റോഡ് വികസനത്തില്‍ അഴിമതിയെന്നാരോപണം: എയര്‍പോര്‍ട്ട് റോഡ് ടാറിംഗ് നാട്ടുകാര്‍ തടഞ്ഞു

Posted on: March 8, 2014 9:19 am | Last updated: March 8, 2014 at 9:19 am
SHARE

കൊണ്ടോട്ടി: എയര്‍പോര്‍ട്ട് റോഡില്‍ കൊളത്തൂര്‍ ജംഗ്ഷനില്‍ നടന്നു വരുന്ന റോഡ് വികസനത്തില്‍ വന്‍ അഴിമതിയെന്ന് കാണിച്ച് നാട്ടുകാര്‍ ഇന്നലെ റോഡ് ടാറിംഗ് ജോലികള്‍ തടഞ്ഞു.
മാസങ്ങളായി ഇവിടെ റോഡ് പുനരുധാരണം നടക്കുകയാണ്. ജംഗ്ഷനിലെ കയറ്റം കുറക്കുന്നതിനായി മണ്ണിട്ട് ഉയര്‍ത്തുന്ന ജോലികളാണ് നടന്നു കൊണ്ടിരുന്നത്. മണ്ണിട്ട് ഉയര്‍ത്തിയത് അശാസ്ത്രീയവും അഴിമതി നിറഞ്ഞതുമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കയറ്റം കുറക്കാന്‍ വേണ്ടി മണ്ണിട്ട് ഉയര്‍ത്തിയത് കൂടുതല്‍ കയറ്റം ഉണ്ടാക്കുകയും എതിര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളെപ്പോലും കാണാത്ത രൂപത്തിലാക്കിയെതും ജംഗ്ഷനു സമീപമുള്ള ബാര്‍ ഹോട്ടലിന് മുന്‍ വശം റോഡ് ഉയര്‍ത്താതെ സൗകര്യം ചെയ്തു കൊടുത്തതില്‍ അഴിമതിയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
ഇന്നലെ ടാറിംഗിനെത്തിയ കരാറുകാരേയും തൊഴിലാളികളേയും നാട്ടുകാര്‍ തടഞ്ഞതോടെ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി.
കൂടുതല്‍ ചര്‍ച്ചകള്‍ നടന്നതിനു ശേഷം മതി നിര്‍മാണ പ്രവര്‍ത്തനം എന്ന നാട്ടുകാരുടെ ആവശ്യത്തില്‍ ഇവര്‍ തിരിച്ചു പോവുകയായിരുന്നു.