേര്‍ത്തു.
ക്രിമിയയിലെ ജനങ്ങള്‍ക്കും അവിടുത്തെ സര്‍ക്കാറിനും സ്വയം തീരുമാനങ്ങളെടുക്കാനുള്ള അവകാശമുണ്ടെന്നും ഇത് നിഷേധിക്കുന്നതിനെ ന്യായീകരിക്കാനാകില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. “ഉക്രൈന്‍ പ്രതിസന്ധി ആഭ്യന്തരമായ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കൃത്രിമമായി നിര്‍മിച്ചതാണ്. ക്രിമിയയിലെ റഷ്യന്‍ ഇടപെടല്‍ അനിവാര്യമാണ്. ഈ വിഷയത്തിലെ തര്‍ക്കങ്ങള്‍ സമാധാനപരമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാനും റഷ്യ തയ്യാറാണ്.” ലാവ്‌റോവ് പറഞ്ഞു.
അതേസമയം, ക്രിമിയയില്‍ റഷ്യന്‍ അനുഭാവികള്‍ നടത്തുന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ ശക്തമായതായും ക്രിമിയക്ക് സമീപത്തെ ഉക്രൈന്‍ സൈന്യത്തിന്റെ കേന്ദ്രം സായുധ സംഘം പിടിച്ചെടുത്തതായും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ക്രിമിയന്‍ വിഷയത്തില്‍ റഷ്യയുമായും പാശ്ചാത്യ രാജ്യങ്ങളുമായും ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് ഉക്രൈനിന്റെ ഇടക്കാല വിദേശകാര്യ മന്ത്രി അന്‍ട്രി ദേശ്ചിത്‌സ്യ പറഞ്ഞു. റഷ്യയുമായി ചര്‍ച്ച നടത്തണമെങ്കില്‍ തങ്ങള്‍ക്ക് വിശ്വസ്തരായ മധ്യസ്ഥര്‍ നിര്‍ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിമിയന്‍ മേഖലയിലേക്ക് റഷ്യ കൂടുതല്‍ സൈനികരെ അയക്കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് ഉക്രൈന്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.