ഇനിയും പൂര്‍ത്തിയാകാതെ കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ്

Posted on: February 17, 2014 6:00 am | Last updated: February 17, 2014 at 10:11 am

kkd ksrtc

കോഴിക്കോട്: തമ്പാനൂരിലെയും അങ്കമാലിയിലേയും കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡുകള്‍ നാടിന് സമര്‍പ്പിക്കപ്പെട്ടപ്പോള്‍ അതിന് മുമ്പേ പണി തുടങ്ങിയ കോഴിക്കോട് ബസ് സ്റ്റാന്‍ഡിന്റെ പണി ഇന്നും പൂര്‍ത്തിയായിട്ടില്ല.

അത്യാധുനിക സൗകര്യങ്ങളോടെ മാവൂര്‍ റോഡില്‍ നിര്‍മിക്കുന്ന കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന്റെ പണിയാണ് പൂര്‍ത്തിയാകതെ നില്‍ക്കുന്നത്. ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോപ്ലക്‌സ് ആണ് ഇവിടെ നിര്‍മിക്കുന്നത്. പൂര്‍ത്തീകരണത്തിന് ലക്ഷ്യമിട്ടിരുന്ന സമയം കഴിഞ്ഞു. 96 ശതമാനം പണിയണ് ഇപ്പോഴും പൂര്‍ത്തിയായിട്ടുള്ളത്.
ലിഫ്റ്റ്, എസ്‌കലേറ്റര്‍ എന്നിവയുടെ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. മാര്‍ച്ച് അവസാനം ആകുമ്പോഴേക്കും നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. 2009 മാര്‍ച്ചില്‍ ആരംഭിച്ച പ്രവൃത്തി 2013 സെപ്തംബറില്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ വിവിധ പ്രതികൂല കാരണങ്ങളാല്‍ പ്രവൃത്തി പൂര്‍ത്തിയാക്കുന്നത് വൈകുകയായിരുന്നു. 2011 ല്‍ അന്നത്തെ ഗതാഗത മന്ത്രി കെ എസ് ആര്‍ ടി സി സമുച്ചയം സന്ദര്‍ശിച്ച് പണി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും പണി പൂര്‍ത്തിയായിട്ടില്ല. ബസ് സര്‍വീസുകള്‍ ജൂണ്‍ മുതല്‍ ഇവിടെ നിന്ന് ആരംഭിക്കാന്‍ കഴിയുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഫ്‌ളോറിംഗ് പ്രവൃത്തികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടന്നുവരുകയാണ്. കെ എസ് ആര്‍ ടി സിയുടെ പഴയ കെട്ടിടം പൊളിക്കാന്‍ വൈകിയതും ടെണ്ടര്‍ ലഭിക്കാത്ത കമ്പനി കോടതിയെ സമീപിച്ചതുമെല്ലാമാണ് പ്രവൃത്തി വൈകിപ്പിച്ചത്. ആദ്യത്തെ കരാറുകാരന്‍ നിര്‍മാണ പ്രവൃത്തിയില്‍ നിന്ന് പിന്മാറിയത് പ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണമായി.
എറണാകുളം ആസ്ഥാനമായുള്ള കെ വി ജോസഫ് ആന്‍ഡ് സണ്‍സ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 40 കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യത്തോടെയാണ് സ്റ്റാന്‍ഡ് സജ്ജമാകുന്നത്. പത്ത് നിലകളുള്ള ഇരട്ട ടവറുകളുടെ നിര്‍മാണം അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് ബസ്സുകളുടെ പാര്‍ക്കിംഗ്. ഭൂമിക്കടിയിലുള്ള രണ്ട് നിലകളില്‍ ഒന്നില്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗും മറ്റൊന്നില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള സൗകര്യങ്ങളുമാണ് ഏര്‍പ്പെടുത്തുന്നത്. ഷോപ്പിംഗ് മാള്‍, ജീവനക്കാര്‍ക്ക് താമസസൗകര്യം, ഓഫീസുകള്‍, സ്റ്റാര്‍ ഹോട്ടല്‍ എന്നിവയും മുകളിലത്തെ നിലയില്‍ മള്‍ട്ടിപ്ലക്‌സ് എന്നിവക്കുള്ള സൗകര്യവും കെട്ടിടസമുച്ചയത്തിലുണ്ട്. വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ക്കായി രണ്ടാം നിലയില്‍ റാംപുകളിലൂടെ പാര്‍ക്കിംഗ് സൗകര്യമുണ്ടാകും. നൂറിലേറെ വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാനാകും. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിര്‍മാണം പൂര്‍ത്തിയാകാത്തത് യാത്രക്കാരെയും കെ എസ് ആര്‍ ടി സി ജീവനക്കാരെയും പ്രയാസപ്പെടുത്തുന്നുണ്ട്.
ഇപ്പോള്‍ താല്‍കാലികമായി ഒരുക്കിയ മൊഫ്യൂസല്‍ ബസ്റ്റാന്‍ഡിലെ സ്ഥലം കെ എസ് ആര്‍ ടി സി യാത്രക്കാര്‍ക്ക് യാതൊരു അടിസ്ഥാന സൗകര്യവും ഇല്ലാത്ത സ്ഥിതിയിലാണ്. ഇനി പുതിയ ഗതാഗ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ച് എന്തുപറയും എന്നാണിപ്പോള്‍ ജനം കൗതക പൂര്‍വം കാത്തിരിക്കുന്നത്.
കേരള സ്റ്റേറ്റ് ഫിനാഷ്യല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ(കെ ടി ഡി എഫ് സി) ധനസഹായത്തോടെ ബി ഒ ടി അടിസ്ഥാനത്തില്‍ 51 കോടി രൂപ ചെലവിലാണ് കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന്‍ കം ഷോപ്പിങ് കോംപ്ലക്‌സ് യാഥാര്‍ഥ്യമാക്കുന്നത്.
2009 ഏപ്രില്‍ മൂന്നിന് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് കെ എസ് ആര്‍ ടി സിയുടെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. അഞ്ച് വര്‍ഷമായിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാത്തത് കാരണം യാത്രക്കാരും ജീവനക്കാരും പ്രയാസം നേരിടുകയാണ്. മഴയിലും വെയിലിലും കെ എസ് ആര്‍ ടി സി യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാകണമെങ്കില്‍ പുതിയ സ്റ്റാന്‍ഡ് എത്രയും വേഗം തുറക്കണം.

ALSO READ  പൗരത്വ ഭേദഗതി നിയമം: യോജിച്ചുള്ള സമരം പാടില്ലെന്ന് പറയുന്നത് അപരാധം: എളമരം കരീം