തര്‍ക്കം വികസന പദ്ധതികളുടെ വലിപ്പത്തില്‍ മാത്രം

  Posted on: March 9, 2014 1:05 am | Last updated: March 9, 2014 at 1:09 am
  SHARE

  സംസ്ഥാനത്ത് എം പി ഫണ്ട് ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ പ്രാദേശിക വികസനം നടന്ന മണ്ഡലം, പാര്‍ലിമെന്റില്‍ ശ്രദ്ധേയമായ ഇടപെടല്‍, മണ്ഡലത്തിന്റെ മുഴുവന്‍ പ്രദേശങ്ങളിലും ഫണ്ടിന്റെ വിനിയോഗം തുടങ്ങിയ കാര്യങ്ങളാണ് ആറ്റിങ്ങല്‍ മണ്ഡലത്തെയും എ സമ്പത്ത് എം പിയെയും കൂടുതല്‍ ജനപ്രിയമാക്കുന്നത്. എന്നാല്‍, തലസ്ഥാന ജില്ലയിലെ രണ്ടാമത്തെ മണ്ഡലമായ ആറ്റിങ്ങലിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ എ സമ്പത്ത് എം പിക്ക് സാധിച്ചിട്ടുണ്ടോയെന്നാണ് വികസന നേട്ടം പരിശോധിക്കുന്നത്.
  മണ്ഡലത്തില്‍ വികസനം നടന്നിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നില്ല. എങ്കിലും പദ്ധതികളുടെ വലിപ്പത്തെ ചൊല്ലിയാണ് പ്രധാന തര്‍ക്കം. ഈ സാഹചര്യത്തില്‍ മണ്ഡലത്തിലെ പ്രാദേശിക മേഖലയിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍, ജില്ലയുടെ തന്നെ കാര്‍ഷിക വികസനത്തിന് അസ്ഥിവാരമിടുന്ന നെടുമങ്ങാട് ദേശീയപാത, വിദ്യാഭ്യാസ മേഖലയുടെ നിലവാരമുയര്‍ത്തുന്നതിനുള്ള സൗകര്യങ്ങള്‍, മണ്ഡലത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വര്‍ക്കലയുടെ വികസനം, തീരദേശ പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, റെയില്‍ യാത്രാ പ്രശ്‌നങ്ങള്‍, പരിഹരിക്കാനാകാതെ തുടരുന്ന കുടിവെള്ള പ്രശ്‌നം, കയര്‍ വ്യവസായം ഉള്‍പ്പെടെയുള്ള മണ്ഡലത്തിലെ പരമ്പരാഗത വ്യവസായങ്ങളുടെ സമുദ്ധാരണം, മണ്ഡലത്തില്‍ ദേശീയ പ്രാധാനമുള്ള വന്‍കിട പദ്ധതികള്‍ തുടങ്ങിയവ മണ്ഡലത്തിന്റെ വികസന സ്വപ്‌നങ്ങളില്‍ പ്രധാനപ്പെട്ടവയായിരുന്നു.
  എം പി വികസന ഫണ്ടിന്റെ 89 ശതമാനവും ചെലവഴിച്ച സംസ്ഥാനത്തെ ഏക മണ്ഡലമാണ് ആറ്റിങ്ങല്‍. ആകെ ലഭിച്ച 19.6 കോടിയില്‍ 17.4 കോടി രൂപയാണ് മണ്ഡലത്തില്‍ ചെലവഴിച്ചത്. ആരോഗ്യം, സാമൂഹിക ക്ഷേമം, കുടിവെള്ള പദ്ധതി എന്നീ മേഖലകളിലായി ഏറ്റെടുത്ത 362 പദ്ധതികളില്‍ 350 പദ്ധതികളും എം പിക്ക് പൂര്‍ത്തിയാക്കാനായി. റോഡ് വികസനമുള്‍പ്പെടെ ജനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതികളില്‍ ഇതിനായി ജനങ്ങളുടെ പക്കല്‍ നിന്ന് 8.5 കോടി രൂപ വിലവരുന്ന ആസ്ഥികളുടെ സഹകരണവുമുണ്ടായിരുന്നു. റോഡ്, പാലം, സ്‌കൂള്‍ കെട്ടിടങ്ങള്‍, ഗ്രന്ഥശാലകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് ഏറെയും ജനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതികള്‍. 222 സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം, കുട്ടികളുടെ മുപ്പത് പാര്‍ക്കുകള്‍, ആറ്റിങ്ങല്‍, നാവായിക്കുളം, വെള്ളല്ലൂര്‍, നെടുമങ്ങാട് എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് കുടിവെള്ള പദ്ധതി തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും.
  മലയിന്‍കീഴ് സാമൂഹികാരോഗ്യ കേന്ദ്രം, വര്‍ക്കല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പുതിയ ഒ പി ബ്ലോക്ക് കെട്ടിടം, നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു പരിചരണ കേന്ദ്രം, ആറ് അങ്കണ്‍വാടി കെട്ടിടങ്ങള്‍, പന്ത്രണ്ട് ഗ്രന്ഥശാലകള്‍, കല്ലറ, വാമനപുരം, പൂവത്തൂര്‍ എന്നിവടങ്ങളില്‍ ഉള്‍പ്രദേശങ്ങളിലെ റോഡ്, മണമ്പൂര്‍ അംബേദ്കര്‍ കോളനി കുടിവെള്ള പദ്ധതി, നഗരൂര്‍ ഇടവനകോണം പട്ടിക ജാതി കോളനിയില്‍ ഒരു കോടി ചെലവില്‍ സ്വയം സമ്പൂര്‍ണ പദ്ധതി, നെടുമങ്ങാട്, കാട്ടാക്കട, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ റെയില്‍വേ ടിക്കറ്റ് വിതരണ കേന്ദ്രം, കിളിമാനൂര്‍ വിമുക്ത ഭടന്മാരുടെ ആശുപത്രി, നാവായിക്കുളത്ത് ഇ എസ് ഐ ആശുപത്രി, മണ്ഡലത്തില്‍ വിവിധ ഇടങ്ങളിലായി 32 ബേങ്ക് ശാഖകള്‍ തുടങ്ങിയ അടിസ്ഥാന വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനായതില്‍ ചാരിതാരഥ്യമുണ്ടെന്ന് എ സമ്പത്ത് എം പി.
  ഇതിന് പുറമെ വിതുരയില്‍ ദേശീയ പ്രാധാന്യമുള്ള ഐസര്‍ ക്യാമ്പസിന് 220 കോടിയും ഇഗ്നോ ക്യാമ്പസിന് 120 കോടിയും അനുവദിപ്പിക്കാനായതും നെടുമങ്ങാട്ട് ലോക ബേങ്ക് സഹായത്തോടെ അന്താരാഷ്ട്ര വ്യാപാരകേന്ദ്രം തുടങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതും തന്റെ നേട്ടമായാണ് എം പി അവതരിപ്പിക്കുന്നത്.
  അതേസമയം നെടുമങ്ങാട് ദേശീയപാതയെന്ന ആവശ്യം സലാക്ഷാത്കരിക്കുന്നതില്‍ അധിക ദൂരം പോകാന്‍ എം പിക്കായിട്ടില്ല. വര്‍ക്കലയുടെ ടൂറിസം വികസനത്തിന് വഴിയൊരുക്കുന്ന ടി എസ് കനാലിനെ വര്‍ക്കല തുരപ്പ് നവീകരണം, മണ്ഡലത്തിലെ കയര്‍ മേഖലയുടെ അടിസ്ഥാന വികസനം, മണ്ഡലത്തില്‍ കൂടുതല്‍ ടെയിനുകല്‍ക്ക് സ്റ്റോപ്പ്, ആറ്റിങ്ങലിലെ ഗതാഗതക്കുരുക്ക് പരിഹാരം, വര്‍ക്കല ചിറക്കോട് ഹാര്‍ബര്‍ തുടങ്ങിയവയിലും മന്ത്രിയുടെ ഇടപെടല്‍ ഫലം കണ്ടില്ലെന്ന് വേണം കരുതാന്‍.
  എങ്കിലും എം പി ഫണ്ട് ചെലവഴിച്ചതിലെ മുന്‍തൂക്കവും സാമൂഹിക വിഷയങ്ങളില്‍ പാര്‍ലിമെന്റിലും പുറത്തുമുള്ള എം പിയുടെ ഇടപെടല്‍, മണ്ഡലത്തില്‍ എം പിക്കുള്ള ജനകീയ പ്രതിച്ഛായ എന്നിവ വോട്ടായി മാറുമെന്ന പ്രതീക്ഷയോടെ തന്നെയാണ് ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്.