വാട്‌സ് ആപ് വോയ്‌സ് കാള്‍; അതോറിറ്റിയുടെ അനുമതി വൈകും

Posted on: March 4, 2014 12:01 am | Last updated: March 4, 2014 at 12:01 am

OLYMPUS DIGITAL CAMERAമസ്‌കത്ത്: വാട്‌സ് ആപ് പ്രഖ്യാപിച്ച സൗജന്യ വേയ്‌സ് കാള്‍ സേവനങ്ങള്‍ ഒമാനില്‍ ലഭ്യമാകുന്നത് വൈകും. ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി (ടി ആര്‍ എ) വേയ്‌സ് കാള്‍ സേവനം സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ പരിശോധന നടത്തി വരികയാണ്. ഫേസ് ബുക് 19 ബില്യന്‍ ഡോളറിന് വാട്‌സ് ആപ് വാങ്ങിയ ഉടനെയാണ് സൗജന്യ വോയ്‌സ് കാള്‍ സേവനം പ്രഖ്യാപിച്ചത്. സേവനം രാജ്യത്ത് നടപ്പിലാക്കുന്നതിന് മുന്നോടിയായി സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് ടി ആര്‍ എ അധികൃതര്‍ വ്യക്തമാക്കി.
ആന്‍ഡ്രോയിഡ് ഫോണുകളിലും ഐ ഫോണിലുമാണ് വോയ്‌സ് കാള്‍ സേവനങ്ങള്‍ വാട്ട്‌സ് അപ്പ് ലഭ്യമക്കുമെന്ന് അറിയിച്ചിരിക്കുന്നത്. രാജ്യത്ത് അംഗീകൃത ടെലികോം കമ്പനികള്‍ ഉപഭോക്താക്കള്‍ക്കായി നിരവധി സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ടെലി കമ്യൂണിക്കേഷന്‍ മേഖലയില്‍ രാജ്യത്തെ നിയമങ്ങള്‍ പൂര്‍ണമായി അംഗീകരിച്ചാല്‍ മാത്രമാണ് വാട്‌സ് ആപ് വോയ്‌സ് കാള്‍ സേവനങ്ങള്‍ ലഭ്യമാക്കുക. ഈ വര്‍ഷം പകുതിയോടെ ആന്‍ഡ്രോയിഡ് ഫോണുകളിലും ഐ ഫോണിലും വോയ്‌സ് കാള്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് കഴിഞ്ഞ ആഴ്ചയിലാണ് ഫേസ് ബുക് ചീഫ് എക്‌സിക്യൂട്ടീവ് ജാന്‍ കൗം പ്രഖ്യാപിച്ചത്. ബ്ലാക് ബെറി, വിന്‍ഡോസ് ഫോണുകളില്‍ ഈ വര്‍ഷം അവസാനത്തോടെയും സേവനം ലഭിക്കും. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള വാട്‌സ് ആപ് ഉപഭോക്താക്കള്‍ക്ക് സേവനം ഉപയോഗപ്പെടുത്താനാകുമെന്ന് ജാന്‍ കൗം പറഞ്ഞു.