ചര്‍ച്ചുകളില്‍ ‘അല്ലാഹു’ പ്രയോഗം; മലേഷ്യയില്‍ വ്യാപക പ്രതിഷേധം

Posted on: March 7, 2014 12:38 am | Last updated: March 7, 2014 at 12:38 am
SHARE

കൊലാലംപൂര്‍: മലേഷ്യയില്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ അല്ലാഹു എന്ന പദം ഉപയോഗിക്കുന്നതില്‍ പ്രതിഷേധിച്ച് പരമോന്നത കോടതിക്ക് മുന്നില്‍ മുസ്‌ലിംകളുടെ പ്രതിഷേധം. നിരവധി വിഭാഗങ്ങളുള്ള രാജ്യത്ത് ഇത്തരമൊരു അനുവാദം കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ഏഴംഗ ജഡ്ജിമാര്‍ അടങ്ങിയ ബഞ്ച് വിധിപറയാനിരിക്കെയാണ് പ്രതിഷേധം ശക്തമായത്.
മുസ്‌ലിംകള്‍ അല്ലാത്തവര്‍ ‘അല്ലാഹു’ എന്ന അറബി നാമം മലായ് ഭാഷയില്‍ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ക്രിസ്ത്യാനികള്‍ നല്‍കിയ പരാതിയിലാണ് കോടതി വിധി പറയാനിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് 500 ല്‍ അധികം പേരാണ് പരമോന്നത കോടതിക്ക് മുമ്പില്‍ അണിനിരന്നത്. അല്ലാഹു എന്ന നാമം ഉപയോഗിക്കാന്‍ മുസ്‌ലികള്‍ക്ക് മാത്രമാണ് അവകാശമെന്നും കുട്ടികള്‍ തെറ്റിദ്ധരിക്കപ്പെടുമെന്നും മുസ്‌ലിം സംഘടനാ വക്താവ് റോസ്‌ലി ആനി പറഞ്ഞു. ദൈവം എന്ന അര്‍ഥത്തില്‍ മലായ് ഭാഷയില്‍ അല്ലാഹു ഉപയോഗിക്കുന്നതിന് പ്രശ്‌നമില്ലെന്നാണ് ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ അവകാശ വാദം.