Connect with us

Kannur

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തേക്കും

Published

|

Last Updated

കണ്ണൂര്‍: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിലാണ് യു ഡി എഫിനുള്ളില്‍ ഏറെ ചര്‍ച്ചക്കിടയാക്കിയ കോളജിനെ സംബന്ധിച്ച നിര്‍ണായക തീരുമാനം കൈക്കൊള്ളുക.
മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ ശിപാര്‍ശ ചെയ്തുകൊണ്ടുള്ള കലക്ടറുടെ കത്ത് കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തുവെങ്കിലും അന്തിമ തീരുമാനം കൈക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. നേരത്തെ കെ പി സി സി നേതൃയോഗത്തിലും പരിയാരം ഏറ്റെടുക്കുന്നതിനെ ചൊല്ലിയുള്ള ചര്‍ച്ച ഉയര്‍ന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഏറെ ഗുണകരമായേക്കാവുന്നതാണ് പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച തീരുമാനമെന്നതിനാല്‍ ഇന്നത്തെ യോഗം ഇക്കാര്യം പരിഗണിക്കുമെന്നാണ് കരുതുന്നത്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന സ്ഥാപനമെന്നതിനാല്‍ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്താല്‍ ഇതിന്റെ ഗുണഫലം കൂടുതല്‍ പേര്‍ക്ക് ലഭ്യമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതിനെ യു ഡി എഫിലെ എല്ലാ കക്ഷികളും തത്വത്തില്‍ സ്വാഗതം ചെയ്യുന്നുമുണ്ട്. സി എം പി ഉള്‍പ്പെടെയുള്ള കക്ഷികള്‍ പരിയാരത്തിന്റെ കാര്യത്തില്‍ നേരത്തെ ഉന്നയിച്ച ആവശ്യമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുകയെന്നത്. ഈ ആവശ്യത്തിനെതിരെ പുറംതിരിഞ്ഞുനിന്ന സഹകരണ മന്ത്രിക്കെതിരെ കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വമടക്കം കടുത്ത വിമര്‍ശമുന്നയിക്കുകയും ചെയ്തിരുന്നു.
പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുത്താല്‍ സര്‍ക്കാറിനുണ്ടാകുന്ന അമിത സാമ്പത്തിക ബാധ്യത, അവിടത്തെ ജീവനക്കാരുടെ ഭാവി എന്നീ കാര്യങ്ങളാണ് തീരുമാനം എടുക്കുന്നതിനുള്ള പ്രധാന തടസ്സമെന്നാണ് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഇന്ന് റിപ്പോര്‍ട്ട് നല്‍കുന്നതോടെ അന്തിമ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളും. സര്‍ക്കാര്‍ കണക്കില്‍ 3000 കോടിയോളം ആസ്തിയുള്ള മെഡിക്കല്‍ കോളജിന് 500 കോടി രൂപയാണ് ബാധ്യതയുള്ളതെന്നാണ് മൂന്ന് മാസം മുമ്പ് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Latest