കേരള രക്ഷാ മാര്‍ച്ചിനിടെ ആനയെ എഴുന്നെള്ളിച്ചെന്നു പരാതി

Posted on: February 20, 2014 2:14 pm | Last updated: February 20, 2014 at 2:14 pm

പാലക്കാട്: സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാ മാര്‍ച്ചിന്റെ ഒറ്റപ്പാലത്തെ സ്വീകരണത്തിനിടെ നിയമം ലംഘിച്ച് ആനയെ എഴുന്നള്ളിച്ചെന്ന് വനം വകുപ്പിന് പരാതി. പിണറായിയുടെ ചിത്രമടങ്ങുന്ന ബോര്‍ഡുമായാണ് ആനയെ എഴുന്നള്ളിച്ചത്. സിപിഎം പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചപ്പോള്‍ ആന ഞെട്ടിയെന്നും പ്രകോപിതനായ ആനയെ പാപ്പാന്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് അടക്കിനിര്‍ത്തിയെന്നും പരാതിയില്‍ ആരോപിച്ചു. പുതിയ പൂരങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ആനയെ എഴുന്നള്ളിക്കാന്‍ പാടില്ലെന്ന നിയമത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് എന്ന സംഘടനയുടെ സെക്രട്ടറി വി.കെ. വെങ്കിടാചലം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നല്‍കിയ പരാതിയില്‍ പറഞ്ഞു. ഇത്തരം നിയമലംഘനങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ ചില ആഘോഷങ്ങളിലും ഇത്തരം നിയമലംഘനം നടന്നതായും പരാതിയില്‍ പറയുന്നു.