മയക്കുമരുന്ന് ഉപയോഗം: രാജ്യത്ത് 2013ല്‍ മരിച്ചത് 30 പേര്‍

Posted on: February 27, 2014 5:00 pm | Last updated: February 27, 2014 at 5:46 pm

ഷാര്‍ജ: മയക്കുമുരുന്നിന്റെ അമിതോപയോഗം മൂലം രാജ്യത്ത് കഴിഞ്ഞ വര്‍ഷം 30 പേര്‍ മരിച്ചതായി ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതര്‍ വ്യക്തമാക്കി. ഇവരില്‍ ആറു പേര്‍ വര്‍ഷാവസാനത്തോടെയാണ് മരിച്ചത്. ഇതില്‍ രണ്ടു മരണം ഷാര്‍ജയിലായിരുന്നു. മരണ നിരക്കില്‍ സംഭവിച്ചിരിക്കുന്ന വര്‍ധനവ് യുവാക്കളെ മയക്കുമരുന്നു കച്ചവടക്കാര്‍ ലക്ഷ്യമിടുന്നുവെന്നാണ് തെളിയിക്കുന്നത്. മരിച്ചവരില്‍ കൂടുതലും യു എ ഇ പൗരന്മാരും 30 വയസിന് മുകളില്‍ പ്രായമുള്ളവരുമാണെന്ന് ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷനിലെ മയക്കുമരുന്നു വിരുദ്ധ വിഭാഗം പ്രോസിക്യൂഷന്‍ തലവന്‍ ഗാനിം അലി അല്‍ മന്‍സൂര്‍ വ്യക്തമാക്കി.

നിലവില്‍ രണ്ടു മരണങ്ങളുടെ അന്വേഷണം പ്രോസിക്യൂഷന്റെ നേതൃത്വത്തില്‍ നടന്നു വരികയാണ്. അല്‍ ഖുസമയില്‍ താമസിക്കുന്ന 44ഉം 45ഉം വയസുള്ള സ്വദേശികളാണിവര്‍. മയക്കുമരുന്നിന്റെ അമിതോപയോഗത്താല്‍ മരിച്ചവരില്‍ അധികവും ഹാഷിഷ്, ആംഫിറ്റാമിന്‍, കെപ്റ്റഗോണ്‍ തുടങ്ങിയ അമിതമായി ഉപയോഗിച്ചവരാണ്. അത്യന്തം ഗൗരവമായ ഈ പ്രശ്‌നത്തെ നേരിടാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷമായി ഇത്തരം കേസുകളില്‍ ഷാര്‍ജയില്‍ വര്‍ധനവ് അനുഭവപ്പെടുന്നുണ്ട്.
യു എ ഇയില്‍ ഷാര്‍ജ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ള മയക്കുമരുന്നു ഉപഭോക്താക്കളുടെ പ്രിയപ്പെട്ട വസ്തു ട്രമഡോള്‍ ആണ്. ഈയിടെ 60,000 ട്രമഡോള്‍ ഗുളികകള്‍ പിടികൂടിയതും അദ്ദേഹം ഓര്‍മിപ്പിച്ചു.
മയക്കുമരുന്നു കടത്തുകാര്‍ അവ യുവാക്കള്‍ക്കിടയില്‍ വിതരണം ചെയ്യാനാണ് ശ്രമിക്കുന്നത്. ഒന്നോ രണ്ടോ തവണ ഉപയോഗിക്കുമ്പോഴേക്കും മയക്കുമരുന്നിന് അടിപ്പെടുന്ന സാഹചര്യമാണുള്ളത്. വേദനസംഹാരിയായി ഉപയോഗിക്കുന്ന മരുന്നാണെങ്കിലും യുവാക്കള്‍ കൂടിയ അളവില്‍ ലഹരിക്കായി ഉപയോഗിക്കുകയാണ്. ഇതിനാലാണ് ഈ ഗുളികകള്‍ രാജ്യത്ത് നിരോധിച്ചത്. 100 മില്ലി ഗ്രാം വേദനക്കായി ഉപയോഗിക്കേണ്ടതിന് പകരം 400 മില്ലിയോ അതില്‍ കൂടുതലോ ലഹരിക്കായി ഉപയോഗിക്കുന്നതാണ് മരണം ഉറപ്പാക്കുന്നത്. അറബ് ലോകത്ത് ട്രമഡോള്‍ നിരോധിച്ച പ്രഥമ രാജ്യം യു എ ഇ ആണെന്നും ഗാനിം അലി അല്‍ മന്‍സൂര്‍ പറഞ്ഞു.