രണ്ട് പേരെ കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍

Posted on: February 18, 2014 7:45 am | Last updated: February 18, 2014 at 7:45 am

പാലക്കാട്: നഗരത്തില്‍വെച്ച് സി പിഎം ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേരെ കുത്തിപ്പരുക്കേല്‍പ്പിച്ച മദ്യപന്മാരെ ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 11 മണിയോടെ താരേക്കാട് സംഗീത കോളജിന് മുന്നിലാണ് സംഭവം. സി പി എം ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി കൊടുവായൂര്‍ വടക്കുംപാടം ഗീത നിവാസില്‍ സന്തോഷ്‌കുമാര്‍(27), ചെമ്പൈ സ്മാരക സംഗീത കോളജിലെ വാച്ച്മാന്‍ ഷൗക്കത്ത്(55) എന്നിവര്‍ക്കാണ് കുത്തേറ്റത്.
അകത്തേത്തറ ചെമ്പുള്ളി വീട്ടില്‍ സജിത്ത്കുമാര്‍(24), റെയില്‍വെ കോളനി നഞ്ചപ്പന്‍ കോളനി പാതിരി നഗറില്‍ സുജിത്ത്(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി പിണറായി വിജയനെ കണ്ട് മടങ്ങുകയായിരുന്ന സന്തോഷ്‌കുമാര്‍ സംഗീത കോളജിന് മുന്നില്‍ ഡിവൈഡറില്‍ തട്ടിമറിഞ്ഞു കിടക്കുന്ന ബൈക്കിനരികിലേക്ക് കാരണം തിരക്കാന്‍ എത്തിയതായിരുന്നു. സ്പീഡ് കുറച്ച് പോയാല്‍ പോരെ എന്ന് തിരക്കിയതാണ് മദ്യപിച്ചിരുന്ന പ്രതികളെ പ്രകോപിതരാക്കിയത്. ഉടനെ അവര്‍ സന്തോഷിനെ കുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. അക്രമം കണ്ട് അവിടേക്ക് വന്ന വാച്ച്മാന്‍ ഷൗക്കത്തിനും കുത്തേറ്റു. സന്തോഷിന്റെ ഇടത് കാല്‍മുട്ടിന് മുകളിലും ഷൗക്കത്തിന്റെ കൈയിലുമാണ് പരുക്ക്. അക്രമത്തിനുശേഷം ബൈക്കുമായി പ്രതികള്‍ രക്ഷപ്പെട്ടെങ്കിലും വാഹനത്തിന്റെ നമ്പര്‍ ലഭിച്ചിരുന്നതിനാല്‍ ടൗണ്‍ നോര്‍ത്ത് സി ഐ കെ എം ബിജു, എസ് ഐ വി എസ് മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തിരച്ചില്‍ നടത്തി പ്രതികളെ ഇന്നലെ അറസ്റ്റു ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും.