ഉക്രൈന്‍: സഹായവുമായി യു എസ്; സൈനിക നടപടി പുടിന്‍ നിഷേധിച്ചു

Posted on: March 4, 2014 11:51 pm | Last updated: March 4, 2014 at 11:51 pm
SHARE

OBAMA..putinകീവ്: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഉക്രൈനില്‍ യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സന്ദര്‍ശനത്തിനെത്തി. ഉക്രൈന്‍ സര്‍ക്കാറിന് പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുകയാണ് കെറിയുടെ സന്ദര്‍ശന ലക്ഷ്യം. ഉക്രൈനില്‍ റഷ്യ സൈനിക ഇടപെടല്‍ നടത്തുകയാണെന്നാണ് യു എസ് ആരോപിക്കുന്നത്.
ഉക്രൈനിന് ഒരു കോടി ഡോളറിന്റെ ഊര്‍ജ സബ്‌സിഡി യു എസ് പ്രസിഡന്റ് ഒബാമ പ്രഖ്യാപിച്ചു. ഇക്കാര്യം ഉക്രൈന്‍ സര്‍ക്കാറിനെ കെറി ഔദ്യോഗികമായി അറിയിക്കും. റഷ്യക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് യു എസ് ഉക്രൈനിന് സഹായ പാക്കേജ് അനുവദിച്ചതെന്നത് ശ്രദ്ധേയമാണ്.
മുന്‍ സോവിയേറ്റ് റിപ്പബ്ലിക് രാജ്യമായ ഉക്രൈനിനെ റഷ്യ വീണ്ടും വരുതിയില്‍ നിര്‍ത്താനുള്ള ശ്രമത്തിലാണെന്ന് യു എസ് ആരോപിക്കുന്നുണ്ട്. ഉക്രൈനില്‍ ക്രിമിയ ഉള്‍പ്പെടെയുള്ള നിരവധി പ്രദേശങ്ങള്‍ റഷ്യന്‍ അനുകൂല പ്രദേശങ്ങളാണ്. ഇവിടെ ഇപ്പോള്‍ റഷ്യന്‍ സേനയുടെ സാന്നിധ്യമുണ്ടെന്നാണ് ആരോപണം.
12 ലേറെ വിവിധ ആശ്വാസ പദ്ധതികള്‍ ഉക്രൈനിന് വേണ്ടി യു എസ് പ്രഖ്യാപിക്കും. കഴിഞ്ഞ 20 ന് ഉക്രൈനില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് യു എസ് ഉക്രൈന്‍ പാക്കേജ് തയ്യാറാക്കിയത്.
മോസ്‌കോ: ആഭ്യന്തര കലാപം രൂക്ഷമായ ഉക്രൈനില്‍ റഷ്യന്‍ സൈനിക ഇടപെടല്‍ നടക്കുന്നുവെന്ന ആരോപണം റഷ്യ നിഷേധിച്ചു. ഉക്രൈനിലേക്ക് ഇപ്പോള്‍ റഷ്യന്‍ സേനയെ അയക്കേണ്ട സാഹചര്യം ഇല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ പറഞ്ഞു. ഉക്രൈനിലെ ജനങ്ങള്‍ക്കെതിരെ യുദ്ധത്തിന് റഷ്യ മുതിരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉക്രൈനിലെ തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാന്‍ റഷ്യ പ്രതിജ്ഞാബദ്ധമാണെന്നും അതിന് എല്ലാ അര്‍ഥത്തിലുമുള്ള ഇടപെടല്‍ റഷ്യ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യത്വപരമായ ദൗത്യമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോസ്‌കോയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉക്രൈന്‍ നഗരമായ ക്രിമിയയില്‍ ആയിരത്തിലേറെ റഷ്യന്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഉക്രൈനിലെ ഇടക്കാല സര്‍ക്കാര്‍ ആരോപിച്ചിരുന്നു. സൈനിക നടപടി അവസാനത്തെ ആയുധമാണെന്നും ഇപ്പോള്‍ അതിന് റഷ്യ മുതിര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ റഷ്യ ലംഘിക്കില്ല. ഉക്രൈനില്‍ സൈനിക നടപടി വേണ്ടിവന്നാല്‍ അത് അന്താരാഷ്ട്ര നിയമത്തിന്റെ ചുവടുപിടിച്ചായിരിക്കും. ഉക്രൈനിന്റെ പരമാധികാരത്തെ റഷ്യ മാനിക്കുന്നുവെന്നും പുടിന്‍ പറഞ്ഞു.
റഷ്യയെ അനുകൂലിക്കുന്ന പ്രതിരോധ സംഘമാണ് സായുധ ആക്രമണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയുമായി വ്യാപാര കരാര്‍ ഉണ്ടാക്കിയ ഉക്രൈന്‍ മുന്‍ പ്രസിഡന്റ് യാനുകോവിച്ചിനെ ഇടക്കാല സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. റഷ്യക്ക് അനുകൂലമായി കരാര്‍ ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ഉക്രൈനില്‍ വ്യാപക പ്രതിഷേധവും രക്തച്ചൊരിച്ചിലുമുണ്ടായത്.
യാനുകോവിച്ചിനെ അട്ടിമറിയിലൂടെയാണ് പുറത്താക്കിയതെന്ന് പുടിന്‍ ആരോപിച്ചു. ഭരണഘടനാവിരുദ്ധമായാണ് അവര്‍ അധികാരം പിടിച്ചെടുത്തത്. കീവിലും മറ്റ് നഗരങ്ങളിലും തീവ്രവാദികളും മറ്റും റോന്തുചുറ്റുന്നുണ്ടെന്നും ഇവരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും റഷ്യ ആരോപിച്ചു.
ക്രിമിയയില്‍ റഷ്യയെ അനുകൂലിക്കുന്ന ഒരു സംഘം ആളുകള്‍ ആയുധങ്ങളേന്തി പ്രതിഷേധിക്കുകയാണ് ചെയ്യുന്നത്. അവര്‍ റഷ്യന്‍ സൈനികരല്ല. ഉക്രൈന്‍ സൈനിക ക്യാമ്പിന് സമീപമാണ് ഇവരുള്ളത്. പ്രതിപക്ഷം മുന്നോട്ട് വെച്ച എല്ലാ ആവശ്യങ്ങളും യാനുകോവിച്ച് അംഗീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റിനെ നീക്കാനുള്ള മൂന്ന് ഉപാധികളും ഉക്രൈന്‍ ഇടക്കാല സര്‍ക്കാര്‍ ലംഘിച്ചുവെന്നും പുടിന്‍ ആരോപിച്ചു. പ്രസിഡന്റ് മരിക്കുക, രാജിവെക്കുക, ഇംപീച്ച് ചെയ്യുക എന്നിവയാണ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് ഭരണഘടന അംഗീകരിക്കുന്നത്. എന്നാല്‍ ഉക്രൈനില്‍ ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നും അട്ടിമറിയാണ് നടന്നതെന്ന് താന്‍ പറയുന്നതിന്റെ അര്‍ഥമിതാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യത്വപരമായ കാരണങ്ങളാല്‍ യാനുകോവിച്ചിനെ സഹായിക്കുമെന്നും അദ്ദേഹത്തിന്റെ ജീവന്‍ ഭീഷണിയിലാണെന്നും പുടിന്‍ പറഞ്ഞു.