സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

Posted on: February 26, 2014 12:16 am | Last updated: February 26, 2014 at 12:16 am

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പോലീസ് സേനാംഗങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ ഭക്ഷൃധാനൃം നല്‍കുന്ന കാരൃം സജീവമായി പരിഗണിക്കുമെന്ന് മുഖൃമന്ത്രി ഉമമന്‍ ചാണ്ടി. മതിയായ കേന്ദ്ര വിഹിതം ഉറപ്പാക്കിയാല്‍ സംസ്ഥാനം ഇക്കാര്യത്തില്‍ മുന്‍കൈയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോ പുറത്തിറക്കിയ പുതിയ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ ഉദ്ഘാടനം ചെയ്യവെ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ. കെ വി തോമസിന്റെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വില നിയന്ത്രണത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം. നിത്യോപയോഗ വസ്തുക്കള്‍ സബ്‌സിഡി നിരക്കില്‍ വില്‍പ്പന നടത്തുന്നതിനായി 700 കോടി രൂപയാണ് സംസ്ഥാനം ചെലവഴിക്കുന്നത്. നെല്ലുസംഭരണത്തിനായി 295 കോടിയും ചെലവഴിക്കുന്നു. ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ടെങ്കിലും ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. നിശ്ചിത വരുമാനക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പോലീസ് സേനാംഗങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ ഭക്ഷ്യ ധാന്യം നല്‍കണമെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രൊഫ. കെ വി തോമസ് പറഞ്ഞു. ഭക്ഷ്യ സുരക്ഷാനിയമം നടപ്പാക്കുമ്പോള്‍ കേരളത്തിന്റെ വിഹിതം ഒരു മണി അരി പോലും കുറയില്ലെന്നും അദ്ദേഹം പറഞ്ഞു.