വൈകല്യമേ വഴിമാറുക! ഭൂമിയില്‍ അരുണ്‍ പൊന്ന് വിളയിക്കട്ടെ

Posted on: February 17, 2014 6:00 am | Last updated: February 17, 2014 at 1:18 am

malappuram

മലപ്പുറം: കൈകാലുകള്‍ക്ക് ശേഷിയില്ലെന്നു കരുതി അരുണ്‍കുമാറിന് വീട്ടില്‍ ചടഞ്ഞിരിക്കാനാകില്ല. താന്‍ വിയര്‍പ്പൊഴുക്കി വിരിയിച്ചെടുത്ത വാഴത്തോട്ടമുണ്ട് തൊട്ടകലെ. അതിരാവിലെ നിരങ്ങിനീങ്ങി വീടിന്റെ മുന്‍വശത്തെ റോഡ് മുറിച്ചു കടന്നാല്‍ വാഴത്തോട്ടത്തിലെത്തും. ഇതിനിടയില്‍ പലതവണ വീഴുകയും ശരീരത്തില്‍ മുറിവേല്‍ക്കുകയും ചെയ്യും. എന്നാല്‍ അതൊന്നും കാര്യമാക്കാതെ തൂമ്പയുമായി മുന്നോട്ടിറങ്ങും. വൈകല്യം ശരീരത്തെ തളര്‍ത്തിയിട്ടും ആത്മവിശ്വാസത്തിന്റെ കരുത്തില്‍ ജീവിതത്തെ നേരിടുകയാണ് വേങ്ങരക്കടുത്ത് ഊരകം പുല്ലഞ്ചാലിലെ കാരാട്ട് അരുണ്‍കുമാര്‍.
സ്വാധീനമില്ലാത്ത കൈകാലുകളും ബലക്ഷയമുള്ള കഴുത്തുമായി സംസാര ശേഷി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അരുണ്‍കുമാറിന്റെ ജനനം. പക്ഷേ, വൈകല്യങ്ങള്‍ക്ക് മുന്നില്‍ അരുണ്‍ തോല്‍ക്കാന്‍ തയ്യാറായില്ല. ദൃഢനിശ്ചയമുള്ള മനസ്സ് മാത്രം കൈമുതലാക്കിയാണ് ഈ നാല്‍പ്പത്തിരണ്ടുകാരന്‍ കാര്‍ഷികോപകരണങ്ങളുമായി മണ്ണിലിറങ്ങുന്നത്.
കൈകള്‍ക്ക് അധികം ബലം കൊടുക്കാന്‍ കഴിയാത്തതിനാല്‍ പതിയെ കൊത്തി മണ്ണിളക്കിയ ശേഷം ചിരട്ട ഉപയോഗിച്ച് മണ്ണ് കോരിയിട്ടാണ് വാഴക്ക് തടമുണ്ടാക്കുന്നത്. സമയം ഏറെ വേണമെങ്കിലും പിന്മാറാതെ ജോലിയില്‍ മുഴുകും. പിന്നെ പന്ത്രണ്ട് മണിയാകും വരെ വാഴക്ക് മണ്ണിട്ടും നനച്ചും വളമിട്ടുമെല്ലാം കൃഷിയിടത്തില്‍ തന്നെയായിരിക്കും. ഉച്ചക്ക് ശേഷം അഞ്ച് മണിക്ക് വീണ്ടും കൃഷിയിടത്തിലിറങ്ങിയാല്‍ കയറണമെങ്കില്‍ മാതാവ് മാധവിക്കുട്ടിയമ്മ വിളിക്കണം. അതുവരെ നിര്‍ത്താതെ ജോലിയിലായിരിക്കും. നിലമൊരുക്കുന്നതും കന്ന് വെക്കുന്നതും വിളവെത്തിയാല്‍ വെട്ടുന്നതുമെല്ലാം ഒറ്റക്കാണ്. ഏഴ് വര്‍ഷമായി കവുങ്ങും തെങ്ങും വാഴയുമെല്ലാം കൃഷി ചെയ്യാന്‍ തുടങ്ങിയിട്ട്. അരുണ്‍കുമാറിന്റെ കൃഷി സ്‌നേഹം കണ്ട് നാട്ടുകാരനായ ഹസന്‍കുട്ടി ഹാജി നല്‍കിയ സ്ഥലത്താണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്.
അമ്പത്തിയഞ്ച് നേന്ത്ര വാഴകളാണ് ഇദ്ദേഹത്തിന്റെ കൃഷിത്തോട്ടത്തില്‍ പച്ചപിടിച്ച് വളരുന്നത്. ഒഴിവ് സമയങ്ങളില്‍ വീട്ടു മുറ്റത്തിരുന്ന് കൃഷിയിടത്തില്‍ മൃഗങ്ങളും പക്ഷികളും വരുന്നത് നിരീക്ഷിക്കും. സംസാരിക്കാനാകാത്തതിനാല്‍ പ്രത്യേകതരം ശബ്ദമുണ്ടാക്കിയാണ് മറ്റുള്ളവരെ വിളിക്കുന്നത്. 38 വര്‍ഷം മുമ്പ് പിതാവ് നാരായണന്‍ നായര്‍ മരിച്ചതോടെ കോഴിക്കോട്ട് നിന്ന് അമ്മയുടെ നാടായ ഊരകത്തെത്തിയതാണ് ഈ കുടുംബം. വാടക വീട്ടിലാണ് ഇപ്പോഴത്തെ താമസം. വീട് നിര്‍മിക്കാന്‍ ഗ്രാമ പഞ്ചായത്ത് ഒരു വര്‍ഷം മുമ്പ് തുക അനുവദിച്ചെങ്കിലും പൂര്‍ണമായി ലഭിക്കാത്തതിനാല്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. കൃഷി ചെയ്യാന്‍ വില്ലേജില്‍ നിന്ന് മറ്റ് സഹായങ്ങളും ഇതുവരെ ലഭിച്ചിട്ടുമില്ല. കേബിള്‍ ജോലിക്കാരനായ സഹോദരന്‍ പ്രവീണ്‍ കുമാറിന്റെ വരുമാനം കൊണ്ടാണ് കുടുംബം പുലരുന്നത്.