വയനാട് ജില്ലയില്‍ ജലജന്യരോഗബാധിതരുടെ എണ്ണം കൂടുന്നു

Posted on: February 15, 2014 10:28 pm | Last updated: February 15, 2014 at 10:28 pm

കല്‍പ്പറ്റ: ജില്ലയില്‍ ജലജന്യ രോഗബാധിതരുടെ എണ്ണം മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടിയതായി ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2013 ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 14 വരെയുള്ള ഒന്നരമാസക്കാലയളവില്‍ 891 പേര്‍ക്കാണ് വയറിളക്ക രോഗങ്ങള്‍ ബാധിച്ചതെങ്കില്‍ 2014ല്‍ ഇതേ കാലയളവില്‍ ഈ രോഗം ബാധിച്ചവരുടെ എണ്ണം 2013 ആയി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 42 മഞ്ഞപ്പിത്ത കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഈ വര്‍ഷം 84 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ടൈഫോയ്ഡ് ബാധിതരുടെ എണ്ണം 18 ല്‍ നിന്ന് 44 ഉം ചിക്കന്‍പോക്‌സ് 26ല്‍ നിന്ന് 100 ഉം പനിബാധിതരുടെ എണ്ണം 8000 ല്‍ നിന്ന് 14400 ഉം ശ്വാസകോശ രോഗബാധിതരുടെ എണ്ണം 13000ല്‍ നിന്ന് 34000 ആയും ഈ വര്‍ഷം വര്‍ധിച്ചു.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേഷന്‍ നടത്തുക, കിണറും പരിസരവും വൃത്തിയായി സൂക്ഷിക്കുക, പൊതുകിണറുകള്‍ വലയിട്ട് സംരക്ഷിക്കുക, പാത്രങ്ങളിലും മറ്റും കൂടുതല്‍ ദിവസം വെള്ളം ശേഖരിച്ച് വെയ്ക്കാതിരിക്കുക, കോളനികളിലും അംഗന്‍വാടികളിലും വീടുകളിലും ഒ.ആര്‍.എസ്. പായ്ക്കറ്റുകള്‍ കരുതിവെക്കുക, ഭക്ഷ്യവിതരണ സ്ഥാപനങ്ങളില്‍ ശുചിത്വത്തോടെ ആഹാരം തയ്യാറാക്കുകയും അടച്ച് സൂക്ഷിക്കുകയും പഴകിയ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാതിരിക്കുകയും ഹോട്ടല്‍ തൊഴിലാളികള്‍ ശുചിത്വം പാലിക്കുകയും വേണം. തൊഴിലുറപ്പ് പദ്ധതിയില്‍ വിവിധ ജോലികള്‍ ചെയ്യുന്നവര്‍ ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ എലിപ്പനിയുള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെടാനും സാധ്യതയുണ്ട്.
ജില്ലയില്‍ ജലജന്യ രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനാരോഗ്യ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. നീതാ വിജയന്‍ പറഞ്ഞു. ഭക്ഷ്യോല്‍പ്പാദന വിപണന സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയില്‍ വരുന്ന മറ്റ് സ്ഥാപനങ്ങളും പരിശോധിക്കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഡി.എം.ഒ. അറിയിച്ചു. അറവുശാലകള്‍, മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍, പഴം-പച്ചക്കറി, ബേക്കറി, ഐസ്‌ക്രീം പാര്‍ലറുകള്‍, ഉപ്പിലും തേനിലുമിട്ട സാധനങ്ങള്‍ വില്‍ക്കുന്നവര്‍, വഴിയോര കച്ചവട സ്ഥാപനങ്ങള്‍, പൊതുകിണറുകള്‍ തുടങ്ങിയവ പരിശോധിക്കും. മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും. കുടുംബശ്രീ, ആശാപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹായത്തോടെ കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേഷന്‍ നടത്തും. ജലജന്യ രോഗബാധിതരെ കണ്ടെത്തുന്നതിനും ഏതൊക്കെ പ്രദേശങ്ങളിലാണ് രോഗബാധ കൂടുതലുള്ളതെന്ന് മനസ്സിലാക്കുന്നതിനും ഇവരുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും ഡി.എം.ഒ. അറിയിച്ചു.
ജലജന്യ രോഗങ്ങളെയും പ്രതിരോധ പ്രവര്‍ത്തനങ്ങളെയുംകുറിച്ച് ആരോഗ്യ വകുപ്പ് ജില്ലാതല സെമിനാറും റാലിയും നടത്തി. പൂതാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഐ.ബി.മൃണാളിനി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. നീതാവിജയന്‍ മുഖ്യപ്രഭാഷണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റാണിവര്‍ക്കി അധ്യക്ഷയായി. പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. വിശ്വനാഥന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധുരവീന്ദ്രന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.എം. സുധാകരന്‍, ഡെ. ഡി.എം.ഒ. ഡോ. കെ.ആര്‍. വിദ്യ, ഡോ. പി.കെ. അനില്‍കുമാര്‍, ഡോ. രേഷ്മ, ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.പി.ജിതേഷ്, മാസ് മീഡിയ ഓഫീസര്‍മാരായ ബേബി നാപ്പള്ളി, ഹംസ ഇസ്മാലി, സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ബീന ബാബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എം.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.