സമസ്തയെ ഭിന്നിപ്പിക്കാന്‍ കഴിയില്ല: ഇ സുലൈമാന്‍ മുസ്‌ലിയാര്‍

Posted on: February 21, 2014 11:53 pm | Last updated: February 22, 2014 at 8:03 pm

മലപ്പുറം: സത്യത്തിന് വേണ്ടി നിലകൊള്ളുകയും അതിന് വേണ്ടി പോരാടുകയും ചെയ്യുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ ഭിന്നിപ്പിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ പറഞ്ഞു. മലപ്പുറത്ത് നടന്ന താജുല്‍ ഉലമ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പണ്ഡിതമാരെയും മുസ്‌ലിംകളെയും മാത്രമല്ല, രാജ്യത്തും പുറത്തുമുള്ള മുഴുവന്‍ സമൂഹത്തെയും പ്രതിനിധാനം ചെയ്യാനും നയിക്കാനും കഴിവും ആര്‍ജ്ജവവുമുള്ള പ്രസ്ഥാനമാണിത്. നാളിതുവരെ ഈ പ്രസ്ഥാനത്തെ നയിച്ചിരുന്നത് താജുല്‍ ഉലമയുടെ അജയ്യ നേതൃത്വമായിരുന്നുവെങ്കില്‍ അവരുടെ വിയോഗത്തിന് ശേഷം പാണ്ഡിത്യം കൊണ്ടും നിസ്വാര്‍ത്ഥമായ സേവന പാരമ്പര്യംകൊണ്ടും പ്രാവീണ്യം തെളിയിച്ച നൂറുല്‍ ഉലമ എം എ ഉസ്താദ് നയിക്കുന്ന ഈ ആധികാരിക മുന്നേറ്റത്തില്‍ ആരും അസൂയയും അസഹിഷ്ണുതയും കാണിച്ചിട്ടു കാര്യമില്ല.
മഹാന്‍മാരെ പ്രകീര്‍ത്തിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നത് ഇസ്‌ലാം അനുവദിക്കപ്പെട്ടതാണെന്ന് മുഖ്യ പ്രഭാഷണത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. കോടികള്‍ മുടക്കി സമ്മേളനങ്ങള്‍ നടത്തുന്നവര്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിഷയങ്ങള്‍ പഠിപ്പിച്ച് കൊടുക്കണം. ചീത്തപറയുക എന്നത് സുന്നികളുടെ ലക്ഷ്യമല്ല. താജുല്‍ ഉലമയുടെ മാതൃകയാണ് ഞങ്ങള്‍ പിന്തുടരുന്നത്. സുന്നികള്‍ക്ക് നേതൃത്വത്തിന്റെ കുറവില്ല. വാല് തലയെ നിയന്ത്രിക്കുന്ന രീതി സുന്നിപ്രസ്ഥാനത്തിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലിംകളെ പശ്ചാത്യവത്കരിക്കാന്‍വേണ്ടി നടന്ന ശ്രമങ്ങളെ നവോഥാനം എന്ന പേര് വിളിക്കുന്നത് അപഹാസ്യമാണ്. കേരളത്തിന്റെ സാമൂഹിക ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് മുസ്‌ലിം നവോഥാനത്തിന്റെ ഉടമസ്ഥത അവകാശപ്പെടാന്‍ ചിലരെ പ്രേരിപ്പിക്കുന്നത്. സമസ്ത: വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ സന്ദേശം സമ്മേളനത്തില്‍ വായിച്ചു. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട്, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ഇബ്‌റാഹീം മുസ്‌ലിയാര്‍ ബേക്കല്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി പ്രസംഗിച്ചു.