തിരഞ്ഞെടുപ്പും പെരുമാറ്റച്ചട്ടവും

Posted on: March 7, 2014 6:00 am | Last updated: March 7, 2014 at 1:49 am
SHARE

electionസ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞടുപ്പാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികള്‍ക്കും തുല്യമായ വേദിയും എല്ലാ പാര്‍ട്ടികള്‍ക്കും അവരുടെ നയപരിപാടികളും പദ്ധതികളും അവതരിപ്പിക്കാന്‍ തുല്യമായ അവസരങ്ങളും എന്നതാണ് ഇതിന്റെ സങ്കല്‍പം. ഇവിടെയാണ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പ്രസക്തി. പെരുമാറ്റച്ചട്ടം എല്ലാ രാഷ്ട്രിയ പാര്‍ട്ടികള്‍ക്കും ഒരേ അവസരം നല്‍കുന്നു. പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷവും ഏറ്റുമുട്ടലുകളും ഒഴിവാക്കി, ക്രമസമാധാനം ഉറപ്പ് വരുത്താനും പ്രചാരണം നിയമാനുസൃതവും ആരോഗ്യപരവുമാക്കാനും സഹായിക്കുന്നു. ഭരണകക്ഷി ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്ത് അന്യായമായ ലാഭം ഉണ്ടാക്കാതിരിക്കാനുള്ള മുന്‍ കരുതലാണ് പെരുമാറ്റച്ചട്ടം.
1960ല്‍ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് പെരുമാറ്റച്ചട്ടം ആദ്യമായി നിലവില്‍ വരുന്നത്. യോഗങ്ങള്‍, പ്രകടനങ്ങള്‍, പ്രസംഗങ്ങള്‍, മുദ്രാവാക്യങ്ങള്‍, പോസ്റ്ററുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവയില്‍ പാലിക്കേണ്ട മര്യാദകള്‍ ആയിരുന്നു അന്ന് പെരുമാറ്റച്ചട്ടമായി മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷനര്‍ കെ വി കെ സുന്ദരം നിര്‍ദേശിച്ചത്. 1962ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കമ്മീഷന്‍ ഈ പെരുമാറ്റ സംഹിത എല്ലാ അംഗീകൃത രാഷ്ട്രിയ പാര്‍ട്ടികള്‍ക്കും അയച്ചുകൊടുത്തു.
1968ല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സംസ്ഥാനതലത്തില്‍ രാഷ്ട്രിയ പാര്‍ട്ടികളുടെ യോഗം വിളിച്ചുകൂട്ടി. തിരഞ്ഞെടുപ്പ് സ്വതന്ത്രമായും നിഷ്പക്ഷമായും നടക്കുന്നതിന് പാര്‍ട്ടികള്‍ പാലിക്കേണ്ട ഏറ്റവും ചുരുങ്ങിയ പെരുമാറ്റ സംഹിത അവര്‍ക്കിടയില്‍ വിതരണം ചെയ്തു. 1971 -72 ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടന്ന പൊതു തിരഞ്ഞെടുപ്പില്‍ കമ്മീഷന്‍ വീണ്ടും ഈ ചട്ടങ്ങള്‍ പ്രസിദ്ധപ്പെടുത്തി. 1974ല്‍ ചില സംസ്ഥാന നിയമസഭകളിലേയക്കു നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ആ സംസ്ഥാനങ്ങളിലെ രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് കമ്മീഷന്‍ പെരുമാറ്റച്ചട്ടം നല്‍കി. മാത്രവുമല്ല, ജില്ലാ അടിസ്ഥാനത്തില്‍ കലക്ടര്‍ അധ്യക്ഷനായി രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റികള്‍ രൂപവത്കരിക്കാനും ഇതിന്റെ ലംഘനത്തിനെതിരെ ലഭിക്കുന്ന പരാതികള്‍ പരിഹരിക്കാനും ഒപ്പം എല്ലാ സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും സമ്മതം ഇക്കാര്യത്തില്‍ ഉറപ്പ് വരുത്താനും നിര്‍ദേശം നല്‍കി. 1977ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രിയ പാര്‍ട്ടികള്‍ക്കും വീണ്ടും പെരുമാറ്റച്ചട്ടം നല്കി.
1979ല്‍ രാഷ്ട്രിയ പാര്‍ട്ടികളുമായി കൂടിയാലോചിച്ച് പെരുമാറ്റച്ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ഭരിക്കുന്ന പാര്‍ട്ടി പദവിയും അധികാരവും ഉപയോഗിച്ച് മറ്റു പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും അപേക്ഷിച്ച് അനധികൃതമായ ആനുകൂല്യങ്ങള്‍ നേടുന്നത് തടയുന്നതിനുള്ള പുതിയ ഒരു വകുപ്പ് കൂടി ഇതില്‍ കൂട്ടിച്ചേര്‍ത്തു.
1991ല്‍ പെരുമാറ്റച്ചട്ടം ഇന്നത്തെ രീതിയില്‍ പരിഷ്‌കരിച്ച് കൂടുതല്‍ ശക്തമാക്കി വീണ്ടും പുറപ്പെടുവിച്ചത് ടി എന്‍ ശേഷന്‍ ആയിരുന്നു. നിലവിലുള്ള ചട്ടം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമുള്ള പൊതു പെരുമാറ്റ മാര്‍ഗ നിര്‍ദേശങ്ങളാണ്. സ്വകാര്യ വ്യക്തികളെ ആക്രമിക്കരുത്, വര്‍ഗീയ വികാരങ്ങള്‍ ഇളക്കരുത്, യോഗങ്ങളിലും പ്രകടനങ്ങളിലും അച്ചടക്കം പാലിക്കണം, ഔദ്യോഗിക സംവിധാനത്തെയോ സൗകര്യങ്ങളെയോ പ്രചാരണത്തിനായി ഉപയോഗിക്കരുത്, മന്ത്രിമാര്‍ ആനുകൂല്യങ്ങളും മറ്റു ക്ഷേമപദ്ധതികളും പ്രഖ്യാപിക്കരുത് തുടങ്ങി ഭരിക്കുന്ന പാര്‍ട്ടിക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇതിലുള്‍പ്പെടുന്നു.
പ്രചാരണങ്ങള്‍ക്കിടയില്‍ മന്ത്രിമാരോ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരോ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ നടത്തിക്കൂടാ. പൊതുഖജനാവിലെ പണം ഉപയോഗിച്ച് പരസ്യങ്ങള്‍ നല്‍കാന്‍ പാടില്ല. സാമ്പത്തിക സഹായങ്ങള്‍, പുതിയ ക്ഷേമപദ്ധതികള്‍ തുടങ്ങിയവ പ്രഖ്യാപിക്കാന്‍ പാടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് പാസ്സാക്കുകയും എന്നാല്‍ ആരംഭിക്കാതിരിക്കുകയും ചെയ്തിട്ടുള്ള പദ്ധതികളും തുടങ്ങാന്‍ പാടില്ല. ഇത്തരം നിയന്ത്രണങ്ങളിലൂടെയാണ് അധികാരത്തിന്റെ മുനയൊടിച്ച് മത്സരിക്കുന്ന എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ നല്കുന്നത്.
പെരുമാറ്റച്ചട്ടങ്ങള്‍ക്ക് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ അംഗീകാരം ഉണ്ട്. മാതൃകാ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ച തീയതിയുമായി ബന്ധപ്പെട്ട് ഹര്‍ബന്‍സിംങ് ജലാല്‍ സര്‍ക്കാറിനെതിരെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീയതി പത്രക്കുറിപ്പ് നല്‍കി പ്രഖ്യാപിക്കുന്ന അന്ന് മുതല്‍ പെരുമാറ്റച്ചട്ടങ്ങള്‍ പ്രാബല്യത്തിലാകും എന്ന് കോടതി റൂളിംങ് നല്‍കി. പെരുമാറ്റച്ചട്ടങ്ങള്‍ സംബന്ധിച്ച എല്ലാ തര്‍ക്കങ്ങളും ഇതോടെ അവസാനിക്കുകയും ചെയ്തു. മാതൃകാ പെരുമാറ്റച്ചട്ടം തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന ദിവസം മുതല്‍ തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്ന ദിവസം വരെ പ്രാബല്യത്തിലുണ്ടാകും.
മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് നിയമങ്ങളുടെ പദവി നല്‍കണമെന്ന് ചില കേന്ദ്രങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ കമ്മീഷന്‍ അതിനോടു യോജിക്കുന്നില്ല. പെരുമാറ്റച്ചട്ടത്തിന് നിയമ പദവി നല്‍കിയാല്‍ അത് വിപരീത ഫലമേ നല്‍കുകയുള്ളു എന്നാണ് കമ്മീഷന്റെ നിലപാട്. രാജ്യത്ത് നിശ്ചിത സമയ പരിധിക്കുള്ളില്‍ നടക്കുന്ന ഒരു നടപടിയാണ് തിരഞ്ഞെടുപ്പുകള്‍. സാധാരണ ഗതിയില്‍ ഒരു സംസ്ഥാന തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കമ്മിഷന്‍ അത് പ്രഖ്യാപിച്ച് 45 ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയായിരിക്കും. പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനം സംബന്ധിച്ച കേസുകളും സമയബന്ധിതമായ ശിക്ഷാനടപടികളും ഈ സമയപരിധിക്കുള്ളില്‍ നടക്കണം. അല്ലാത്ത പക്ഷം കുറ്റവാളി അത് ആവര്‍ത്തിക്കും. മാതൃകാ പെരുമാറ്റച്ചട്ടത്തിന് നിയമ പദവി ലഭിച്ചാല്‍ അത് പിന്നെ പോലീസിന്റെയും മജിസ്‌ട്രേറ്റിന്റെയും കീഴിലാകും. നടപടിക്രമങ്ങള്‍ കോടതിയിലാകും. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായാല്‍ പോലും ഈ കേസ് തീരണമെന്നില്ല. സ്വാഭാവികമായും നടപടികള്‍ നീളും എന്നു ചുരുക്കം.
പെരുമാറ്റച്ചട്ടങ്ങള്‍ക്കെതിരെ പൊതുവെ ഉയര്‍ന്നുകേള്‍ക്കുന്ന ഒരു പരാതിയാണ് അത് വികസനപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു എന്ന്. എന്നാല്‍, പെരുമാറ്റച്ചട്ടങ്ങള്‍ പ്രാബല്യത്തിലിരിക്കുന്ന ചെറിയ കാലയളവില്‍ പോലും നടന്നുകൊണ്ടിരിക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും യാതൊരു തടസ്സവും കൂടാതെ തുടര്‍ന്നുപോകാം. പുതിയ പദ്ധതികള്‍ തുടങ്ങാന്‍ അനുവാദമില്ല എന്നു മാത്രം. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ അവ തുടങ്ങാകുന്നതാണ്. എന്നാല്‍ അതുവരെ കാത്തു നില്‍ക്കാന്‍ സാധിക്കാത്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും മറ്റും കമ്മീഷന്റെ അനുവാദത്തോടെ തുടങ്ങാം. അലഹബാദ് ഹൈക്കോടതിയുടെ ഇതുമായി ബന്ധപ്പെട്ട ഒരു വിധിയുണ്ട്.
തിരഞ്ഞെടുപ്പിനു ശേഷം ജനപ്രതിനിധികള്‍ക്ക് അടുത്ത അഞ്ച് വര്‍ഷക്കാലം ജനങ്ങളോടുള്ള അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നു എന്ന കാര്യം ചൂണ്ടിക്കാണിക്കുന്നത് ഉചിതമെന്നു തോന്നുന്നു. തിരഞ്ഞെടുപ്പുകള്‍ കൃത്യമായ കാലയളവില്‍ സംഭവിച്ചിരിക്കും. അല്ലെങ്കില്‍ നിയമസഭയോ ലോക്‌സഭയോ കാലാവധി തീരും മുമ്പേ പിരിച്ചുവിട്ടിരിക്കണം. ജനപ്രതിനിധികള്‍ ആ പദവിയില്‍ ആയിരിക്കുമ്പോള്‍ രാജ്യത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ ആത്മാര്‍ഥമായും സത്യസന്ധമായും നിര്‍വഹിക്കണം. അല്ലാതെ അഞ്ച് വര്‍ഷക്കാലം ജനപ്രതിനിധി ആയിരുന്നിട്ടും യാതൊരു ഉത്തരവാദിത്വവും നിര്‍വഹിക്കാതെ അടുത്ത തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ വീണ്ടും വാഗ്ദാനങ്ങളുമായി ജനങ്ങളെ സമീപിക്കുന്നത് അധാര്‍മികമാണ്, തെറ്റാണ്.