Connect with us

Palakkad

ജീവനക്കാരില്ല; രണ്ടാംവിള നെല്ല് സംഭരണം അവതാളത്തില്‍

Published

|

Last Updated

പാലക്കാട്: ജീവനക്കാരില്ലാത്തത് രണ്ടാംവിള നെല്ല് സംഭരണം അവതാളത്തില്‍. ജില്ലയില്‍ അഞ്ച് താലൂക്കുകളിലെ എല്ലാ പഞ്ചായത്തിലും രണ്ടാംവിളയുടെ കൊയ്ത്ത് ആരംഭിച്ചെങ്കിലും വേണ്ടത്ര ജീവനക്കാരില്ലാത്തത് പ്രതിസന്ധിയിലായിരിക്കുകയാണ്.
രണ്ടാംവിള സംഭരണത്തിന് 16 ജീവനക്കാരെ നല്‍കാമെന്ന് കൃഷി വകുപ്പ് സപ്ലൈകോയെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നല്‍കിയില്ല.നിലവില്‍ ആറ് താത്ക്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് സപ്ലൈകോയുടെ സംഭരണം.
16 പ്രൊക്യുയര്‍മെന്റ് അസിസ്റ്റന്റുമാരെ നല്‍കാമെന്നായിരുന്നു കൃഷിവകുപ്പ് അറിയിച്ചിരുന്നത്. ജില്ലയില്‍ ഇത് വരെ 11,480 ടണ്‍ നെല്ല് സംഭരിച്ചു. സംഭരണത്തിനായി 35 മില്ലുകളെ ചുമതലപ്പെടുത്തി. എല്ലാ പഞ്ചായത്തിലും കൊയ്ത്ത് തകൃതിയായി നടക്കുകയാണ്. ഒരുമാസമായി ജില്ലയില്‍ രണ്ടാംവിള നെല്ലുസംഭരണം ആരംഭിച്ചിട്ട്. സംഭരണയിനത്തില്‍ ഇതുവരെ 63 ലക്ഷം കൊടുത്തു.
കനറാ ബേങ്കില്‍ രജിസ്റ്റര്‍ചെയ്ത കര്‍ഷകര്‍ക്കാണ് പണം ഉടന്‍ നല്‍കിയത്. സംഭരണത്തുകയായി എട്ട് കോടി നല്‍കാനുണ്ട്.—ഇക്കുറി 33,000 കര്‍ഷകരാണ് രണ്ടാംവിളക്ക് രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 28,000 ആയിരുന്നു.—
കഴിഞ്ഞവര്‍ഷം രണ്ടാംവിളയില്‍നിന്ന് 85,000 ടണ്ണാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 30,000 ടണ്ണാണ് ലഭിച്ചത്. ഇത്തവണ ഒന്നേകാല്‍ ലക്ഷം ടണ്ണാണ് ലക്ഷ്യം. സംസ്ഥാനത്തിന്റെ മൊത്തം സംഭരണത്തില്‍ 30 ശതമാനം ജില്ലയില്‍നിന്നാണ്. വെള്ള, മട്ട ഇനങ്ങള്‍ ജില്ലയില്‍നിന്ന് സപ്ലൈകോ സംഭരിക്കുന്നുണ്ട്.—നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പരാതികള്‍ക്കും സംശയങ്ങള്‍ക്കും ബന്ധപ്പെട്ട പാഡി മാര്‍ക്കറ്റിംഗ് ഓഫീസറുമായി ബന്ധപ്പെടണമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.