കശ്മീരി സിനിമ: ബി ജെ പി സംഘര്‍ഷത്തിനിടെ പ്രദര്‍ശിപ്പിച്ചു

Posted on: February 15, 2014 10:57 am | Last updated: February 15, 2014 at 10:57 am
vibgyor phot1o
വിബ്ജിയോര്‍ ചലച്ചിത്ര മേളയില്‍ കശ്മീരി സിനിമയുടെ പ്രദര്‍ശനം തടയാനെത്തിയ
ബി ജെ പി പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രതിരോധം തീര്‍ക്കുന്ന ഫെസ്റ്റിവല്‍ പ്രതിനിധികള്‍

തൃശൂര്‍: വിബ്ജിയോര്‍ ചലച്ചിത്ര മേളയില്‍ കശ്മീരി സിനിമയുടെ പ്രദര്‍ശനം ബി ജെ പി സംഘര്‍ഷത്തിനിടെ പ്രദര്‍ശിപ്പിച്ചു. കശ്മീരി സ്ത്രീകള്‍ക്കെതിരേ നടക്കു സൈനികാതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ബിലാല്‍ എജാന്‍ സംവിധാനം ചെയ്ത സിനിമയുടെ പ്രദര്‍ശനം തടയുമെന്ന് ബി ജെ പി ജില്ലാ നേതാക്കള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് അക്കാദമി ഹാളിന് മുന്നില്‍ വന്‍ പോലിസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. വൈകീട്ട് ആറിന് നിറഞ്ഞ സദസ്സിലാണ് സിനിമ പ്രദര്‍ശനം തുടങ്ങിയത്്. സിനിമ തുടങ്ങി 10 മിനുട്ട് പിന്നിട്ടതോടെ ‘ഭാരത് മാതാ കീ ജയ്’ എ മുദ്രാവാക്യം വിളികളുമായി നൂറോളം ബി ജെ പി പ്രവര്‍ത്തകര്‍ അക്കാദമി ഹാളിലേക്ക് അതിക്രമിച്ചു കയറി. ബി ജെ പി സ്റ്റേറ്റ്‌സെല്‍ കോഡിനേറ്റര്‍ അഡ്വ. ബി ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തെ തടയാന്‍ പോലിസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ സംഘാടകരും പ്രദര്‍ശനം കാണാനെത്തിയവരും സ്‌ക്രീനിന് മുന്നില്‍ കയറി നിന്ന് ബി ജെ പി പ്രവര്‍ത്തകരെ പ്രതിരോധിക്കുകയായിരുന്നു. പ്രദര്‍ശനം തടയാനും പ്രൊജക്ടറടക്കമുള്ള ഉപകരണങ്ങള്‍ നശിപ്പിക്കാനുമുള്ള നീക്കത്തെ പ്രതിനിധികള്‍ മനുഷ്യചങ്ങല തീര്‍ത്ത് തടഞ്ഞു. പ്രഫ. സാറാ ജോസഫ്, ഐ ഷമുഖദാസ്, കവിയത്രി കുട്ടിരവതി, കവി അന്‍വര്‍ അലി, തമിഴ് സംവിധായകന്‍ ആര്‍ പി അമുദന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പ്രതിരോധത്തില്‍ പങ്കെടുത്തു.
മടങ്ങിപ്പോകുതിനിടെ ബി ജെ പി പ്രവര്‍ത്തകര്‍ അക്കാദമി ക്യാമ്പസില്‍ ആക്രമണം അഴിച്ചുവിട്ടു. അക്കാദമിയുടെ ഗേറ്റ് അടിച്ചു തകര്‍ത്ത സംഘം ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിരുന്ന സ്റ്റാളുകള്‍ നശിപ്പിച്ചു. ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരേ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്തതായി പോലിസ് അറിയിച്ചു. കണ്ടാലറിയാവുന്ന നൂറുപേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്.
സെന്‍സര്‍ യു സര്‍ട്ടിഫിക്കറ്റുള്ളതും അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള പട്ടിക് സര്‍വീസിംഗ് ബ്രോഡ്കാസ്റ്റിംഗ് ട്രസ്റ്റ് നിര്‍മിച്ചതുമാണ് ഓഷന്‍ ഓഫ് ടിയേഴ്‌സ്. പട്ടാളത്തിന്റേയും തീവ്രവാദികളുടേയും ഭാഗത്തുനിന്ന് നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളുടെ ഇരകളായ സ്ത്രീകളുടെ നൊമ്പരങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം പട്ടാളക്കാരെ അപമാനിക്കുന്നു എന്ന തെറ്റായ പ്രചാരണത്തിലൂടെയാണ് ബി ജെ പി രംഗത്തിറങ്ങിയത്. എന്നാല്‍ അക്രമത്തെ ഫലപ്രദമായി പ്രതിനിധികള്‍ തടയുകയായിരുന്നു. തിയറ്ററിനകത്തുകയറിയവരെ പോലിസ് നീക്കം ചെയ്തശേഷം പ്രദര്‍ശനം തുടര്‍ന്നു.
പ്രദര്‍ശനം വിജയകരമായി നടന്ന ശേഷം തിയറ്റര്‍ ക്യാമ്പസില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. സംവിധായകന്‍ ബിലാല്‍ എ ജാന്‍, സാറാജോസഫ്, കെ പി ശശി സംസാരിച്ചു.