എടരിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഒരു കോടി അനുവദിക്കും

Posted on: February 28, 2014 9:11 am | Last updated: February 28, 2014 at 9:11 am

മലപ്പുറം: എടരിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണത്തിന് എം എല്‍ എ ഫണ്ടില്‍ നിന്നും ഒരു കോടി അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് പറഞ്ഞു.
എടരിക്കോട് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വരള്‍ച്ചാ പ്രതിരോധ നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 247 അപേക്ഷകളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ചത്. മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുളള ധനസഹായത്തിനും എ പി എല്‍ റേഷന്‍ കാര്‍ഡുകള്‍ ബി പിഎല്‍ വിഭാഗത്തിലേക്ക് മാറ്റുന്നതിനുമാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്.
സ്വയം തൊഴില്‍ സഹായം, ബേങ്ക് വായ്പ എഴുതിത്തള്ളല്‍, സ്‌കൂളുകളുടെ പദവി ഉയര്‍ത്തല്‍, പട്ടയം, ഭവന നിര്‍മാണ സഹായം, റോഡ് നവീകരണം, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള മുച്ചക്ര വാഹനത്തിന് ധനസഹായം, റോഡ്, തോട് എന്നിവയുടെ നവീകരണം വീടുകളുടെ അറ്റകുറ്റപണി, എന്നീ ആവശ്യങ്ങളടങ്ങിയ അപേക്ഷകളും തിരൂരങ്ങാടിയിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ മന്ത്രിക്ക് മുന്നിലെത്തി. അപേക്ഷകളില്‍ സമയ ബന്ധിതമായി തീരുമാനമെടുത്ത് അറിയിക്കാന്‍ ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദേശിച്ചു.