പൈതൃക സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നു

Posted on: February 25, 2014 7:00 pm | Last updated: February 25, 2014 at 7:05 pm

മസ്‌കത്ത്: പൈതൃകങ്ങളുടെ സംരക്ഷണത്തിനു പ്രാമുഖ്യം നല്‍കി രാജ്യത്തെ പൈതൃക നിയമം പരിഷ്‌കരിക്കുകയാണെന്ന് ഹെറിറ്റേജ് ആന്‍ഡ് കള്‍ചര്‍ മന്ത്രാലയം അറിയിച്ചു. 1980 മുതല്‍ നിലവിലുള്ള നിയമമാണ് പരിഷ്‌കരിക്കുന്നത്.
പൈതൃക രംഗത്ത് മേഖലയിലെയും രാജ്യാന്തര തലത്തിലെയും നിയമങ്ങളും രീതികളും പഠനവിധേയമാക്കിയാണ് നിയമം ഭേദഗതി ചെയ്യുന്നതെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സലിം ബിന്‍ മുഹമ്മദ് അല്‍ മഹ്‌റൂഖി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുതിയ നിയമത്തിന്റെ കരട് തയാറാക്കുന്നതില്‍ രാജ്യാന്തര വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. ജോര്‍ദാന്‍ മുന്‍ നീതിന്യായ മന്ത്രി ഡോ. ഹംസ അല്‍ ഹദ്ദാദ് നിയമ നിര്‍മാണത്തില്‍ സഹായം നല്‍കി. ഒമ്പതു അധ്യായങ്ങളുള്ള നിയമത്തിലെ പ്രഥമ അധ്യായത്തില്‍ പൈതൃകങ്ങളുടെ പ്രാധാന്യം പറയുന്നു. രണ്ടാമധ്യായത്തില്‍ അവയുടെ സംരക്ഷണത്തെക്കുറിച്ചുള്ളതാണ്. മൂന്നാമധ്യായത്തില്‍ ഒമാനി പൈതൃകങ്ങളെയും ശേഖരങ്ങളെയും അടിസ്ഥാനമാക്കിയുള്ള വിവരണവും നിയമവും.
നാലാം അധ്യായത്തിലാണ് പൈതൃകങ്ങള്‍ കണ്ടെത്തുന്നതിന്റെയും സൂക്ഷിക്കുന്നതിന്റെയും നടപടിക്രമങ്ങള്‍ പറയുന്നത്. ഇങ്ങനെ സമഗ്രമായ നിര്‍ദേശങ്ങളും നിബന്ധനകളും ഉള്‍പെടുത്തിയ കരടു നിയമത്തില്‍ പ്രധാന ഒമ്പതു അധ്യായങ്ങള്‍ക്കു പുറമെ 74 ആര്‍ട്ടിക്കിളുകളുമുണ്ട്. കരടു നിയമം ചര്‍ച്ച ചെയ്യുന്നിതനായി ഇന്ന് നടക്കുന്ന ശില്‍പശാലയില്‍ രാജ്യത്തെ 17 സ്ഥാപനങ്ങളില്‍നിന്നുള്ള പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്.