Connect with us

International

അഫ്ഗാനില്‍ നിന്ന് നാറ്റോ പിന്മാറ്റം: ഈ വര്‍ഷത്തോടെ പൂര്‍ത്തിയാകും

Published

|

Last Updated

കാബൂള്‍: ഈ വര്‍ഷം അവസാനത്തോടെ അഫ്ഗാനില്‍ നിന്ന് പൂര്‍ണ തോതില്‍ യു എസ് സേനാപിന്മാറ്റം ഉണ്ടാകുമെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ. അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയുമായി ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ഒബാമ അറിയിച്ചത്. യു എസുമായുള്ള സുരക്ഷാ കരാര്‍ ഒപ്പുവെക്കാന്‍ കര്‍സായി നേരത്തെ വിസമ്മതിച്ചിരുന്നു.
2001 മുതല്‍ യു എസ് സേനാ സാന്നിധ്യം അഫ്ഗാനിസ്ഥാനിലുണ്ട്. വ്യോമസേനാ രംഗത്താണ് ഇപ്പോള്‍ യു എസ് സൈനികര്‍ അഫ്ഗാന്‍ സേനക്ക് പരിശീലനം നല്‍കുന്നത്. വ്യോമഗതാഗത രംഗത്തും അഫ്ഗാന്‍ സംവിധാനം സ്വയം പര്യാപ്തമായിട്ടുമില്ല. ഈ സാഹചര്യത്തില്‍ വ്യോമ മേഖലയില്‍ സൈനിക സാന്നിധ്യം കുറച്ച് കാലം കൂടി തുടരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍ പ്രതിരോധ കരാറിന് അഫ്ഗാന്‍ വിസമ്മതിച്ചതോടെ പൂര്‍ണതോതില്‍ സേനാപിന്മാറ്റമുണ്ടാകുമെന്നാണ് ഇപ്പോള്‍ ഒബാമ പറയുന്നത്. നയതന്ത്ര സുരക്ഷാ കരാറിന് അഫ്ഗാനിലെ രാഷ്ട്രീയ, മത നേതൃത്വങ്ങള്‍ക്ക് വിയോജിപ്പുണ്ടെന്നാണ് അഫ്ഗാന്‍ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഈ വിഭാഗങ്ങളോട് ചര്‍ച്ച നടത്താനും യു എസ് തയ്യാറായിരുന്നു.
2014 ല്‍ യു എസ് സേനാ പിന്മാറ്റം ഉണ്ടാകുമെന്ന് നേരത്തെ തീരുമാനിച്ചതാണ്. നാറ്റോ സേനയില്‍ ഭൂരിഭാഗം അംഗങ്ങളും അമേരിക്കക്കാരാണ്. താലിബാനുമായുള്ള സമാധാന ശ്രമങ്ങള്‍ തുടരുകയാണെന്നും ഈ സാഹചര്യത്തില്‍ കരാരില്‍ ഒപ്പിടുന്നത് സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നുമാണ് ഇപ്പോള്‍ അഫ്ഗാന്‍ നിലപാട്.
ഏപ്രിലില്‍ അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് കരാര്‍ സാധ്യമല്ലെന്ന നിലപാടാണ് കര്‍സായി സ്വീകരിച്ചതെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ ആദ്യ പ്രസിഡന്റാണ് ഹാമിദ് കര്‍സായി.