നിലമ്പൂര്‍ കൊലപാതകം: എ ഡി ജി പി. ബി സന്ധ്യ അന്വേഷിക്കും

Posted on: February 23, 2014 9:56 pm | Last updated: February 25, 2014 at 7:22 am

sandhyaനിലമ്പൂര്‍: കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസിലെ ജീവനക്കാരി കൊല്ലപ്പെട്ട കേസ് എ ഡി ജി പി. ബി സന്ധ്യ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തൃശൂര്‍ റേഞ്ച് ഐ ജി. എസ് ഗോപിനാഥിനെ മാറ്റി സന്ധ്യക്ക് ചുമതല നല്‍കുമെങ്കിലും സംഘത്തിലെ മറ്റംഗങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. അന്വേഷണം തെറ്റായ ദിശയിലാണ് നടക്കുന്നതെന്ന് പരാതി വ്യാപകമാകുന്നതിനിടെയാണ് അന്വേഷണ ചുമതല മാറ്റി നല്‍കുന്നത്. ആദ്യം കേസ് അന്വേഷിച്ച നിലമ്പൂര്‍ സി ഐ ചന്ദ്രനെയും സംഘത്തിലുണ്ടായിരുന്ന എസ് ഐ സുനില്‍ പുളിക്കനെയും നേരത്തെ സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്ന് ഐ ജിയുടെ മേല്‍നോട്ടത്തില്‍ പെരിന്തല്‍മണ്ണ ഡി വൈ എസ് പി വിജയകുമാറായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.

അതേസമയം, നിലമ്പൂരില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ വീണ്ടും കൈയേറ്റ ശ്രമം നടന്നു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ആര്യാടനെതിരെ കൈയേറ്റ ശ്രമമുണ്ടാകുന്നത്. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ജനജാഗ്രതാ യാത്രയില്‍ പ്രസംഗിച്ച ശേഷം ഇറങ്ങി വരവെ രാധയുടെ കൊലപാതകം എന്തായി എന്ന് ചോദിച്ചുകൊണ്ട് ശ്രീകുമാര്‍ എന്ന യുവാവാണ് മന്ത്രിയുടെ ഷര്‍ട്ടിന്റെ കോളറില്‍ കയറിപ്പിടിച്ചത്.
പെട്ടെന്ന് തന്നെ യൂത്ത് കോണ്‍ഗ്രസുകാര്‍ ഇയാളെ പിടിച്ചു മാറ്റുകയും മര്‍ദിച്ച ശേഷം പോലീസിന് കൈമാറുകയുമായിരുന്നു. ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പരാതിയില്ലെന്ന് മന്ത്രി പറഞ്ഞെങ്കിലും പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ബ്ലോക്ക് ഓഫീസിലെ ജീവനക്കാരിയായിരുന്ന രാധ കൊല്ലപ്പെട്ട കേസില്‍ ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സനല്‍ സ്റ്റാഫ് അംഗവും ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയുമായ വി കെ ബിജു ഒന്നാം പ്രതിയാണ്.