പരസ്പര അധിക്ഷേപങ്ങള്‍ ഒഴിവാക്കും

Posted on: February 15, 2014 6:08 am | Last updated: February 15, 2014 at 9:08 am

സിയൂള്‍: പരസ്പര അധിക്ഷേപങ്ങളും പ്രകോപനപരമായ പരാമര്‍ശങ്ങളും ഒഴിവാക്കി ഒറ്റക്കെട്ടായി നീങ്ങാന്‍ ഉത്തര, ദക്ഷിണ കൊറിയകള്‍ തമ്മില്‍ ധാരണയിലായി. ഇരുരാജ്യങ്ങളുടെയും ഉന്നതതല ഉദ്യോഗസ്ഥന്‍മാര്‍ തമ്മില്‍ അതിര്‍ത്തി പ്രദേശമായ പാന്‍മുന്‍ജോമില്‍ നടക്കുന്ന ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം. 1950-53 ലെ കൊറിയന്‍ യുദ്ധത്തിനിടെ വേര്‍പ്പെട്ടുപോയ കുടുംബങ്ങളുടെ പുനഃസമാഗമം നേരത്തെ പ്രഖ്യാപിച്ചത് പോലെ ഈ മാസം അവസാനം നടത്താനും തീരുമാനമായി. വ്യവസ്ഥ ലംഘിച്ച് അമേരിക്കയുമായി ചേര്‍ന്ന് ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസം നടത്തിയതിനെ തുടര്‍ന്ന് പുനഃസമാഗമം വൈകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ആരോപണങ്ങളും കുറ്റപ്പെടുത്തലും മാറ്റി നിര്‍ത്തി ഉന്നതതല ഉദ്യോഗസ്ഥര്‍ ക്രിയാത്മകമായ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടതോടെ പ്രശ്‌നങ്ങള്‍ ഒരോന്നും പരിഹരിക്കപ്പെടുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനും വാഗ്വാദങ്ങള്‍ക്കുമൊടുവില്‍ കൊറിയന്‍ മേഖലയെ ശാന്തമാക്കി ബുധനാഴ്ചയാണ് ഇരുരാജ്യങ്ങളിലെയും ഉന്നതതല ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ച ആരംഭിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഉന്നതതല ചര്‍ച്ച നടക്കുന്നത്. ഈ മാസം 20മുതല്‍ 25വരെ നടക്കുന്ന പുനഃസമാഗമത്തിന് ഉത്തര കൊറിയ ആതിഥേയത്വം വഹിക്കും.
അതിനിടെ, ഉത്തര കൊറിയ-ദക്ഷിണ കൊറിയ സമാധാന ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗുമായി കെറി ചര്‍ച്ച ചെയ്തു. ഉത്തര കൊറിയക്ക് പിന്തുണ നല്‍കുന്ന ചൈനയും ദക്ഷിണ കൊറിയക്ക് പിന്തുണ നല്‍കുന്ന അമേരിക്കയും തമ്മിലുള്ള ചര്‍ച്ച നിര്‍ണായകമാണ്.