ലീഗ് മുന്നണി മര്യാദ പാലിക്കണമെന്ന് കോണ്‍ഗ്രസ് മെമ്പര്‍മാര്‍

Posted on: February 20, 2014 1:47 pm | Last updated: February 20, 2014 at 1:47 pm

leagueകല്‍പ്പറ്റ: മുസ്‌ലിംലീഗ് മുന്നണിമര്യാദ ലംഘിച്ചതിന്റെ ഭാഗമായാണ് വെള്ളമുണ്ട പഞ്ചായത്തില്‍ ഭരണസമിതി അവിശ്വാസത്തെ നേരിടേണ്ടിവന്നതെന്ന് വെള്ളമുണ്ട പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ മമ്മൂട്ടി, മുന്‍ വൈസ് പ്രസിഡന്റ് ഷീമാ സുരേഷ്, മെമ്പര്‍ മേഴ്‌സി സ്റ്റീഫന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്‍ഡ്രൂസ് ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. യു ഡി എഫിലെ മുന്നണിമര്യാദ പാലിക്കാന്‍ മുസ്‌ലിം ലീഗ് തയ്യാറാകണം. ഒരു സ്വതന്ത്രനടക്കം ഒമ്പതു അംഗങ്ങളുള്ള ലീഗിലെ നാലു മെമ്പര്‍മാര്‍ കൂറുമാറിയത് മുതലെടുത്ത് എല്‍ ഡി എഫ് നടത്തിയ രാഷ്ട്രീയത്തിന്റെ ഭാഗമാണ് അവിശ്വാസം.
മെമ്പര്‍മാരുടെ കൂറുമാറ്റത്തിനു പിന്നില്‍ വന്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചു. പഞ്ചായത്തിനു കീഴിലുള്ള ബാണാസുരമലയില്‍ തോട് നികത്തിയും, ഭൂമി കൈയേറിയും ഒരു പഞ്ചായത്ത്‌മെമ്പറുടെ ഒത്താശയോടെ റിസോര്‍ട്ട് നിര്‍മ്മാണം നടക്കുന്നുണ്ട്.
ഇവരുടെ പ്രവൃത്തികള്‍ക്ക് തടസ്സം നിന്നതിനാലും കൈയേറ്റങ്ങള്‍ക്കും അഴിമതിക്കും കൂട്ടുനില്‍ക്കാത്തതിനാലുമാണ് ചില മെമ്പര്‍മാര്‍ കൂറുമാറിയത്. ഇനി ശക്തമായ രീതിയില്‍ പ്രതിപക്ഷത്തു തുടരാനാണ് താല്‍പ്പര്യമെന്നും ഇവര്‍ അറിയിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പടിയിറങ്ങുമ്പോള്‍ കഴിഞ്ഞ മൂന്നര വര്‍ഷംകൊണ്ട് ഒട്ടേറെ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞതായി ഷീമാ സുരേഷ് പറഞ്ഞു.
അവിശ്വാസത്തിന് അനുകൂലമായി കൂറുമാറിയ കോണ്‍ഗ്രസ് മെമ്പര്‍ക്കെതിരെ ഡി സി സി അച്ചടക്ക നടപടി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ഷീമാ സുരേഷ് പറഞ്ഞു.