ജില്ലയില്‍ 2636 പേര്‍ക്ക് പട്ടയം നല്‍കും

Posted on: February 15, 2014 10:49 am | Last updated: February 15, 2014 at 10:49 am

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ 2636 പേര്‍ക്ക് പട്ടയം നല്‍കും. ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി 28 ന് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന പട്ടയവിതരണ മേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2636 പേര്‍ക്ക് പട്ടയവിതരണം നടത്തും. റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് 1000 ദിനാഘോഷത്തിന്റെ ഉദ്ഘാടനം നടത്തും.
ടൂറിസം-പട്ടികജാതി വികസന മന്ത്രി എ പി അനില്‍കുമാര്‍ പങ്കെടുക്കും. ജില്ലയിലെ മുഴുവന്‍ എം പിമാരും, എം എല്‍ എമാരും മേളയില്‍ പങ്കെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന്റെ 1000 ദിനം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി നിരവധി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.
1000 കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രി ഒരേസമയം സംസാരിക്കും 24 ന് ചിറ്റൂരില്‍ ”കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാ ബോധം” എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. കെ അച്ചുതന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പുതുശ്ശേരിയിലെ വാധ്യാര്‍ ചള്ള, പെരുമാട്ടിയിലെ മല്ലന്‍ചള്ള, കിഴക്കഞ്ചേരിയിലെ കവിളുപാറ എന്നി ആദിവാസി ഊരുകളില്‍ കുടുംബശ്രീയുമായി സഹകരിച്ച് 21 മുതല്‍ മൂന്ന് ദിവസങ്ങളിലായി അദാലത്ത് നടത്തും. ഡോക്യമെന്ററി പ്രദര്‍ശനവും ഉണ്ടാവും. എ പി എല്‍, ബി പി എല്‍ പ്രശ്‌നം പരിഹരിക്കുക, റേഷന്‍ കാര്‍ഡ് ലഭ്യമാക്കുക , തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്‌ട്രേഷന്‍ ഉറപ്പാക്കുക, തൊഴിലില്ലായ്മ വേതനം ഉറപ്പാക്കുക, ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗത്വം നല്‍കുക, ആരോഗ്യ ശുചിത്വപ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നിവയാണ് അദാലത്തുകൊണ്ട് ലക്ഷ്യമിടുന്നത്.
ഫോട്ടോ പ്രദര്‍ശനത്തിന്റെ ജില്ലാതല ഉദ്ഘാടനം 15ന് മണ്ണാര്‍ക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് അഡ്വ. എന്‍ ഷംസുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എല്ലാതാലൂക്ക് കേന്ദ്രങ്ങളിലും പ്രദര്‍ശനം സംഘടിപ്പിക്കും .
തിരുവനന്തപുരത്ത് നിന്ന് എത്തുന്ന മൊബൈല്‍ എക്‌സിബിഷന്‍ വാഹനം 20 ന് ജില്ലയില്‍ പര്യടനം നടത്തും.
18ന് പുതുശ്ശേരി കസബ പോലീസ് സ്റ്റേഷന്‍ ഹാളില്‍ ”സ്തീകളും സമൂഹവും” എന്ന വിഷയത്തില്‍ ജില്ലാ സാക്ഷരതാ മിഷനുമായി സഹകരിച്ച് സെമിനാര്‍ നടത്തും. വിദഗ്ദര്‍ കഌസ്സെടുക്കും.
17 മുതല്‍ അഞ്ചുദിവസം ജില്ലാ എംപ്‌ളോയമെന്റ് എക്്‌സ്‌ചേഞ്ചുമായി സഹകരിച്ചു പട്ടികജാതിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷ പരിശീലന കഌസ് നടത്തും. 25ന് മച്ചാംതോട് വി എഫ് പി സി കെ ഹാളില്‍ കൃഷി ഓഫീസുമായി സഹകരിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തും.
പട്ടയവിതരണവുമായി ബന്ധപ്പെട്ട് കലക്ട്രറ്റില്‍ നടന്ന യോഗത്തില്‍ എ ഡി എം കെ ഗണേശന്‍ അധ്യക്ഷതവഹിച്ചു.
ഡപ്യുട്ടി കലക്ടര്‍ എം ഹംസ, ആര്‍ ഡി ഒ ആര്‍ ശെല്‍വരാജ്, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.