Connect with us

Kozhikode

എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കും: മുഖ്യമന്ത്രി

Published

|

Last Updated

കോഴിക്കോട്: ഒരു ജില്ലയില്‍ ഒരു ഗവ. മെഡിക്കല്‍ കോളജ് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അടുത്ത വര്‍ഷം കൊല്ലത്ത് മെഡിക്കല്‍ കോളജ് സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലേറ്ററിന്റെയും 16 സ്ലൈസ് സി ടി സ്‌കാനറിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.2011ല്‍ സംസ്ഥാനത്ത് അഞ്ച് ഗവ. മെഡിക്കല്‍ കോളജുകളാണുണ്ടായിരുന്നത്. പിന്നീട് എട്ട് കോളജുകള്‍ തുടങ്ങാന്‍ നടപടിയായി. മഞ്ചേരിയില്‍ കോളജിന്റെ പ്രവൃത്തി തുടങ്ങി. വിവിധ ജില്ലകളിലായി ഏഴ് മെഡിക്കല്‍ കോളജുകള്‍ തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എറണാകുളം സഹകരണ മെഡിക്കല്‍ കോളജും പരിയാരം മെഡിക്കല്‍ കോളജും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഫലത്തില്‍ രണ്ടര കൊല്ലം കൊണ്ട് പത്ത് ഗവ. മെഡിക്കല്‍ കോളജുകള്‍ യാഥാര്‍ഥ്യമാകുന്ന സാഹചര്യമാണുള്ളത്.
കോഴിക്കോട്ടും എറണാകുളത്തും രണ്ട് റീജ്യനല്‍ ക്യാന്‍സര്‍ സെന്ററുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മലബാറിലെ ക്യാന്‍സര്‍ രോഗികളുടെ ആശ്രയ കേന്ദ്ര മായ തലശ്ശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രവര്‍ത്തന രഹിതമായ ഉപകരണങ്ങള്‍ നവീകരണം നടത്തി കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ കോളജിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച 120 കോടിയുടെ കേന്ദ്ര ഫണ്ടും സംസ്ഥാന സര്‍ക്കാറിന്റെ 30 കോടിയും ഉള്‍പ്പെടുത്തിയുള്ള 150 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഉടന്‍ പ്രാവര്‍ത്തികമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു.
എന്‍ഡോ സോണോ ഗ്രാഫി മെഷീനിന്റെയും പുതിയ ഗസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം മന്ത്രി ഡോ. എം കെ മുനീര്‍ നിര്‍വഹിച്ചു.

 

Latest