ജില്ലാ പഞ്ചായത്തില്‍ സുപ്രധാന തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു: കാനത്തില്‍ ജമീല

Posted on: February 18, 2014 7:37 am | Last updated: February 18, 2014 at 7:37 am

കോഴിക്കോട്: കോടിക്കണക്കിന് രൂപയുടെ പദ്ധതി നിര്‍വഹണവും വികസന ക്ഷേമപ്രവര്‍ത്തനങ്ങളും നടത്തുന്ന ജില്ലാ പഞ്ചായത്തിലെ സുപ്രധാന തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുതിയ ഭരണസമിതി അധികാരത്തില്‍ വന്നതിന് ശേഷം പത്ത് മാസക്കാലം മാത്രമാണ് ജില്ലാ പഞ്ചായത്തില്‍ സ്ഥിരമായി സെക്രട്ടറി ഉണ്ടായിരുന്നത്. ഇപ്പോള്‍ ഫിനാന്‍സ് ഓഫീസറാണ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത്. 2012 ജനുവരി 16 മുതല്‍ സെക്രട്ടറിയുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. എട്ടോളം പേര്‍ മാറിമാറി ചുരുങ്ങിയ കാലയളവില്‍ ഫിനാന്‍സ് ഓഫീസറായി ചുമതല ഏല്‍ക്കുകയും മാറിപ്പോവുകയും ചെയ്തു. കോടിക്കണക്കിന് രൂപയുടെ പശ്ചാത്തല മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കേണ്ട ഫിനാന്‍സ് ഓഫീസറുടെ തസ്തിക ദീര്‍ഘനാളായി ഒഴിഞ്ഞു കിടക്കുന്നതു മൂലം റോഡുള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കാര്യമായ രീതിയില്‍ നടക്കുന്നില്ല. ഇപ്പോള്‍ ചേളന്നൂര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് ഫിനാന്‍സ് ഓഫീസറുടെ ചാര്‍ജ് വഹിക്കുന്നതെന്നും പ്രസിഡന്റ് അറിയിച്ചു.
ഈ ദുഃസ്ഥിതി പല തവണ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അനുകൂല നടപടി ഉണ്ടായിട്ടില്ല. അടിയന്തരമായി ഒഴിവുള്ള ഉന്നത തസ്തിക നികത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് ആര്‍ ശശി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി കെ തങ്കമണി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.