Connect with us

Articles

അപ്പോള്‍ 'മടവൂരി'കളുടെ തൗഹീദോ?

Published

|

Last Updated

ജിന്ന്‌വാദികളുടെ തൗഹീദൊക്കെ പൊട്ടിപ്പൊളിഞ്ഞ് പാളീസായിട്ടുണ്ടെങ്കിലും ജിന്നുമായി അവിശുദ്ധമോ അല്ലാത്തതോ ആയ ഒരു ബന്ധവുമില്ലാത്ത തങ്ങളുടെ തൗഹീദിന് ഒരു ഇളക്കവും പറ്റിയിട്ടില്ല എന്ന് വീമ്പിളക്കി നടക്കുന്ന നമ്മുടെ മടവൂരീ സഹോദരന്മാരുടെ(മറ്റു മുജാഹിദ് വിഭാഗങ്ങള്‍ ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിനെ “മടവൂരികള്‍” എന്നാണ് വിളിക്കാറ്) അറിവിലേക്കായി ചില കാര്യങ്ങള്‍ സൂചിപ്പിക്കുകയാണ്. കോടികള്‍ തുലച്ചിട്ടും ചീറ്റിപ്പോയ ഒന്നാം എട്ടാം സമ്മേളനത്തിന്റെ പരാജയം ആഘോഷിക്കാനായി നടത്തിയ രണ്ടാം എട്ടാം സമ്മേളനം കഴിഞ്ഞ റാഹത്തിന്റെ പശ്ചാത്തലത്തില്‍ -മൂന്നാം എട്ടാം സമ്മേളനം പ്രഖ്യാപിക്കപ്പെടുന്നതിനു മുമ്പ്- ഈ വക ചിന്തകള്‍ക്ക് ചില സമകാലിക പ്രസക്തിയുണ്ട്. അന്യരുടെ തൗഹീദിനെ കുറിച്ച് വേപഥു പൂണ്ട് തല പുണ്ണാക്കുന്നതിനു മുമ്പ് സ്വന്തം തൗഹീദിനെ കുറിച്ചുളള ഇത്തരം ശ്ലഥ ചിന്തകള്‍ റാഹത്ത് കമ്മിക്ക് നല്ലതാണ്.
എടരിക്കോട് സമ്മേളനത്തില്‍ പങ്കെടുത്ത് മുസ്‌ലിംകളുടെ തൗഹീദിന്റെ അപചയത്തെ കുറിച്ച് എഴുതിയും പ്രസംഗിച്ചും വിലപിച്ചും ചിന്തിച്ചും ബേജാറ് സൃഷ്ടിച്ച ബുദ്ധിജീവികളില്‍ പലരും പല തരം തൗഹീദുകളാണ് സ്വന്തം ജീവിതത്തില്‍ സ്വീകരിക്കുന്നതെന്ന് അറിയുമ്പോള്‍, “”ജ്ജ് ഏത് മുജായിദാ?, അന്റെ തൗഹീദ് ഏതാ?” എന്ന ആ പഴയ ചോദ്യം ഈ വിഭാഗത്തിനു നേരെയും കുന്തമുന ഉയര്‍ത്തുന്നു.
ജിന്ന്, സിഹ്ര്‍, ബറകത്ത് ഇത്യാദി വിഷയങ്ങളെക്കുറിച്ച് മടവൂര്‍ വിഭാഗത്തിലെ ആശയക്കുഴപ്പങ്ങള്‍ വളരെ ചുരുക്കി ഇങ്ങനെ പറയാം. സിഹ്ര്‍ ഫലിക്കുമെന്ന വിശ്വാസം സലാം സുല്ലമിക്കും തന്റെ മുഖല്ലിദുകള്‍ക്കും കടുത്ത ശിര്‍ക്കാണ്. റഊഫ് മദനിക്കും സംഘത്തിനും അത് ശിര്‍ക്കല്ല, മറിച്ച് നിര്‍ബന്ധമാണ്! സെക്രട്ടറി ഉമര്‍ സുല്ലമിയും കൂട്ടരുമാകട്ടെ ഒന്നും തറപ്പിച്ച് പറയാനാകാതെ ഉഴറുകയാണ്. മഹാന്മാരുടെ തിരു ശേഷിപ്പുകളില്‍ ബറകത്ത് വിശ്വസിക്കുന്നത് ശബാബിലെ മൊയ്തീന്‍ സുല്ലമിക്ക് നിരുപാധികം ശിര്‍ക്കാണ്, എന്നാല്‍ തിരു നബിയുടെ ശേഷിപ്പാണെങ്കില്‍ അതേ ശബാബില്‍, സെക്രട്ടറിക്ക് അതു പുണ്യകരമാണ്. അല്ലാത്തത് ഖുറാഫത്തും. എന്നാല്‍ കെ എം തരിയോട് വിവര്‍ത്തനം ചെയ്ത””യുവത”യുടെ ബറകത്ത് പുസ്തകത്തില്‍, പുണ്യ സ്ഥലങ്ങള്‍, പുണ്യസമയങ്ങള്‍, പുണ്യ സദസ്സുകള്‍ എന്നിവ കൊണ്ടൊക്കെ ബറകത്തടുക്കാവുന്നതാണ്! സലാം സുല്ലമിയുടെ സമഗ്ര വിശകലനത്തിലാണെങ്കില്‍ എല്ലാ ബറകത്തും ശിര്‍ക്ക്; ഭൗതികമായി വ്യാഖ്യാനിക്കാനുളള പഴുത് ഇല്ലാത്ത കാലത്തോളം. മൊയ്തീന്‍ സുല്ലമിക്ക് സംസം വെള്ളത്തില്‍ പുണ്യം പ്രതീക്ഷിക്കുന്നത് ശിര്‍ക്ക്. അലി മദനിക്കും കരിമ്പുലാക്കലിനും അതില്‍ ശിര്‍ക്കില്ല!
ഹാജറാ ബീവി മലകിനോട് സഹായം തേടിയ കാലത്തും പിന്നീട് നെല്ലിക്കുത്ത് ഉസ്താദ് ഇസ്തിഗാസക്ക് ആ തെളിവ് ഉദ്ധരിച്ചപ്പോള്‍ അതിന് മറുപടി എഴുതിയ കാലത്തും സലാം സുല്ലമിക്ക് മലകിനോടും ജിന്നിനോടും സഹായം തേടുന്നത് ശിര്‍ക്കല്ലായിരുന്നു. പിന്നീട് – ജിന്ന് വിവാദം ഉടലെടുത്തത് മുതല്‍- അദ്ദേഹത്തിന് തന്നെ അത് നിരുപാധികം ശിര്‍ക്കായി മാറി. എന്നാല്‍ ഈ അടുത്ത കാലം വരെ ചെറിയമുണ്ടം മദനിക്ക് സോപാധികം അത് ശിര്‍ക്കല്ലായിരുന്നു! അന്ന് മുതല്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സോപാധികമോ നിരുപാധികമോ അത് ശിര്‍ക്കാണോ അല്ലെയോ എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റാത്ത അവസ്ഥയിലാണ്. അനുനായികളാണെങ്കില്‍ വ്യാഖ്യാനിച്ചും ഒപ്പിച്ചും ശ്വാസം മുട്ടുകയാണ്. മലക്കുകള്‍ സഹായിക്കും എന്നു വിശ്വസിക്കുന്നത് ശിര്‍ക്കാണോ എന്ന വിഷയത്തിലും മടവൂരികളില്‍ പലര്‍ക്കും അഭിപ്രായവ്യത്യാസങ്ങളുണ്ട്. അല്ലാഹുവിന്റെ “അസ്മാഉ വസ്വിഫാത്തി”ന്റെ കാര്യം പറയുകയും വേണ്ട.
അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യമുയരും. തൗഹീദില്‍ തന്നെ ഇത്രയൊക്കെ അഭിപ്രായഭിന്നതകള്‍ ഉണ്ടായിട്ടുമെന്തേ ഇവര്‍ ഔദ്യോഗികമായി പിളരുന്നില്ല?! കാരണം രണ്ട്. ഒന്ന് സംഘടനാപരം, രണ്ട് ആദര്‍ശപരം. നേരെ ചൊവ്വെ പറഞ്ഞാല്‍, ഓരോരുത്തരുടെയും ആശയത്തിനനുസരിച്ച് പിളരാന്‍ മാത്രം ആള്‍ബലമില്ല; മടവൂരികള്‍ക്ക്! ആദര്‍ശത്തിനനുസരിച്ച് പിളരാന്‍ നിന്നാല്‍ അംഗങ്ങളേക്കാളേറെ ഗ്രൂപ്പുകളുണ്ടാകും! ഒരാള്‍ക്ക് തന്നെ രണ്ട് നിലപാടുകള്‍ ഉണ്ടാകുമ്പോള്‍ പ്രത്യേകിച്ചും. കുറ്റം പറയരുതല്ലോ; മൗലവി ഗ്രൂപ്പിനെ അപേക്ഷിച്ച് ഇവര്‍ക്ക് തീവ്രത കമ്മിയാണ്. ഏതറ്റം വരെയും അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണ്. അത് ആദര്‍ശത്തിന്റെ മര്‍മത്തിലാണെങ്കിലും ശരി. ലോകത്തോട് ഇവര്‍ക്ക് എന്തൊരു ഗുണകാംക്ഷയാണെന്നോ! അതുകൊണ്ടാണല്ലേ ഗാന്ധിജിയേയും മദര്‍ തെരേസയേയുമൊക്കെ സ്വര്‍ഗത്തിലാക്കാന്‍ മുമ്പ് ശബാബ് പെടാപ്പാട് പെട്ടത്. മൗദൂദികളെ പോലെ തന്നെ, തൗഹീദിന് സ്വന്തമായ ഒരു പൊതു പ്ലാറ്റ്‌ഫോമുണ്ടെങ്കിലും ഏതു തരം തൗഹീദിനേയും സ്വീകരിക്കാന്‍ മാത്രം മാനസിക വിശാലതയുള്ളവരാണ് മടവൂരികള്‍. പിന്നെന്തിന് പിളരുന്നു?
ആദര്‍ശപരമായി മറ്റേ വിഭാഗത്തില്‍ നിന്ന് ഒരു വേറിട്ടുനില്‍പ്പ് ഇവര്‍ക്കുണ്ട്. അവരെപോലെ ശിര്‍ക്കിനെ നിര്‍വചിക്കാന്‍ ഇവര്‍ പ്രയാസപ്പെടുന്നില്ല. ഒരു കാര്യം ശിര്‍ക്കാക്കുന്നത് എപ്പോഴാണ് എന്നതിന് മടവൂരികളുടെ കൈയില്‍ കൃത്യമായ മറുപടിയുണ്ട്. മറുപടി ഗുരുതരമായ അബദ്ധമാണെന്നത് വേറെ കാര്യം.(തത്വത്തില്‍ ഒന്നാണെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ പല വൈരുധ്യങ്ങളുമുണ്ട് എന്നതും മറ്റൊരു തമാശ!) അദൃശ്യമായ രൂപത്തില്‍ അല്ലാഹു അല്ലാത്ത വ്യക്തികളില്‍ നിന്നോ (അത് ജിന്നാകട്ടെ, മലക്കാകട്ടെ, മരിച്ചവരാകട്ടെ, ജീവിച്ചിരിക്കുന്നവരാകട്ടെ, പിശാചാകട്ടെ) വസ്തുക്കളില്‍ നിന്നോ(അത് സംസമാകട്ടെ, മുടിയാകട്ടെ, മന്ത്രിച്ചൂതിയ വെള്ളമാകട്ടെ, ഹജറുല്‍ അസ്‌വദാകട്ടെ… ) സഹായമോ ഗുണമോ പ്രതീക്ഷിച്ചാല്‍/ദോഷം ഭയപ്പെട്ടാല്‍ അത് ശിര്‍ക്കായി. കാരണം അദൃശ്യ മാര്‍ഗത്തില്‍ ഗുണം പ്രതീക്ഷിച്ചുകൊണ്ട് ചെയ്യുന്ന ഏതൊരു കര്‍മവും ദുആ ആണ്. അല്ലാഹു അല്ലത്തവരോട് ദുആ ചെയ്യല്‍ ശിര്‍ക്കാണ്! ഈ ആശയം അവര്‍ – മടവൂരികള്‍-പൊതുവായി അംഗീകരിച്ചതായി കാണാം. അങ്ങനെയാണെങ്കില്‍ താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് മടവൂരികള്‍ മറുപടി പറഞ്ഞേ തീരൂ.
ഒന്ന് : അദൃശ്യ മാര്‍ഗത്തില്‍ ഗുണം പ്രതീക്ഷിച്ച് കൊണ്ട് ചെയ്യുന്ന ഏതൊരു കര്‍മവും ശിര്‍ക്കാണെങ്കില്‍ രോഗം മാറാന്‍ വേണ്ടി സംസം കുടിക്കുന്ന വിശ്വാസി മുശ്‌രിക്കാണോ? ആണെങ്കില്‍, സംസം എന്തിനു വേണ്ടിയാണോ കുടിച്ചത് അതിനുള്ളതാണ് എന്നു പഠിപ്പിച്ച തിരുനബിയെക്കുറിച്ച് എന്താണിവര്‍ പറയുക? ആ ഹദീസ് സ്വഹീഹാക്കിയ, വഹാബികള്‍ക്ക് സംപൂജ്യനായ അല്‍ബാനി അടക്കമുള്ള, ആധുനികരും പൗരാണികരുമായ പണ്ഡിതരെല്ലാം ശിര്‍ക്കിന്റെ പ്രചാരകരാണോ? ശിര്‍ക്കല്ലെങ്കില്‍ അദൃശ്യമാര്‍ഗത്തില്‍ ഗുണം പ്രതീക്ഷിച്ചുകൊണ്ട് ചെയ്യുന്ന ഏതൊരു കര്‍മവും ശിര്‍ക്കാണെന്ന വാദം പിന്‍വലിച്ചോ? തിരുത്തിയോ? രോഗം മാറാന്‍ വേണ്ടി സംസം കുടിക്കുന്ന വിശ്വാസി മുശ്‌രിക്കാണെങ്കില്‍, അവര്‍ മുശ്‌രിക്കല്ലെന്ന് വാദിക്കുന്ന മടവൂരികളുടെ അവസ്ഥയെന്ത്? മുശ്‌രിക്കല്ലങ്കില്‍, മുശ്‌രിക്കാണെന്ന് വാദിക്കുന്ന മടവൂരികളായ സുല്ലമികളുടെ അവസ്ഥയെന്ത്?
രണ്ട്: നബി(സ)യുടെ തിരുകേശം/ ജുബ്ബ മുക്കിയ വെള്ളം രോഗശമനത്തിന് വേണ്ടി സഹാബത്ത് ഉപയോഗിച്ചതായി ബുഖാരി/മുസ്‌ലിം ഉദ്ധരിച്ച സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ടല്ലോ? അദൃശ്യമായ മാര്‍ഗത്തിലൂടെ ഗുണം പ്രതീക്ഷിക്കുക വഴി ആ സ്വഹാബികളെല്ലാം കാഫിറുകളായോ?
മൂന്ന്: ഇവിടെ ഗുണം പ്രതീക്ഷിക്കുന്നത് വെള്ളത്തില്‍ നിന്നല്ല അല്ലാഹുവില്‍ നിന്നാണ്. വെള്ളം ഒരു കാരണം മാത്രമാണ് എന്നാണ് മറുപടിയെങ്കില്‍ ജാറത്തിലെ വെള്ളവും നൂലും എണ്ണയും അങ്ങനെത്തന്നെയല്ലേ? ഒന്ന് ശിര്‍ക്കും മറ്റേത് തൗഹീദുമാകാന്‍ എന്ത് കാരണം? ഇനി ബുഖാരിയുടെ ഹദീസിനെ ളഈഫാക്കാനാണ് ഭാവമെങ്കില്‍ അത് സ്വഹീഹാക്കിയ ഇമാം ബുഖാരി അടക്കമുള്ള പണ്ഡിതന്മാര്‍ ശിര്‍ക്കിന്റെ പ്രചാരകരും പ്രവര്‍ത്തകരുമാണോ? ആണെങ്കില്‍ അവര്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസും സ്വീകരിച്ചു കൂടല്ലോ? ബുഖാരിയുടെ ഒരു ഹദീസും സ്വീകരിച്ചുകൂടാ എന്ന് സുല്ലമിക്ക് വാദമുണ്ടോ? അതല്ല ഇത് തെളിഞ്ഞമാര്‍ഗം തന്നേയാണ്, മറഞ്ഞ മാര്‍ഗമല്ല എന്ന അഭിപ്രായമുണ്ടോ? അങ്ങനെയെങ്കില്‍ നബി(സ്വ)യുടെ മുടിയില്‍ /വിയര്‍പ്പില്‍/ ജുബ്ബയില്‍/സംസത്തില്‍ അടങ്ങിയിട്ടുള്ള രോഗശമനി ഏതായിരുന്നു?
നാല്: മറവി രോഗക്കാരും മുറിവു പറ്റിയവരും അന്ധത ബാധിച്ചവരുമൊക്കെ നബി(സ)യുടെ അരികില്‍ പരിഹാരത്തിനു വന്നത് സ്വഹീഹായ ഹദീസുകളിലുണ്ടല്ലോ? ഉദാ: (സലമത്ബ്‌നു അക്‌വഅ്, ഖതാദ, അബബൂഹുറൈറ) അവര്‍ നബിയില്‍ നിന്ന് ഗുണം പ്രതീക്ഷിച്ചത് തെളിഞ്ഞ വഴിയിലുടെയാണോ? ആണങ്കില്‍, നബി(സ) പഠിച്ച വൈദ്യ ശാസ്ത്ര ശാഖ ഏതായിരുന്നു? മറഞ്ഞ വഴിക്കാണെങ്കില്‍ ഇത് ചെയ്തതിന്റെ പേരില്‍ സ്വഹാബത്ത് മുശ്‌രിക്കുകളാണോ? ഇത് സ്വഹീഹാണന്ന് പ്രഖ്യാപിച്ചു റിപ്പോര്‍ട്ട് ചെയ്തു ബുഖാരി അടക്കമുള്ള മുഹദ്ദിസുകള്‍ ശിര്‍ക്കിന്റെ പ്രചാരകരാണോ?
അഞ്ച്: സിഹ്‌റ് ഫലിക്കുമെന്ന് ഇമാം ബുഖാരി ഉദ്ധരിച്ച സ്വഹീഹായ ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നു. സിഹ്‌റില്‍ ഫലം ലഭിക്കുന്നത് മറഞ്ഞ വഴിക്കാണ് എന്ന് മടവൂരികള്‍ സമ്മതിക്കുന്നുവല്ലോ? അപ്പോള്‍ ഈ ഹദീസുകള്‍ നിങ്ങള്‍ എന്ത് ചെയ്യും? തള്ളിക്കളയുന്നുവെങ്കില്‍ അതിന്റെ മാനദണ്ഡമെന്ത്? യുക്തിവിരുദ്ധമാണ് എന്നതാണ് കാരണമെങ്കില്‍ യുക്തിവിരുദ്ധമാണോ എന്ന് പരിശോധിക്കാന്‍ ആരുടെ യുക്തിയാണ് അവലംബിക്കേണ്ടത്? അതല്ല “ഖബര്‍വാഹിദ”ാണ് എന്നതാണ് കാരണമെങ്കില്‍ ഖബര്‍ വാഹിദ് സ്വീകരിക്കാന്‍ പറ്റില്ല എന്നതിന് ഖുര്‍ആനില്‍ എന്താണ് തെളിവ്? ഏതെങ്കിലും പണ്ഡിതന്‍ അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നാണ് വാദമെങ്കില്‍ ഒരു പണ്ഡിതന്റെ ഒറ്റപ്പെട്ട അഭിപ്രായം സ്വീകരിക്കാമെന്നും നബിയുടെത് സ്വീകരിച്ചുകൂടെന്നും പറയുന്നതിലെ യുക്തിയെന്താണ്? അതല്ല ഹദീസുകളില്‍ വൈരുധ്യമുണ്ട് എന്നാണ് വാദമെങ്കില്‍ വ്യാഖ്യാനവിധേയമല്ലാത്ത വൈവിധ്യം എന്താണ് ഈ ഹദീസുകളിലുള്ളത്? ഇനി ഹദീസ് ളഈഫാണെന്നു വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ സ്വഹീഹ് എന്ന പേര് നല്‍കി ളഈഫായ ഹദീസുകള്‍ ഉദ്ധരിച്ച് സമുദായത്തിനിടയില്‍ ശിര്‍ക്ക് പ്രചരിപ്പിക്കുന്ന ആളാണ് ഇമാം ബുഖാരി എന്ന് മടവൂരികള്‍ക്ക് അഭിപ്രായമുണ്ടോ? ഉണ്ടെങ്കില്‍, അത്തരം ആളുകളുടെ വല്ല ഹദീസും സ്വീകരിക്കാന്‍ പറ്റുമോ? അപ്പോള്‍ ബുഖാരിയിലെ മുതവാതിറായ ഹദീസുകളും ഉദ്ധരിക്കാന്‍ പറ്റില്ലല്ലോ? ഇപ്പോള്‍ ഹദീസ്‌നിഷേധം എവിടെ എത്തി?
ആറ്: മലക്കുകളുടെ സഹായവും മറഞ്ഞ വഴിക്കാണന്നല്ലോ മടവൂരികള്‍ സിദ്ധാന്തിക്കുന്നത്. മലക്കുകള്‍ ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും നമ്മെ സഹായിക്കുമെന്ന് പ്രതീക്ഷിച്ചാല്‍ തന്നെ ശിര്‍ക്ക് സംഭവിക്കുമെന്നാണ് സലാം സുല്ലമി ശബാബില്‍ പറയുന്നത്. എന്നാല്‍ മലക്കുകള്‍ നമ്മെ സഹായിച്ചുകൊണ്ടിരിക്കുന്നുവെന്ന് ഖുര്‍ആന്‍ തന്നെ പഠിപ്പിക്കുന്നുണ്ട്. ഹഫഌത്ത് എന്ന ഒരു പ്രത്യേക വിഭാഗം മലക്കുകളെ മനുഷ്യരുടെ സുരക്ഷക്കായി അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുണ്ട്. സലാം സുല്ലമി തന്നേയും അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഇത് എഴുതി വെച്ചിട്ടുണ്ട്. മലക്കുകള്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നത് തൗഹീദിന് എതിരാണങ്കില്‍, സ്വലാഹിയുടെ ഭാഷയില്‍ ഈ സുല്ലമിയും മുശ്‌രിക്കാകേണ്ടതല്ലേ? അല്ലാഹുവിന്റെ ഇദ്‌ന് പ്രകാരമാണ് മലക്കുകളുടെ സഹായം എന്നാണ് മറുപടിയെങ്കില്‍, മഹാന്‍മാരുടെ സഹായവു അങ്ങനെത്തന്നെയല്ലേ? അല്ലാഹുവിന്റെ അനുമതിയില്ലാതെ സഹായിക്കാന്‍ മഹാന്മാര്‍ക്ക്ആകുമെന്ന് സുന്നികള്‍ വാദിച്ചിട്ടില്ലല്ലോ? അതല്ല സാധാരണ മനുഷ്യരടക്കമുള്ള പടപ്പുകള്‍ (മലക്കുകള്‍ ഒഴികെ) അല്ലാഹുവിന്റെ ഇദ്‌ന് കൂടാതെയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ഈ യുക്തിവാദികള്‍ക്ക് വാദമുണ്ടോ?
ഏഴ്: അദൃശ്യമായ രീതിയില്‍ സഹായം തേടുന്നതാണ് ദുആ എന്നാണല്ലോ മടവൂരികള്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. ഇങ്ങനെ ഖുര്‍ആനില്‍ പറഞ്ഞിട്ടിണ്ടോ? ഏത് ആയത്തില്‍? ഹദീസിലുണ്ടോ? എവിടെ?
ഇല്ല! മനുഷ്യനിര്‍മിത തൗഹീദിന് കൂടുതല്‍ കാലം പിടിച്ച്‌നില്‍ക്കാന്‍ കഴിയില്ല. ഖവാരിജസത്തിനേയും മുഅ്തസിലത്തിനേയും പോലെ വഹാബിസവും കാലത്തിന്റെ ചവറ്റു കൊട്ടയിലേക്ക്.. (അവസാനിച്ചു)

---- facebook comment plugin here -----