Connect with us

Kerala

പോലീസ് സ്റ്റേഷനുകള്‍ ഒരു കുടക്കീഴില്‍; എഫ് ഐ ആര്‍ ഓണ്‍ലൈന്‍ വഴി

Published

|

Last Updated

തിരുവനന്തപുരം: രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളെയും അനുബന്ധ ഓഫീസുകളെയും കമ്പ്യൂട്ടര്‍ ശ്യംഖലയിലൂടെ ബന്ധിപ്പിക്കുന്ന ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് ആന്‍ഡ് നെറ്റ്‌വര്‍ക്ക് സിസ്റ്റം കേരളത്തില്‍. ഇന്ത്യയില്‍ കേരളത്തിലാണ് ആദ്യമായി ഈ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നത്. രാജ്യത്തെ 14,000 പോലീസ് സ്റ്റേഷനുകളെയും ബന്ധപ്പെട്ട ആറായിരം ഓഫീസുകളെയും വകുപ്പുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. മലപ്പുറം ജില്ലയിലാണ് പദ്ധതി തുടങ്ങിയിട്ടുള്ളത്.
ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് ആന്‍ഡ് നെറ്റ്‌വര്‍ക്ക് സിസ്റ്റത്തിലൂടെ ഓണ്‍ലൈനായി എഫ് ഐ ആര്‍ തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമെന്ന നേട്ടം ഇതോടെ കേരളം കൈവരിച്ചിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഒരു മിഷന്‍ മോഡ് പ്രോജക്ടായാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും വിവിധ പോലീസ് സംവിധാനങ്ങളെ ഒരു നെറ്റ്‌വര്‍ക്കിലൂടെ ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടപ്പിലാകുന്നതോടെ പോലീസ് സേനകള്‍ക്ക് രാജ്യത്തിന്റെ ഏത് ഭാഗത്തുമുള്ള പോലീസ് സംവിധാനങ്ങളുമായി ഈ നെറ്റ്‌വര്‍ക്കിലൂടെ ബന്ധപ്പെടാന്‍ സാധിക്കും. സംസ്ഥാനാന്തര കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് മാഫിയ, മനുഷ്യക്കടത്ത് മാഫിയ തുടങ്ങിയ കാര്യങ്ങളില്‍ അന്യ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ഇതിലൂടെ സാധിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. ഈ പ്രോജക്ടില്‍ സംസ്ഥാനം കാണിച്ച താത്പര്യം മുന്‍നിര്‍ത്തി 2012 ഒക്‌ടോബറില്‍ കേരളത്തെ പൈലറ്റ് സ്റ്റേറ്റ് ആയി കേന്ദ്രം തിരഞ്ഞെടുക്കുകയായിരുന്നു. ഇതിനായി തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍ എന്നീ സ്ഥലങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. ഈ ജില്ലകളില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം ജനുവരി പത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തിരുന്നു. തുടര്‍ന്ന് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കഠിന പ്രയത്‌നത്തിന്റെ ഫലമായാണ് രാജ്യത്ത് ഈ പദ്ധതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമെന്ന പദവി കേരളത്തിന് നേടാന്‍ സാധിച്ചത്.
മലപ്പുറം ജില്ലയിലെ 28 പോലീസ് സ്റ്റേഷനുകളിലാണ് ഇപ്പോള്‍ പദ്ധതി ആരംഭിച്ചിട്ടുള്ളത്. തിരുവനന്തപുരം സിറ്റിയിലും തിരുവനന്തപുരം റൂറലിലും ഈ മാസം 19, 22 എന്നീ തീയതികളിലും മറ്റു ജില്ലകളില്‍ വൈകാതെയും ഈ സംവിധാനം നിലവില്‍ വരുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

Latest