കെജരിവാളിന്റെ രാജിയോടെ ദുസ്വപ്‌നം അവസാനിച്ചെന്ന് ജയ്റ്റ്‌ലി

Posted on: February 15, 2014 5:14 pm | Last updated: February 15, 2014 at 5:14 pm

JAITLYന്യുഡല്‍ഹി: അരവിന്ദ് കെജരിവാള്‍ സര്‍ക്കാറിന്റെ രാജിയോടെ ഡല്‍ഹിയിലെ ദുസ്വപ്‌നം അവസാനിച്ചുവെന്ന് ബി ജെ പി നേതാവ് അരുണ്‍ ജയ്റ്റ്‌ലി. രാജ്യവും ഡല്‍ഹിയും ഇതുവരെ കണ്ടതില്‍ ഏറ്റവും മോശമായ സര്‍ക്കാറാണ് രാജിവെച്ചത്. പ്രത്യയ ശാസ്ത്രമോ അജണ്ടയോ ഇല്ലാത്തതായിരുന്നും ആപ് സര്‍ക്കാറെന്നും ജയ്റ്റ്‌ലി പറഞ്ഞു. ഒരു വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ് ജയ്റ്റ്‌ലി ആം ആദ്മി സര്‍ക്കാറിനെതിരെ വിമര്‍ശനമുന്നയിച്ചത്.

ബുദ്ധിപരമായ രാഷ്ട്രീയവും ഭരണത്തിന്റെ അഭാവവുമായിരുന്നു കെജരിവാള്‍ സര്‍ക്കാറിന്റെ ആപ്തവാക്യം. ജനവിധി അനുസരിച്ചായിരുന്നു ആപ്പ് സര്‍ക്കാര്‍ രൂപീകരിച്ചത്. ബി ജെ പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ യാതൊരു മനസ്താപവുമില്ലാതെയാണ് എ എ പി കോണ്‍ഗ്രസ് പിന്തുണ സ്വീകരിച്ചത്. ആപ് എം എല്‍ എമാര്‍ പക്വതയില്ലാത്തവരാണെന്നും ജയ്റ്റ്‌ലി ആരോപിച്ചു.

ജന്‍ ലോക്പാല്‍ ബില്‍ അവതരിപ്പിക്കാനാവാതെ വന്നതിനെ തുടര്‍ന്ന് ഇന്നലെയാണ് ആം ആദ്മി സര്‍ക്കാര്‍ രാജിവെച്ചത്. ആരും സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തിരിക്കുകയാണ്.