ദുബൈയില്‍ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങള്‍ കണ്ടുകെട്ടും

Posted on: February 21, 2014 6:41 pm | Last updated: February 21, 2014 at 6:41 pm

vehicleദുബൈ: പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങള്‍ 15 ദിവസത്തിനകം കണ്ടുകെട്ടുമെന്ന് ദുബൈ നഗരസഭ മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ കണ്ടുകെട്ടുന്ന വാഹനങ്ങള്‍ ഉടമകള്‍ കൊണ്ടുപോയില്ലെങ്കില്‍ ആറ് മാസത്തിന് ശേഷം ലേലം വിളിക്കുമെന്ന് വേസ്റ്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ അബ്ദുല്‍ മജീദ് സെയ്ഫി പറഞ്ഞു.

ദീര്‍ഘാവധിയിലും ബാങ്ക് ലോണെടുത്ത് തിരിച്ചടക്കാനാകാതെയും ജോലി നഷ്ടപ്പെട്ടും ആളുകള്‍ സ്വന്തം നാട്ടിലേയ്ക്ക് പോകുമ്പോള്‍ കാറുകള്‍ ശ്രദ്ധിക്കപ്പെടാത്ത സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇത്തരം വാഹനങ്ങള്‍ പൊടിപിടിച്ച് വൃത്തികെട്ട നിലയില്‍ നഗര സൗന്ദര്യത്തെ ദോഷകരമായി ബാധിക്കുന്നു. ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളില്‍ നോട്ടീസ് പതിക്കാന്‍ നഗരസഭ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് ഹാനികരവും സുരക്ഷക്ക് ഭീഷണിയുമാണ് ഇത്തരം പ്രവൃത്തികള്‍. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഉപേക്ഷിച്ച 1,956 വാഹനങ്ങള്‍ കണ്ടുകെട്ടിയിട്ടുണ്ട്. 2012ല്‍ 1,019 വാഹനങ്ങള്‍ മാത്രമായിരുന്നു ഉപേക്ഷിക്കപ്പെട്ടത്.
ദുബൈ നഗരസഭയിലെ വേസ്റ്റ് മാനേജ്‌മെന്റ് വിഭാഗമാണ് ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുന്നതെന്ന് പരിസ്ഥിതി-പൊതുജനാരോഗ്യ സേവന വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ എഞ്ചി. സലാഹ് അമിരി പറഞ്ഞു. എക്‌സ്‌പോ 2020 യു എ ഇക്ക് ലഭിച്ച സാഹചര്യത്തില്‍ ദുബൈ ലോകത്തെ ഏറ്റവും സുരക്ഷിതവും മനോഹരവുമായ നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നതിനാല്‍ ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.