Kerala
എന്‍എസ്എസ് സുധീരനും അനുയായികള്‍ക്കും എതിര്: സുകുമാരന്‍ നായര്‍

കോട്ടയം: വിഎം സുധീരന്‍ മന്നം സമാധിയില്‍ കാണിച്ചത് അക്രമമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. മന്നം സമാധിയില്‍ സുധീരന്‍ ക്യൂ തെറ്റിച്ച് അതിക്രമിച്ച് കയറിയെന്നും ചീപ്പ് പോപ്പുലാരിറ്റിയ്ക്ക് വേണ്ടിയാണ് മന്നം സമാധി സന്ദര്‍ശിച്ചതെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങളെ പുഛിച്ചു തള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനേക്കാള്‍ വലിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇവിട വന്നിട്ടുണ്ടെന്നും സുധീരന്‍ എന്റയടുത്ത് വന്നാല്‍ സ്വീകരിക്കുമായിരുന്നുവെന്നും എന്‍എസ്എസ് സെക്രട്ടറി പറഞ്ഞു.
മന്നം എന്‍എസ്എസ്സിന്റെ മാത്രം പൊതു സ്വത്താണ്. കോട്ടയത്ത് ഗാന്ധി പ്രതിമ പോലെയല്ല മന്നം സമാധി സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് കോണ്‍ഗ്രസിനല്ല, സുധീരനും അനുയായികള്‍ക്കുമെതിരാണ്. ആദര്‍ശം പറഞ്ഞാല്‍ വോട്ട് കിട്ടില്ലെന്ന് വിഡി സതീശന് സുകുമാരന്‍ നായര്‍ മറുപടി നല്‍കി.
മന്നം സമാധി സന്ദര്‍ശിച്ച വിഎം സുധീരന്‍ സുകുമാരന്‍ നായരെ സന്ദര്‍ശിക്കാതെ തിരിച്ചു പോന്നതോടെയാണ് വിവാദം ആരംഭിച്ചത്. സുധീരന്‍ തന്നെ അപമാമിച്ചെന്നാരോപിച്ച് സുകുമാരന്‍ നായര്‍ രംഗത്തെത്തി. എന്നാല്‍ സാമുദായിക നേതാക്കള്‍ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടരുതെന്ന് സുധീരനും മറുപടി നല്‍കി. സുധീരനെ പിന്തുണച്ച് വിഡി സതീശന്‍, ടിഎന്‍ പ്രപതാപന്‍, വിടി ബല്‍റാം എന്നിവരും പിന്നീട് രംഗത്തെത്തിയിരുന്നു.