കടക്കെണി: ബോധവത്കരണത്തിന് സംവിധാനം വേണമെന്ന്

Posted on: March 3, 2014 6:55 pm | Last updated: March 3, 2014 at 6:55 pm
SHARE

debtദുബൈ: കരകയറാനാകാത്ത വിധത്തില്‍ കടക്കെണിയില്‍ കുടുങ്ങുന്നവരുടെ എണ്ണം രാജ്യത്ത് കൂടിവരുന്നതിനാല്‍ കടം ആവശ്യപ്പെട്ടെത്തുന്നവര്‍ക്ക് ബോധവത്കരണത്തിന് സംവിധാനം വേണമെന്ന് വിദഗ്ധര്‍.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഓരോ ബേങ്കിലും കടം ചോദിച്ചു വരുന്നവരെ ബോധവല്‍കരിക്കാന്‍ സ്‌പെഷ്യല്‍ കണ്‍സല്‍ട്ടന്റുമാരെ നിയമിക്കാന്‍ സെന്‍ട്രല്‍ ബേങ്ക് ഇടപെടണം. വ്യാവസായിക ആവശ്യങ്ങള്‍ക്കല്ലാത്ത ഏത് അപേക്ഷകള്‍ക്കും ബോധവല്‍കരണം ഉറപ്പാക്കണം.
മാനദണ്ഡങ്ങളൊന്നും നോക്കാതെ രണ്ടു ലക്ഷം ദിര്‍ഹം വരെ കടം നല്‍കുന്ന സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. ശമ്പളം ബേങ്കിലേക്ക് ട്രാന്‍സഫര്‍ ചെയ്യണമെന്ന നിബന്ധനപോലും ഇത്തരം സ്ഥാപനങ്ങള്‍ മുമ്പോട്ടു വെക്കാറില്ല. ഇത്തരം വാഗ്ദാനങ്ങളുമായി ചില ബേങ്കുകളുടെ പ്രതിനിധികള്‍ പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും കയറിയിറങ്ങി ആവശ്യക്കാരെ വില വീശുകയാണ്. ഇ മെയില്‍ വഴിയും മൊബൈല്‍ നമ്പറുകള്‍ സംഘടിപ്പിച്ച് അത് വഴിയും ഉപഭോക്താക്കളെ കണ്ടെത്തുന്നുണ്ട്. കട വാഗ്ദാനങ്ങള്‍ക്കു പുറമെ ക്രഡിറ്റ് കാര്‍ഡ് നല്‍കാനും പല ബേങ്കുകളും മത്‌സരിക്കുകയാണ്.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി കടം എടുക്കുന്നവരും ക്രഡിറ്റ് കാര്‍ഡുകള്‍ യഥേഷ്ടം വാങ്ങിക്കൂട്ടുന്നവരുടെയും എണ്ണം കൂടിവരികയാണ്. പലര്‍ക്കും കൃത്യസമയത്ത് തിരിച്ചടക്കാന്‍ കഴിയാതെ പലിശക്കു മീതെ പലിശ കൂടി രക്ഷപ്പെടാനാവാതെ കുഴങ്ങുകയാണ്. ഇക്കാരണം കൊണ്ടു മാത്രം രാജ്യം വിട്ട് സ്വദേശത്തേക്ക് മടങ്ങുന്നവരും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ശമ്പളം ട്രാന്‍സ്ഫര്‍ ചെയ്യപ്പെടാത്ത ബേങ്കുകള്‍ വ്യക്തിപരമായ കടം അനുവദിക്കുന്നതിനെതിരെ സെന്‍ട്രല്‍ ബേങ്ക് ഇടപെടണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കടം നല്‍കുന്നതുമായി ബന്ധപ്പെട്ട് ബേങ്കുകള്‍ നടത്തുന്ന മാര്‍ക്കറ്റിംഗ് കാമ്പയിനുകളും പരസ്യ രീതികളിലും ഇടപെടല്‍ ആവശ്യമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
സ്വദേശികളിലും വിദേശികളിലും കടം വാങ്ങല്‍ പ്രവണത കൂടിവരികയാണ്. ഇതില്‍ പലരും ആഡംബരങ്ങള്‍ക്കു വേണ്ടിയാണ് കടക്കാരാകുന്നത്. ബേങ്കുകളില്‍ കടബാധ്യതകളില്‍ അകപ്പെട്ട ഷാര്‍ജയിലെ സ്വദേശികളെ രക്ഷപ്പെടുത്താന്‍ ഭരണാധികാരിയായ ഡോ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അടുത്തകാലത്ത് രംഗത്തു വന്നിരുന്നു. ധാരാളം സ്വദേശികള്‍ക്ക് കടത്തില്‍ നിന്ന് കരകയറാന്‍ ഇത് സഹായകമായിട്ടുണ്ട്.