Connect with us

International

ഉക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ സൈന്യത്തെ സജ്ജമാക്കുന്നു

Published

|

Last Updated

ക്രിമിയയിലെ സിംഫര്‍പോളില്‍ പോലീസുമായി ഏറ്റുമുട്ടലില്‍

കീവ്: ഉക്രൈന്‍ അതിര്‍ത്തിയിലെ സൈന്യത്തോട് സജ്ജമായിരിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് അടിയന്തര നിര്‍ദേശം നല്‍കി. അതിര്‍ത്തിയിലെ കരസേന, വ്യോമസേന വിഭാഗങ്ങള്‍ക്ക് പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തിയില്‍ സൈനിക അഭ്യാസം നടത്തണമെന്നും ഏത് സമയത്തും ശക്തമായ സൈനിക നടപടിക്ക് സജ്ജമാകണമെന്നും പുടിന്‍ നിര്‍ദേശിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ഉക്രൈനില്‍ റഷ്യയുടെ പിന്തുണയുള്ള പ്രസിഡന്റ് യാനുക്കോവിച്ചിനെ അട്ടിമറിയിലൂടെ പുറത്താക്കിയതിനെതിരെ റഷ്യ ശക്തമായ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് സൈനിക നടപടിക്കുള്ള ശ്രമം എന്നത് ശ്രദ്ധേയമാണ്. യൂറോപ്യന്‍ യൂനിയന്റെയും പാശ്ചാത്യ ശക്തികളുടെയും പിന്തുണയുള്ള പ്രക്ഷോഭകര്‍ കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാറിനെ അട്ടിമറിച്ചത്.
അതിനിടെ, ഉക്രൈനിലെ ക്രിമിയാ മേഖലയില്‍ റഷ്യന്‍ അനുകൂലികളായ യാനുക്കോവിച്ച് പക്ഷക്കാരും റഷ്യന്‍ വിരുദ്ധരും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍. യാനുക്കോവിച്ചിനെ അട്ടിമറിച്ച നടപടിയില്‍ പ്രതിഷേധിച്ച് സിംഫെര്‍പോളിലെ പാര്‍ലിമെന്റ് മന്ദിരത്തിന് മുന്നില്‍ റഷ്യന്‍ അനുകൂലികള്‍ നടത്തിയ പ്രക്ഷോഭം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് മേധാവികള്‍ അറിയിച്ചു.
ക്രിമിയയിലെ യാനുക്കോവിച്ച് അനുയായികളുടെ പ്രക്ഷോഭം ശക്തമായി അടിച്ചമര്‍ത്താനാണ് ഇടക്കാല ഭരണ നേതാക്കളുടെ തീരുമാനം.