Connect with us

Gulf

ദുബൈയില്‍ ഹോട്ടല്‍ മുറി വാടക വര്‍ധിച്ചു

Published

|

Last Updated

ദുബൈ: നഗരത്തില്‍ ഹോട്ടല്‍ വാടകയില്‍ വര്‍ധനവ്. ശരാശരി മുറി വാടക 1,200 ദിര്‍ഹം വരെ ആയതായാണ് ട്രൈ ഹോസ്പിറ്റാലിറ്റി കണ്‍സള്‍ട്ടിംഗ് നടത്തിയ പഠനം വ്യക്തമാക്കുന്നത്. 2013ന്റെ അവസാന മൂന്നു മാസങ്ങളിലാണ് മുറി വാടക ക്രമാതീതമായി ഉയര്‍ന്നത്. ഇതിലൂടെ മിക്ക ഹോട്ടലുകളും വന്‍ ലാഭമാണ് കൊയ്‌തെന്നും ട്രൈ വിശദീകരിക്കുന്നു.
ദുബൈ സര്‍ക്കാരിന്റെ കണക്കു പ്രകാരം 2013ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ 79 ലക്ഷം സന്ദര്‍ശകരാണ് നഗരത്തില്‍ എത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവ് 10 ശതമാനം. സന്ദര്‍ശകര്‍ 4,200 കോടി ഡോളറാണ് ചെലവഴിച്ചത്. 2012നെ അപേക്ഷിച്ച് സംഭവിച്ച വര്‍ധനവ് 17 ശതമാനം.
ദുബൈ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരുടെ എണ്ണത്തിലും 2012നെ അപേക്ഷിച്ച് 15.2 ശതമാനത്തിന്റെ വര്‍ധനവ് 2013ല്‍ സംഭവിച്ചിട്ടുണ്ട്. 66.4 ലക്ഷം യാത്രക്കാരാണ് വിമാനമിറങ്ങിയത്. 239 നഗരങ്ങളില്‍ നിന്നായാണ് യാത്രക്കാര്‍ എത്തിയത്. 28 പുതിയ റൂട്ടുകളും ഈ കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്. ദുബൈ വിജയഗാഥ തുടരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് റീഡ് ട്രാവല്‍ എക്‌സ്ബിഷന്‍സ് പോര്‍ട്ട്‌ഫോളിയോ ഡയറക്ടര്‍ മാര്‍ക്ക് വാല്‍ഷ് പറഞ്ഞു. ദുബൈയുടെ വളര്‍ച്ച അടുത്തൊന്നും മന്ദീഭവിക്കാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ സാധ്യതയില്ല. പ്രത്യേകിച്ചും 900 കോടി ഡോളറിന്റെ നിക്ഷേപം പശ്ചാത്തല സൗകര്യ വികസന രംഗത്ത് സംഭവിക്കുമെന്ന് സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബേങ്ക് കണക്കുകൂട്ടുന്ന സാഹചര്യത്തില്‍. എക്‌സ്‌പോ 2020ന്റെ ഭാഗമായാണ് നഗരത്തില്‍ വന്‍ വികസന പദ്ധതികള്‍ നടപ്പാക്കി വരുന്നത്. ഇനിയും ധാരാളം പദ്ധതികളാണ് വരും ദിനങ്ങളില്‍ ആരംഭിക്കുക. ആഗോള തലത്തില്‍ ദുബൈയെ പ്രത്യേക ബ്രാന്റായി അവതരിപ്പിക്കാന്‍ ആവശ്യമായ പണം സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്.
ഹോട്ടലില്‍ രാപ്പാര്‍ക്കുന്നതിന് 20 ദിര്‍ഹമാണ് സര്‍ക്കാര്‍ ടുറിസം ടാക്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈ കോര്‍പറേഷന്‍ ഫോര്‍ ടൂറിസം മാര്‍ക്കറ്റിംഗ് ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് രണ്ടു കോടി സന്ദര്‍ശകരെയാണ് 2020 ലേക്ക് പ്രതീക്ഷിക്കുന്നതെന്നും വാല്‍ഷ് ഓര്‍മിപ്പിച്ചു.