നെല്ല് സംഭരണത്തിന് ഒരു രൂപ കൂടുതല്‍ നല്‍കും

Posted on: February 25, 2014 12:14 am | Last updated: February 25, 2014 at 12:14 am

തിരുവനന്തപുരം: ഒരു രൂപ കൂട്ടി നെല്ല് സംഭരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഈ സീസണിലെ കൊയ്ത്തുകാലത്ത് സംഭരിച്ച നെല്ലിനും വിലവര്‍ധന ബാധകമാക്കും. ഇതോടെ കിലോഗ്രാമിന് 18 രൂപയെന്നത് 19 രൂപയാകും. നെല്ല് സംഭരണത്തിന് 13.10 രൂപയാണ് നിലവില്‍ കേന്ദ്രം നല്‍കുന്നത്. സംസ്ഥാനത്തിന്റെ സബ്‌സിഡി 4.90ല്‍ നിന്ന് 5.90 രൂപയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സിന്റെ പരിസരത്തുള്ള 150 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മലിനീകരണം രൂക്ഷമായതോടെ മതിയായ നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഭാവിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പുതിയ പാര്‍ക്ക് ആരംഭിക്കുന്നതിനുമായി കിന്‍ഫ്ര, സിഡ്‌കോ എന്നീ സ്ഥാപനങ്ങള്‍ക്കായി ഈ ഭൂമി നല്‍കും. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള ശിപാര്‍ശകളടങ്ങിയ ജില്ലാകലക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്തു. പോലീസ് സേനയിലെ ഇന്‍ഷ്വറന്‍സ് സ്‌കീം ജയില്‍, അഗ്നിശമന സേനയിലെ അംഗങ്ങള്‍ക്കും ബാധകമാക്കും. സേനയിലെ അംഗങ്ങള്‍ക്ക് മാത്രമായിരിക്കും ഇന്‍ഷ്വറന്‍സ് സ്‌കീം. ഇവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ആരോഗ്യപരമായ സഹായത്തിനായി നിലവിലുള്ള റീ ഇംപേഴ്‌സ്‌മെന്റ് തുടരും.