കെ എ ടി എഫ് സംസ്ഥാന സമ്മേളനം 20ന് തുടങ്ങും

Posted on: February 18, 2014 12:02 am | Last updated: February 20, 2014 at 7:30 am

കല്‍പ്പറ്റ: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ എ ടി എഫ്) 56ാം സംസ്ഥാന സമ്മേളനം ഈ മാസം 20, 21, 22 തീയതികളില്‍ കല്‍പ്പറ്റയില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവേചന രഹിത വിദ്യാലയം ഗുണമേന്‍മയുള്ള വിദ്യാഭ്യാസം’ എന്ന പ്രമേയം ത്രിദിന സമ്മേളനം ചര്‍ച്ച ചെയ്യും.
20ന് വൈകിട്ട് മൂന്നിന് പി കെ അഹ്മദലി മദനി നഗറില്‍ (ടൗണ്‍ ഹാള്‍) സ്വാഗത സംഘം ചെയര്‍മാന്‍ പി പി എ കരീമിന്റെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എം പി അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചിന് നടക്കുന്ന പ്രതിനിധി സമ്മേളനം എം വി അലിക്കുട്ടിയുടെ അധ്യക്ഷതയില്‍ എന്‍ കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച നാല് മണിക്ക് നടക്കുന്ന ഭാഷാസമ്മേളന ഉദ്ഘാടനം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. 22ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സി എച്ച് മുഹമ്മദ് കോയ നഗറില്‍ (ചന്ദ്രഗിരി ഓഡിറ്റോറിയം) നടക്കുന്ന മൈനോറിറ്റി കോണ്‍ഫറന്‍സ് നഗര കാര്യ ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. മുന്‍ എം പി പി വി അബ്ദുല്‍ വഹാബ് മുഖ്യ പ്രഭാഷണം നടത്തും. മതേതര ഇന്ത്യയും ന്യൂനപക്ഷ വിഭാഗങ്ങളും എന്ന വിഷയം സി. മമ്മൂട്ടി എം എല്‍ എ അവതരിപ്പിക്കും.
വൈകിട്ട് ചന്ദ്രഗിരി ഓഡിറ്റോറിയം പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രകടനം ബൈപ്പാസ് ജംഗ്ഷന്‍ വഴി കല്‍പ്പറ്റ ടൗണില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം സംസ്ഥാന പ്രസിഡന്റ്് എ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്യും. കെ എം ഷാജി എം എല്‍ എ മുഖ്യപ്രഭാഷണം നടത്തും.