മുങ്ങിക്കപ്പല്‍ അപകടം: വൈസ് അഡ്മിറലും രാജിക്കൊരുങ്ങുന്നു

Posted on: February 27, 2014 11:37 am | Last updated: February 28, 2014 at 8:59 am

Vice-Admiralമുംബൈ: ഐ എന്‍ എസ് സിന്ധുരത്‌ന മുങ്ങിക്കപ്പലിലുണ്ടായ അപകടത്തെ തുടര്‍ന്ന് സേനാമേധാവിക്ക് പിന്നാലെ വൈസ് അഡ്മിറലും രാജിക്കൊരുങ്ങുന്നു. ഫഌഗ് ഓഫീസര്‍ വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹയാണ് രാജിക്കൊരുങ്ങുന്നത്. അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ഇദ്ദേഹം രാജിക്കൊരുങ്ങുന്നുവെന്നാണ് സൂചനകള്‍. നാവിക സേനയുടെ പശ്ചിമ മേഖലയിലെ വൈസ് അഡ്മിറലാണ് ഇദ്ദേഹം.

ഡല്‍ഹിയിലെത്തിയ ശേഷം പ്രതിരോധ മന്ത്രി എകെ ആന്റണിക്ക് ഇദ്ദേഹം രാജിക്കത്ത് കൈമാറും. മുങ്ങിക്കപ്പല്‍ അപകടത്തെ തുടര്‍ന്ന് നാവികസേനാ മേധാവി ഡികെ ജോഷിയും കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. സ്ഥാനമൊഴിയാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന്റെ രാജി. സ്ഥാനമൊഴിയുന്ന ആദ്യ നാവികസേനാ മേധാവിയാണ് ഡികെ ജോഷി. തുടര്‍ന്ന് ഉപമേധാവി വൈസ് അഡ്മിറല്‍ ആര്‍ കെ ധവാന് പ്രതിരോധമന്ത്രാലയം താത്കാലിക ചുമതല നല്‍കിയിരുന്നു.

ബുധനാഴ്ച രാവിലെയാണ് മുംബൈയില്‍ ഐ എന്‍ എസ് സിന്ധുരത്‌ന മുങ്ങിക്കപ്പലില്‍ അപകടം സംഭവിച്ചത്. അപകടത്തില്‍ പെട്ട് മുങ്ങിക്കപ്പല്‍ ഇന്നുരാവിലെ തീരത്തെത്തിച്ചു.