Connect with us

Kollam

അഞ്ച് ഗ്രാമങ്ങളെ മാരകരോഗങ്ങള്‍ വിഴുങ്ങുന്നു

Published

|

Last Updated

ചവറ: കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രമുഖ സ്ഥാനമുള്ള ചവറ കെ എം എം എല്ലില്‍ നിന്ന് പുറം തള്ളുന്ന രാസമാലിന്യത്തിന്റെ അണുവിസരണങ്ങളില്‍പ്പെട്ട് ഒരു പ്രദേശത്തെ ജനങ്ങള്‍ രോഗത്തിന്റെ പിടിയില്‍ നരകിക്കുന്നു. കമ്പനിയില്‍ നിന്ന് പുറം തള്ളുന്ന ആസിഡ് കലര്‍ന്ന വിഷമാലിന്യങ്ങളാല്‍ ഏറെ ദുരിതമനുഭവിക്കുന്നത് പന്മന പഞ്ചായത്തിലെ ചിറ്റൂര്‍, മേക്കാട്, കളരി, പന്മന, പൊന്മന പ്രദേശങ്ങളാണ്.

അന്തരീക്ഷവായുവില്‍ വ്യാപിച്ചിരിക്കുന്ന ക്ലോറിന്റെ രൂക്ഷ ഗന്ധം മൂലം പ്രദേശവാസികള്‍ശുദ്ധവായു ശ്വസിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. മണ്ണിന് ഓറഞ്ചും മഞ്ഞയും കലര്‍ന്ന നിറമാണ്. കുഞ്ഞുങ്ങളും മുതിര്‍ന്നവരുമടക്കമുള്ള വലിയൊരു ജനവിഭാഗം ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളുടെ പിടിയിലാണ്. ശുദ്ധമായ കുടിവെള്ളം പോലും ലഭിക്കുന്നില്ല. കിണറുകളും, ജലസ്‌ത്രോതസ്സുകളും ഉപയോഗശൂന്യമായി.
കാര്‍ഷിക വിളകളും നെല്‍പ്പാടങ്ങളും കരിഞ്ഞുണങ്ങി. വാഴത്തോട്ടവും കൃഷിയിടവും ഉണങ്ങിയ കാഴ്ച കണ്ട് ചെറുകിട കര്‍ഷകരും വിലപിക്കുകയാണ്.
വിഷവായു ശ്വസിച്ചും വൃത്തിയില്ലാത്ത കുടിവെള്ളം ഉപയോഗിച്ചും മാരക രോഗങ്ങള്‍ പിടിപെട്ട് കിടപ്പിലായവരുടെയും ആസ്മ രോഗം പിടിപ്പെട്ട് ശ്വാസം മുട്ടുന്നവരുടെയും ശരീരം പൊള്ളിയൊലിച്ച കുട്ടികളുടെയും നരകയാതനകള്‍ ആരുടെയും കരളലയിക്കുന്നതാണ്.
ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ രോഗബാധിതരുള്ളത് കരുനാഗപ്പള്ളി താലൂക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനു പ്രധാന കാരണമായി വിദഗ്ധര്‍ പറയുന്നത് കെ എം എം എല്ലില്‍ നിന്ന് പുറം തള്ളുന്ന വിഷവാതകം ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ്.
ഒരു ജനതയുടെ ജീവിക്കാനുള്ള മൗലിക അവകാശത്തെയാണ് കൊള്ളലാഭം കൊയ്യുന്ന കമ്പനി അധികൃതര്‍ ചവിട്ടിമെതിക്കുന്നത്. ഇവിടുത്തെ ജനങ്ങള്‍ രാഷ്ട്രീയ ഭേദമന്യേ സംഘടിച്ച് ഉപരോധം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മനുഷ്യാവകാശ ലംഘനം നടത്തുന്ന കമ്പനി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
“തങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാറിന് ആകുന്നില്ലെങ്കില്‍ വിഷം വാങ്ങി നല്‍കി കൊല്ലണം” എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രദേശവാസികള്‍ സമരത്തിനിറങ്ങിയത്. തുടര്‍ന്ന് സമരക്കാരുമായി ചവറയുടെ ജനപ്രതിനിധിയായ മന്ത്രി ഷിബു ബേബി ജോണ്‍, മന്ത്രി കുഞ്ഞാലിക്കുട്ടി, ചീഫ് വിപ്പ് പി സി ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ സംസാരിക്കുകയും വിഷമങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരക്കാര്‍ താത്കാലികമായി പിന്‍വാങ്ങിയത്.
ദുരിതസ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂല സാഹചര്യമുണ്ടായില്ലെങ്കില്‍ ജനങ്ങളോടൊപ്പം താനും കമ്പനിയുടെ മുന്നില്‍ സമരത്തിനെത്തുമെന്ന് അറിയിച്ചിരുന്നു.
ഇതിനിടെ കെ എം എം എല്ലിലെ മാലിന്യത്താല്‍ രോഗത്തിന്റെ പിടിയിലമര്‍ന്ന ചിറ്റൂര്‍ വാര്‍ഡിലെ 150 ഏക്കറോളം സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിസഭാ തീരുമാന പ്രകാരം മലിനപ്പെട്ട പ്രദേശങ്ങള്‍ ഏറ്റെടുത്ത് കെ എം എം എല്ലിന്റെ ഭാവി വികസനത്തിനായും കിന്‍ഫ്ര, സിഡ്‌കോ എന്നീ സ്ഥാപനങ്ങളുടെ ചെറുകിട പാര്‍ക്കുകള്‍ സ്ഥാപിക്കാനും ഉപയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇവിടെ നിന്ന് കുടിയൊഴിപ്പിക്കുന്ന ജനങ്ങളെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതുവരെ ചിറ്റൂര്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം കെ എം എം എല്‍ കമ്പനി അധികൃതര്‍ എത്തിച്ചുനല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂടാതെ പ്രദേശവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനായി വ്യവസായ പാര്‍ക്ക് ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു. ദുരിതക്കയത്തില്‍ അകപ്പെട്ടുപോയ വലിയൊരു ജനവിഭാഗം മന്ത്രിയുടെ പ്രഖ്യാപനത്തില്‍ വിശ്വസമര്‍പ്പിച്ച് കാത്തിരിക്കുകയാണ്.