Connect with us

Malappuram

റേഷന്‍ കടകളുടെ കമ്പ്യൂട്ടര്‍വത്കരണം എങ്ങുമെത്തിയില്ല

Published

|

Last Updated

computerകല്‍പകഞ്ചേരി: നിലനില്‍പ്പ് ഭീഷണി നേരിടുന്ന റേഷന്‍ കടകളുടെ കമ്പ്യൂട്ടര്‍വത്കരണം കടലാസിലൊതുങ്ങി. കരിഞ്ചന്ത തടയുക എന്ന ലക്ഷ്യത്തോടെ ഒരു വര്‍ഷം മുമ്പാണ് സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകള്‍ കമ്പ്യൂട്ടര്‍വത്കരിക്കുമെന്ന് പ്രഖ്യാപിച്ചത്.
എന്നാല്‍ പ്രഖ്യാപനം നടത്തി മാസങ്ങള്‍ പിന്നിട്ടിട്ടും ഇതിന് വേണ്ടിയുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. പൊതുവിതരണ സമ്പ്രദായത്തിലെ അഴിമതിയും പൂഴ്ത്തിവെപ്പും തടയിടാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ല.
അനര്‍ഹരെ ഒഴിവാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് ക്യത്യമായി റേഷന്‍ സാധനങ്ങള്‍ നല്‍കുവാനും കമ്പ്യൂട്ടര്‍വത്കരണ പദ്ധതിക്ക് സാധ്യമാകുമെന്നായിരുന്നു അധിക്യതരുടെ വിലയിരുത്തല്‍.
റേഷന്‍ കടകളില്‍ കമ്പ്യൂട്ടര്‍വത്കരണം നടക്കുന്നതിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട്( ഡി പി ആര്‍) സര്‍ക്കാറിന് സമര്‍പ്പിച്ച് ഒരു വര്‍ഷമായിട്ടും തുടര്‍ നടപടികളുണ്ടായില്ല.
ഭക്ഷ്യ സുരക്ഷ നിയമത്തിന്റെ ചുവടുപിടിച്ചാണ് എഫ് സി ഐ, റേഷന്‍ കടകള്‍, മൊത്ത വിതരണ കേന്ദ്രങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. റേഷന്‍ കടക്കാര്‍ക്ക് ശമ്പളം നല്‍കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഇതിലുള്‍പ്പെട്ടിരുന്നു.