Connect with us

National

ഗുജറാത്ത് പാഠപുസ്തകത്തില്‍ ഗാന്ധി കൊല്ലപ്പെട്ടത് ഒക്‌ടോബറില്‍!

Published

|

Last Updated

ന്യൂഡല്‍ഹി: പരമാബദ്ധങ്ങളുമായി ഗുജറാത്തിലെ പാഠപുസ്തകം. എട്ടാം ക്ലാസിലെ സാമൂഹിക ശാസ്ത്രം പാഠപുസ്തകത്തില്‍ ഗാന്ധിജി കൊല്ലപ്പെട്ടത് 1948 ഒക്‌ടോബര്‍ 30നാണ്! യു എസില്‍ ആണവ ബോംബിട്ടത് ജപ്പാനും. ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പിന്റെ ജി സി ഇ ആര്‍ ടി ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ക്ക് തയ്യാറാക്കിയ പുസ്തകങ്ങളില്‍ ഇത്തരം നിരവധി പിശകുകളാണുള്ളത്.
മറാഠി എന്ന പേരില്‍ ബാലഗംഗാധര തിലക് ഇംഗ്ലീഷ് പത്രം തുടങ്ങിയെന്ന് സര്‍ക്കാര്‍ ഗവേഷണം നടത്തി കണ്ടെത്തിയിട്ടുണ്ട്. CO3 എന്ന പുതിയ വിഷവാതകവും പാഠപുസ്തകം തയ്യാറാക്കിയവര്‍ കണ്ടുപിടിച്ചു. മരങ്ങള്‍ മുറിക്കുന്നത് കൊണ്ടാണ് ഈ പുതിയ വിഷവാതകം അന്തരീക്ഷത്തില്‍ നിറയുന്നതെന്നാണ് പുസ്തകം പറയുന്നത്. ലക്ഷണങ്ങള്‍ വെച്ച് നോക്കിയാല്‍ ഇത് കാര്‍ബണ്‍ മോണോക്‌സൈഡോ, കാര്‍ബണ്‍ ഡൈ ഓക്‌സൈഡോ ആണ്. ഇതിലേതാണ് ഉദ്ദേശിച്ചതെന്ന് പുസ്തകം തയ്യാറാക്കിയവരോട് തന്നെ ചോദിക്കേണ്ടി വരും. എട്ടാം ക്ലാസിലെ സാമൂഹിക ശാസ്ത്രം അക്ഷരത്തെറ്റുകളുടെ പഞ്ചാംഗമാണ്. അക്ഷരം, ആശയം, വ്യാകരണം എന്നിവയിലായി 120 പിശകുകളാണുള്ളത്. പുസ്തകങ്ങള്‍ പിന്‍വലിക്കാനും അന്വേഷണം നടത്താനും ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.