സംരംഭകത്വം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലേക്കും

Posted on: February 20, 2014 1:45 pm | Last updated: February 20, 2014 at 1:45 pm

തിരുവനന്തപുരം: എന്‍ജിനീയറിംഗ് കോളജുകളിലും പ്രൊഫഷണല്‍ കോളജുകളിലും ഇപ്പോള്‍ നിലവിലുള്ള സംരംഭകത്വവും മറ്റു ക്രിയാത്മക പ്രവര്‍ത്തനങ്ങളും ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലേക്കു കൂടി വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മാര്‍ച്ച് രണ്ടിന് ടെക്‌നോപാര്‍ക്കില്‍ സംസ്ഥാനതല കോണ്‍ഫറന്‍സ് നടത്തും. ഇതില്‍ സംസ്ഥാനത്തെ വിവിധ കോളജുകളില്‍ നിന്നുള്ള 200 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. കെ ശശികുമാര്‍- ജേര്‍ണലിസം, റിയാസ് കോമു- കല, എം എസ് സ്വാമിനാഥന്‍- കൃഷി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ടെക്‌നോളജി കൂടാതെ കല, സാഹിത്യം, കൃഷി, മീഡിയ തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പുതിയ ആശയങ്ങളും സംരംഭങ്ങളും ഇതില്‍ നിന്നും ഉരുത്തിരിയും.
ദി പീപ്പിള്‍സ് കമ്പനിയുടെയും സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെയും സഹായത്തോടെ തിരുവനന്തപുരം എന്‍ജി. കോളജ് വിദ്യാര്‍ഥികളാണ് ഇതു സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും നൂതന ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കാനും അവരെ സംരംഭകരാക്കി വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ തുടങ്ങിയ സ്റ്റാര്‍ട്ട്അപ് വില്ലേജിലെ ഒരു കമ്പനി കൈവരിച്ച അഭിമാനകരമായ നേട്ടം മന്ത്രിസഭാ യോഗത്തിനു മുന്നില്‍ അവതരിപ്പിച്ചു.
സ്റ്റാര്‍ട്ട് അപ് വില്ലേജില്‍ രജിസ്റ്റര്‍ ചെയ്ത ആര്‍ എച്ച് എല്‍ വിഷന്‍ എന്ന കമ്പനി വികസിപ്പിച്ച ഫിന്‍ എന്ന ഹാര്‍ഡ്‌വെയര്‍ ഉത്പന്നത്തിന്റെ ഉപജ്ഞാതാക്കളായ ചാള്‍സ് വിന്‍സന്റ്, മുഹമ്മദ് ഫമീസ്, വി രാകേഷ് എന്നിവരാണ് മന്ത്രിസഭയില്‍ തങ്ങളുടെ നേട്ടം അവതരിപ്പിച്ചത്. ഇവരുടെ ഉത്പന്നത്തിന്റെ പ്രചാരണാര്‍ഥം നടത്തിയ, ക്രൗഡ് ഫണ്ടിംഗ് എന്ന 45 ദിവസത്തെ ക്യാമ്പയിന്‍ 40 ദിവസം പൂര്‍ത്തിയായപ്പോള്‍ തന്നെ 70 ലക്ഷം രൂപ സമാഹരിക്കാന്‍ കമ്പനിക്കായി.
ലോകത്തിലെ ആയിരത്തിയഞ്ഞൂറിലധികം സ്റ്റാര്‍ട്ട്അപ് കമ്പനികളില്‍ നിന്ന് തിരഞ്ഞെടുത്ത 15 കമ്പനികളെ ഉള്‍പ്പെടുത്തി ലാസ് വെഗാസില്‍ നടത്തിയ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോ ‘ടെക്‌റെഞ്ച് ഹാര്‍ഡ്‌വെയര്‍ ബാറ്റില്‍ഫീല്‍ഡ് -2014’ ല്‍ പങ്കെടുക്കാനായത് വഴിയാണ് ക്രൗഡ് ഫണ്ടിംഗ് പ്രചാരണത്തിനു പോകാന്‍ ഇവര്‍ക്കു സാധിച്ചത്. ഇന്ത്യയില്‍ നിന്നും ഇത് ആദ്യമായാണ് കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോയിലേക്ക് ഏതെങ്കിലും ഒരു സ്റ്റാര്‍ട്ട്അപ് കമ്പനി തിരഞ്ഞെടുക്കപ്പെടുന്നത്. ഇവരുടെ വലിയ നേട്ടത്തെ മന്ത്രിസഭാ യോഗം അഭിനന്ദിച്ചു. ഫിന്‍ എന്ന ഈ ബ്ലൂ ടൂത്ത് മോതിരം കൈയ്യില്‍ ധരിച്ചാല്‍ അതുപയോഗിച്ച് ഇലക്രോണിക്‌സ് ഉപകരണങ്ങള്‍ (ടിവി, മൊബൈല്‍, കാറിന്റെ ലോക്ക്, കംപ്യൂട്ടര്‍ ഗെയിംസ്) തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാനാകം. ഫിന്‍ ബ്ലൂ ടൂത്ത് മോതിരം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുകയാണ് ക്രൗഡ് ഫണ്ടിംഗിലൂടെ നടക്കുന്നത്.