കൊടുവള്ളി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: February 21, 2014 11:18 am | Last updated: February 21, 2014 at 11:18 am

കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ കൊത്തമ്പാറയില്‍ കൊടുവള്ളി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ ഉദ്ഘാടനം നാളെ ഉച്ചക്ക് 11.30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുമെന്ന് വി എം ഉമ്മര്‍മാസ്റ്റര്‍ എം എല്‍ എ പത്രസമ്മേളനത്തില്‍ അറിയിച്ചു.
എം എല്‍ എയുടെ ആസ്ഥിവികസന ഫണ്ടില്‍ നിന്നനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. 2015-16 അധ്യയന വര്‍ഷത്തില്‍ കെട്ടിടം പണി പൂര്‍ത്തീകരിച്ച് ക്ലാസുകള്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ പന്നൂരിലെ താത്കാലിക കെട്ടിടത്തില്‍ ഡിഗ്രി കോഴ്‌സ് ആരംഭിച്ചിട്ടുണ്ട്. കെട്ടിട സൗകര്യമാകുന്നതോടെ മറ്റ് കോഴ്‌സുകള്‍ ആരംഭിക്കും.
എളേറ്റില്‍ വട്ടോളിയില്‍ നടക്കുന്ന ചടങ്ങില്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മവും മുഖ്യമന്ത്രി നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അധ്യക്ഷത വഹിക്കും. സോവനീര്‍ ലോഗോ പ്രകാശന കര്‍മം എം കെ രാഘവന്‍ എം പി നിര്‍വഹിക്കും. കോളജിന്റെ റിപ്പോര്‍ട്ട്, കോളജ് എജ്യുക്കേഷന്‍ ഡയറക്ടര്‍ പി കെ വേലായുധനും പുതിയ കെട്ടിടത്തിന്റെ റിപ്പോര്‍ട്ട് ബില്‍ഡിംഗ് വിഭാഗം ചീഫ് എന്‍ജിനീയര്‍ എം പെണ്ണമ്മയും അവതരിപ്പിക്കും. ഗ്രാമപഞ്ചായത്ത് കോളജ് നിര്‍മിക്കാന്‍ സൗജന്യമായി നല്‍കിയ അഞ്ച് ഏക്കര്‍ സ്ഥലത്തിന്റെ രേഖ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു പി നഫീസ മുഖ്യമന്ത്രിക്ക് കൈമാറും.
എം എല്‍ എമാരായ വി എം ഉമ്മര്‍, സി മോയിന്‍കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, ജില്ലാ കലക്ടര്‍ സി എ ലത, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ എം അബ്ദുസ്സലാം തുടങ്ങിയവര്‍ സംസാരിക്കും. 11 മണിക്ക് മുഖ്യമന്ത്രിയെ സ്വീകരിച്ച് വേദിയിലേക്ക് ആനയിക്കും. പത്രസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് യു പി നഫീസ, വൈസ് പ്രസിഡന്റ് കെ കെ അബ്ദുര്‍റഹ്മാന്‍, എന്‍ കെ കുഞ്ഞായിന്‍കുട്ടി മാസ്റ്റര്‍, വി എം മനോജ്, ആലി മാസ്റ്റര്‍ പ്രസംഗിച്ചു.