സാഹസിക യാത്ര മതിയാക്കാം; മാലിക് മാസ്റ്റര്‍ക്ക് കടല്‍ കടന്ന് സഹായം

Posted on: February 20, 2014 11:33 pm | Last updated: February 20, 2014 at 11:33 pm

MASTERമലപ്പുറം: സ്‌കൂളിലെത്താന്‍ മാലിക് മാസ്റ്റര്‍ക്ക് ഇനി കടലുണ്ടിപ്പുഴ നീന്തിക്കടക്കേണ്ട. ഇരുപത്തിരണ്ട് വര്‍ഷമായുള്ള സാഹസിക യാത്ര അറിഞ്ഞ് സഹായ ഹസ്തവുമായി ലണ്ടനിലെ ഡോ. മന്‍സൂര്‍ ആലം മാലിക് മാസ്റ്ററെ തേടിയെത്തി. മാലിക് മാഷിന് യാത്രക്കായി ഇദ്ദേഹം ഒരു ഫൈബര്‍ വള്ളമാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. നാട്ടുകാരുടെയും സര്‍ക്കാറിന്റെയും സഹകരണമുണ്ടാകുകയാണെങ്കില്‍ പുഴക്ക് കുറുകെ തൂക്കുപാലം നിര്‍മിച്ച് നല്‍കാനും ഇദ്ദേഹം തയ്യാറാണ്. മലപ്പുറം ജില്ലയിലെ പടിഞ്ഞാറ്റുമുറി എ എം എല്‍ പി സ്‌കൂളിലെ കണക്ക് അധ്യാപകനായ അബ്ദുല്‍ മാലിക് പുഴ നീന്തിക്കടക്കുന്ന വാര്‍ത്ത ടി വിയിലൂടെയാണ് ഡോ. മന്‍സൂര്‍ ആലം അറിയുന്നത്. ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്‌തെങ്കിലും മറ്റൊരു അധ്യാപകന്റെ നമ്പറാണ് ലഭിച്ചത്. തിരൂരിലെ ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബശീര്‍ അഹമ്മദ് അബ്ദുല്‍ മാലിക് എന്നയാളുടെ നമ്പറായിരുന്നു അത്. എന്നാല്‍ ഇദ്ദേഹം തന്നെ ആരോ കളിയാക്കുന്നതാണെന്ന് കരുതി അവഗണിച്ചെങ്കിലും ഡോക്ടര്‍ വീണ്ടും ബന്ധപ്പെട്ടതോടെ മലപ്പുറത്തെ സുഹൃത്തുക്കളെ വിളിച്ച് യഥാര്‍ഥ അബ്ദുല്‍ മാലികിനെ കണ്ടെത്തി നല്‍കി.
ഇന്നലെ സ്‌കൂളിലെത്തിയ അദ്ദേഹം അധ്യാപകരുമായും നാട്ടുകാരും വിദ്യാര്‍ഥികളുമായി സംവദിക്കുകയും മാലിക് മാസ്റ്റര്‍ ദിവസേന രണ്ട് നേരം നീന്തിക്കടക്കുന്ന പുഴ കാണുകയും ചെയ്തു. പണം എത്ര ചെലവായാലും ഒരു ഫൈബര്‍ വള്ളം വാങ്ങി നല്‍കുമെന്ന ഉറപ്പുമായാണ് അദ്ദേഹം മടങ്ങിയത്. എഴുപതിനായിരം രൂപയാണ് ഫൈബര്‍ വള്ളത്തിന് ചെലവ് കണക്കാക്കുന്നത്. ഒപ്പം സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം ഒരുക്കുന്നതിനും ഗാര്‍ഡന്‍ നിര്‍മിക്കുന്നതിനും സഹായം നല്‍കും. റോപ് വേ മോഡലില്‍ പുഴയുടെ ഇരുകരകളിലും സ്റ്റാന്‍ഡ് സ്ഥാപിച്ച് കയറുമായി ബന്ധപ്പെടുത്തിയുള്ള ബോട്ടിറക്കാനാണ് തീരുമാനം. വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ഒരു അധ്യാപകന്‍ നടത്തുന്ന സാഹസമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് എഴുപതുകാരനായ ഡോ. മന്‍സൂര്‍ആലം സിറാജിനോട് പറഞ്ഞു. പുഴക്ക് മീതെ മാലിക് മാസ്റ്ററുടെ യാത്രയെ കുറിച്ച് 2013 ജൂണ്‍ 16ന് സിറാജില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ അധ്യാപക ദിനത്തില്‍ ദേശീയ ചാനലായ എന്‍ ഡി ടി വിയിലെ വാര്‍ത്ത ഡോക്ടറുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഭാര്യയോടും മക്കളോടും ബോട്ട് വാങ്ങി നല്‍കിയിട്ടേ മടങ്ങൂ എന്ന ഉറപ്പിലാണ് അദ്ദേഹം ലണ്ടനില്‍ നിന്ന് യാത്ര തിരിച്ചിരിക്കുന്നത്. അത് യാഥാര്‍ഥ്യമാക്കിയ ശേഷമായിരിക്കും അദ്ദേഹം മടങ്ങുക. ബീഹാറിലെ പാറ്റ്‌നയില്‍ ജനിച്ച ഇദ്ദേഹം നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇംഗ്ലണ്ടിലേക്ക് പോയത്. അവിടെ നിന്ന് മെന്റല്‍ ഹെല്‍ത്തില്‍ ഡോക്ടറേറ്റ് നേടുകയും അവിടെ തന്നെ ജോലി ചെയ്യുകയുമായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച അദ്ദേഹം ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.