വാര്‍ത്താ കുറിപ്പിറക്കി ധോണി

Posted on: February 15, 2014 8:03 am | Last updated: February 15, 2014 at 9:03 am

dhoniവെല്ലിംഗ്ടണ്‍: വെസ്റ്റിന്‍ഡീസിനും ആസ്‌ത്രേലിയക്കും ശേഷം ഏകദിന ക്രിക്കറ്റ്‌ലോകകപ്പ് നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമാവുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ഇത് പക്ഷേ ന്യൂസിലാന്‍ഡ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടല്ല ധോണി പറഞ്ഞത്. ഐ പി എല്‍ വിവാദ പശ്ചാത്തലത്തില്‍ വാര്‍ത്താ കുറിപ്പിലൂടെയാണ് ധോണി രംഗത്തെത്തിയത്. ടെസ്റ്റിന് മുന്നോടിയായുള്ള മീഡിയാ കോണ്‍ഫറന്‍സില്‍ നിന്ന് ധോണി മുങ്ങിയത് ചര്‍ച്ചയായിരുന്നു.
ക്രിക്കറ്റ് ചരിത്രത്തില്‍ വെസ്റ്റിന്‍ഡീസിനും ആസ്‌ത്രേലിയക്കും മാത്രമായ സാധ്യമായ നേട്ടമാണ് തുടരെ രണ്ട് ലോകകിരീടങ്ങള്‍. ഏറ്റവും നിലവാരമുള്ള ടീമിന് മാത്രമേ അത് സാധ്യമാകൂ. ഇതിഹാസ ടീമുകള്‍ക്കൊപ്പമെത്താനുള്ള കരുത്ത് ഇന്ത്യക്കുണ്ടെന്ന് ധോണി വിശ്വസിക്കുന്നു. 2011 മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യയുടെ വിജയറണ്‍ കുറിച്ച അതേ ആത്മവിശ്വാസത്തിലാണ് ധോണി. വലിയ ടൂര്‍ണമെന്റുകളില്‍ സമ്മര്‍ദത്തെ അതിജീവിക്കാനുള്ള കഴിവ് കളിക്കാര്‍ക്കുണ്ട്. ഇംഗ്ലണ്ടില്‍ ഐ സി സി ചാമ്പ്യന്‍സ് ട്രോഫി ജയിച്ചത് വിദേശമണ്ണിലും ഇന്ത്യക്ക് തിളങ്ങാനാകുമെന്നതിന്റെ ദൃഷ്ടാന്തമാണെന്ന് ധോണി ചൂണ്ടിക്കാട്ടി.
വിദേശത്ത് പത്ത് ടെസ്റ്റ് പരമ്പരകളും തോറ്റതിന്റെ നാണക്കേടിലാണ് ധോണി. ഇംഗ്ലണ്ടിലും ആസ്‌ത്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ന്യൂസിലാന്‍ഡിലും അങ്ങേയറ്റം തകര്‍ന്നു. പൊരുതാന്‍ പോലുമാകാതെയാണ് പല കളികളും തോറ്റത്. ഇതിനെല്ലാം പുറമെയാണ് ഐ പി എല്‍ വാതുവെപ്പില്‍ ധോണിക്ക് പങ്കുള്ളതായി സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള ക്യാപ്റ്റന്‍മാരുടെ വാര്‍ത്താ സമ്മേളനം ധോണി ഒഴിവാക്കിയിരുന്നു. ശിഖര്‍ ധവാനെ പകരമയച്ച് മാധ്യമങ്ങളില്‍ നിന്നകന്നു നിന്ന ധോണിയുടെ നടപടി ന്യൂസിലാന്‍ഡില്‍ ചൂടുള്ള ചര്‍ച്ചയാണ്.