മകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം

Posted on: February 15, 2014 10:51 am | Last updated: February 15, 2014 at 10:51 am

പാലക്കാട്: ഏഴുവയസ്സുകാരനായ മകനെ കുത്തിക്കൊലപ്പെടുത്തുകയും ഭാര്യയെയും മകളെയും കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്.
കോട്ടയം പാല സ്വദേശി കുന്നേല്‍ വീട്ടില്‍ ഷാജി എന്ന കരുവാന്‍ ഷാജി (48)യെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി മൂന്ന്് ജഡ്ജ് കെ പിജോണ്‍ ശിക്ഷ വിധിച്ചത്.
2002 ഏപ്രിലിലാണ് പ്രതി ഷാജി മകനായ പ്രജീഷി(7)നെ കുത്തികൊലപ്പെടുത്തുകയും ഭാര്യ തങ്കലക്ഷ്മി, തങ്കലക്ഷ്്്മിയുടെ ആദ്യഭര്‍ത്താവിലുള്ള മകള്‍ ഓമന എന്നിവരെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തത്.
അലനല്ലൂര്‍ ഉപ്പുകുളത്തെ ഇവരുടെ വീട്ടില്‍വെച്ചായിരുന്നു സംഭവം.
ഷാജിക്ക് വിരോധമുള്ള അയല്‍വാസിയുമായി ഭാര്യയും മകളും സംസാരിക്കുന്നത് കണ്ട് ദേഷ്യപ്പെട്ട പ്രതി വീട്ടിനകത്ത്് കയറി കഠാര കൊണ്ടുവന്ന് ഇരുവരെയും കുത്തുകയായിരുന്നു. പരിക്കേറ്റ ഇരുവരും ഓടിരക്ഷപ്പെട്ടു. ഈ സമയത്താണ് ആടുമേയ്ക്കാന്‍ പോയ പ്രജീഷും അനിയന്‍ രജീഷും തിരിച്ചെത്തിയത്. കലിപൂണ്ട് നില്‍ക്കുന്ന ഷാജി ആടുകളെ കൊല്ലാനൊരുങ്ങിയപ്പോള്‍ തടുക്കാന്‍ ചെന്ന പ്രജീഷിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു.
കൊലക്ക് ശേഷം അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയി. പിന്നീട് 2013ല്‍ ഇയാളെ വീണ്ടും പൊലീസ് പിടികൂടുകയായിരുന്നു. കൊലപാതകത്തിന് ഐ പി സി 302 പ്രകാരം ജീവപര്യന്തം തടവും ഭാര്യയെയും മകളെയും കുത്തിപരുക്കേല്‍പ്പിച്ചതിന് ഐ പി സി 324 പ്രകാരം ആറുതാമസം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ സംഖ്യ ഭാര്യ തങ്കലക്ഷ്മിക്ക് നല്‍കണം.
മണ്ണാര്‍ക്കാട് സി.ഐമാരായ എം ബഷീര്‍, ബി സ്റ്റീഫണ്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യുഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. മുഹമ്മദലി മറ്റാംതടം ഹാജരായി.