Connect with us

Kerala

കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ ഒരു സീറ്റെങ്കിലും യു ഡി എഫ് അധികം നേടും: എ കെ ആന്റണി

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഒരു സീറ്റെങ്കിലും യു ഡി എഫ് അധികം നേടുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി. കഴിഞ്ഞ തവണ യു ഡി എഫിന് പതിനാറ് സീറ്റാണ് കേരളത്തില്‍ ലഭിച്ചത്. ഇക്കുറി അത് 17 ആയി ഉയരുമെന്നതില്‍ സംശയമില്ല. കഴിഞ്ഞ തവണത്തേക്കാള്‍ ഒരു സീറ്റ് അധികം നേടുമെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. ഉറച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നതെന്നും എ കെ ആന്റണി പറഞ്ഞു.
വി എം സുധീരന്‍ കെ പി സി സി പ്രസിഡന്റായി ചുമതലേയേറ്റെടുത്ത ശേഷം ആദ്യമായി ഇന്ദിരാഭവനിലെത്തിയ ആന്റണി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.
കഴിഞ്ഞ തവണ താന്‍ കേരളത്തില്‍ വന്നപ്പോള്‍ യു ഡി എഫിന് തിരഞ്ഞെടുപ്പില്‍ അനുകൂല സാഹചര്യമാണെന്ന് പറഞ്ഞിരുന്നു. ഇത്തവണ കേരളത്തിലെത്തുമ്പോള്‍ അതിനേക്കാള്‍ മികച്ച അനുകൂല സാഹചര്യമാണെന്ന് ബോധ്യപ്പെട്ടു. യു ഡി എഫിന് അനുകൂലമായി ബഹുജനാഭിപ്രായം ശക്തമാകുകയാണ്. അതേസമയം സി പി എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ബഹുജന അടിത്തറക്ക് കാര്യമായി കോട്ടം സംഭവിച്ചു. ഇതും യു ഡി എഫിന് സഹായകമാകുമെന്ന് എ കെ ആന്റണി ചൂണ്ടിക്കാട്ടി.
പുതിയ പ്രസിഡന്റിന്റെയും മുഖ്യമന്ത്രിയുടെയും മുന്‍കാല കെ പി സി സി പ്രസിഡന്റുമാരുടെയും നേതൃത്വത്തില്‍ മികച്ച രീതിയില്‍ കോണ്‍ഗ്രസിന് മുന്നോട്ടുപോകാന്‍ സാധിക്കും. കോണ്‍ഗ്രസില്‍ പടലപ്പിണക്കം ഉണ്ടാക്കാമെന്നുള്ള ധാരണ ഉണ്ടെങ്കില്‍ ആ വെള്ളം വാങ്ങിവെക്കുന്നതാണ് നല്ലത്. കാലത്തിന്റെ ചുമരെഴുത്ത് വായിക്കാന്‍ സാധിക്കാത്ത പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. അതിനാലാണ് പാര്‍ട്ടിയില്‍ എപ്പോഴും നവീകരണം നടക്കുന്നതും ശക്തിപ്പെടുന്നതും.
പാര്‍ലിമെന്റ് സീറ്റ് സംബന്ധിച്ച് യു ഡി എഫില്‍ എന്തെങ്കിലും തര്‍ക്കമുണ്ടോയെന്ന ചോദ്യത്തിന്, യു ഡി എഫ് മുന്നണി രൂപവത്കരിച്ചപ്പോള്‍ മുതല്‍ സീറ്റിനെ ചൊല്ലിയുള്ള അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ ഘടകകക്ഷികള്‍ക്ക് അവകാശമുണ്ട്. എന്നാല്‍, അത്തരത്തിലുള്ള തര്‍ക്കങ്ങളെല്ലാം കോണ്‍ഗ്രസ് പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് ആന്റണി വ്യക്തമാക്കി.
ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെ കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിയ എ കെ ആന്റണിയെ പ്രസിഡന്റ് വി എം സുധീരന്‍ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്.

Latest