ഇനി തെലങ്കാന

Posted on: February 19, 2014 6:00 am | Last updated: February 19, 2014 at 12:01 pm

telangana-mapന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവതികരിക്കാനുള്ള ബില്‍ ലോക്‌സഭ പാസ്സാക്കി. മന്ത്രിമാരുള്‍പ്പെടെ സീമാന്ധ്ര മേഖലയില്‍ നിന്നുള്ള എം പിമാരുടെ ശക്തമായ പ്രക്ഷോഭത്തിനിടയിലാണ് ചരിത്രപ്രാധാന്യമുള്ള ബില്‍ ലോക്‌സഭയില്‍ ശബ്ദ വോട്ടോടെ പാസ്സാക്കിയത്. 38 ഭേദഗതികളോടെയാണ് ആന്ധ്രാപ്രദേശ് റീഓര്‍ഗനൈസേഷന്‍ ബില്‍ 2014 പാസ്സാക്കിയെടുത്തത്. ഹൈദരാബാദ് തെലങ്കാനയുടെ മാത്രം തലസ്ഥാനമാക്കണമെന്ന ഭേദഗതി വോട്ടിനിട്ട് തള്ളി. ബില്ലിനെ പ്രധാന പ്രതിപക്ഷമായ ബി ജെ പി അനുകൂലിച്ചു. ബില്‍ രാജ്യസഭ കൂടി പാസ്സാക്കുന്നതോടെ ഇരുപത്തൊമ്പതാമത്തെ സംസ്ഥാനമാകും തെലങ്കാന.
ബില്‍ പാസ്സാക്കിയതില്‍ പ്രതിഷേധിച്ച് സീമാന്ധ്ര മേഖലയില്‍ ബന്ദിന് വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഢി ആഹ്വാനം ചെയ്തിട്ടുണ്ട്. തെലങ്കാന രൂപവത്കരണത്തെ ശക്തമായി എതിര്‍ക്കുന്ന ആന്ധ്ര മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഢി ഇന്ന് രാജിവെച്ചേക്കുമെന്നും സൂചനയുണ്ട്.
സഭക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം അലയടിക്കവെ, ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയാണ് ബില്‍ അവതരിപ്പിച്ചത്. രായലസീമ, തീരദേശ ആന്ധ്ര എന്നിവ ഉള്‍പ്പെട്ട സീമാന്ധ്രക്ക് കേന്ദ്രം പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കുമെന്ന് ബില്‍ അവതിരിപ്പിച്ച ശേഷം സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അംഗമായ അസദുദ്ദീന്‍ ഉവൈസി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ് എന്നിവര്‍ കൊണ്ടുവന്ന ഭേദഗതികള്‍ തള്ളി.
സീമാന്ധ്രയില്‍ നിന്നുള്ള എം പിമാരുടെ പ്രതിഷേധം തുടര്‍ന്നതോടെ സഭ പലതവണ നിര്‍ത്തിവെച്ചു. ഉച്ചക്ക് മുമ്പ് രണ്ട് തവണയാണ് സഭ നിര്‍ത്തിവെച്ചത്. സഭ വീണ്ടും ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നു. ഇതേത്തുടര്‍ന്ന് വീണ്ടും സഭ നിര്‍ത്തിവെക്കേണ്ടി വന്നു. ഇതിനിടെ ലോക്‌സഭാ ടി വിയുടെ സംപ്രേക്ഷണം നിര്‍ത്തിവെച്ചത് വിവാദമായി. എന്നാല്‍, സാങ്കേതിക തകരാര്‍ കാരണമാണ് സംപ്രേക്ഷണം തടസ്സപ്പെട്ടതെന്ന് സ്പീക്കര്‍ മീരാ കുമാര്‍ അറിയിച്ചു.
കാര്യമായ ചര്‍ച്ചകള്‍ നടക്കാതെയാണ് ബില്‍ പാസ്സാക്കിയത്. പ്രതിപക്ഷ നേതാവായ സുഷമാ സ്വരാജും മന്ത്രി ജയ്പാല്‍ റെഡ്ഢിയും മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന് സംസ്ഥാന രൂപവത്കരണത്തെ എതിര്‍ക്കുന്ന ആന്ധ്രയില്‍ നിന്നുള്ള എം പി പറഞ്ഞു. തെലങ്കാന രൂപവത്കരണത്തെ അനുകൂലിക്കുന്നുവെന്ന് വ്യക്തമാക്കിയ ബി ജെ പി നേതാവ് സുഷമാ സ്വരാജ്, ഇത് നടപ്പാക്കുന്ന രീതിയെ എതിര്‍ക്കുന്നതായി വ്യക്തമാക്കി. ബില്ലിനെ എതിര്‍ത്ത് സി പി എം, സമാജ്‌വാദി പാര്‍ട്ടി, തൃണമൂല്‍ കേണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു.